ജീവനൊടുക്കുമെന്ന സന്ദേശം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച യുവാവിനെ പോലീസ് പിന്തുടര്‍ന്ന് പിടികൂടി

ജീവനൊടുക്കുമെന്ന സന്ദേശം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച യുവാവിനെ പോലീസ് പിന്തുടര്‍ന്ന് പിടികൂടി
ഇന്‍സ്റ്റാഗ്രാമില്‍ ജീവനൊടുക്കുമെന്ന സന്ദേശം പങ്കുവെച്ചതിനുപിന്നാലെ കാണാതായ യുവാവിനെ തിരച്ചിലിനൊടുവില്‍ കണ്ടെത്തി. മലപ്പുറം തിരുവാലി പത്തിരിയാര്‍ സ്വദേശിയായ യുവാവാണ് ജീവനൊടുക്കുമെന്ന സന്ദേശം പോസ്റ്റ് ചെയ്ത് നാട്ടുകാരെയും ബന്ധുക്കളെയും ഭീതിയിലാഴ്ത്തിയത്.

ജീവനൊടുക്കാന്‍ പോവുകയാണെന്ന പോസ്റ്റിനു പിന്നാലെ യുവാവിനെ കാണാതാവുകയും ഫോണില്‍ വിളിച്ചിട്ട് പ്രതികരിക്കാതിരിക്കുകയും ചെയ്തതോടെ ബന്ധുക്കള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ചതില്‍ യുവാവ് എടവണ്ണ സീതി ഹാജി പാലം വരെ എത്തിയതായി വിവരം ലഭിച്ചു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സമീപത്തെ ആശുപത്രിയിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിക്കുകയും, യുവാവ് ആശുപത്രിക്ക് മുന്‍പിലൂടെ ചാലിയാര്‍ പുഴയുടെ തീരത്തിറങ്ങുന്നതായി കണ്ടെത്തുകയും ചെയ്തു. പോലീസും അഗ്‌നിരക്ഷാസേനയും സന്നദ്ധപ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് പാലത്തിലും പരിസരപ്രദേശങ്ങളിലും നടത്തിയ പരിശോധനയില്‍ യുവാവിന്റെ മൊബൈല്‍ ഫോണും വാച്ചും പുഴയുടെ തീരത്തെ പമ്പ് ഹൗസിനു സമീപത്തുനിന്ന് കണ്ടെടുത്തു. സി.സി.ടി.വി. ദൃശ്യങ്ങള്‍ വീണ്ടും പരിശോധിച്ചപ്പോള്‍ ഉച്ചയ്ക്ക് 1.05-ന് പുഴയുടെ തീരത്തേക്ക് പോയ യുവാവ് 1.35-ന് മടങ്ങുന്നതായും വ്യക്തമായി.

ബന്ധുക്കളുടെയും മറ്റും നേതൃത്വത്തില്‍ യുവാവിനെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുന്നതിനിടയില്‍, രാത്രിയോടെ കോഴിക്കോട് കൂളിമാട് വെച്ച് ഇയാളെ കണ്ടെത്തുകയായിരുന്നു. അവശനിലയിലായിരുന്ന യുവാവിനെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Other News in this category



4malayalees Recommends