ബലാത്സംഗത്തിന് കാരണം അവള്‍ തന്നെ ; 30 കാരിയെ കൊണ്ട് തുപ്പല്‍ നക്കിച്ചു ; ഖാപ് പഞ്ചായത്തിന്റെ ക്രൂരത

ബലാത്സംഗത്തിന് കാരണം അവള്‍ തന്നെ ; 30 കാരിയെ കൊണ്ട് തുപ്പല്‍ നക്കിച്ചു ; ഖാപ് പഞ്ചായത്തിന്റെ ക്രൂരത
ബിഹാറില്‍ ബലാത്സംഗത്തിനിരയായ യുവതിയ്ക്ക് നേരെ ഖാപ് പഞ്ചായത്തിന്റെ ക്രൂരത. പീഡനത്തിന് കാരണം യുവതിയാണെന്ന് വിധിച്ച ഖാപ് യുവതിയെ കൊണ്ട് തറയില്‍ നിന്ന് തുപ്പല്‍ നക്കിച്ചതായും പരാതി. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചെങ്കിലും ആധികാരികത സ്ഥിരീകരിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു.യുവതിയെ രണ്ടു തവണ പീഡിപ്പിച്ച കേസില്‍ പ്രധാന പ്രതിക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കി.

മൂന്നു കുട്ടികളുടെ അമ്മയായ യുവതിയെ ഭര്‍ത്താവ് വീട്ടിലില്ലാത്ത സമയം നോക്കി അയല്‍ക്കാരനാണ് ബലാത്സംഗം ചെയ്തത്. ജൂണ്‍ 2നും 4നും ഇയാള്‍ രാത്രി നേരത്ത് യുവതിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി പീഡിപ്പിക്കുകയായിരുന്നു. ജൂണ്‍ 4ന് രണ്ടാമത്തെ അതിക്രമത്തിന് ശേഷം ജനലിലൂടെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടി പഞ്ചായത്തിനെ ഏല്‍പ്പിക്കുകയായിരുന്നു.

എന്നാല്‍ കുറ്റം ചെയ്ത പ്രതിയെ ശിക്ഷിക്കുന്നതിന് പകരം പീഡനത്തിന് കാരണം യുവതിയാണെന്ന് ആരോപിച്ച് പഞ്ചായത്ത് അവരെ അപമാനിക്കുകയായിരുന്നു. നിലത്തുനിന്നും തുപ്പല്‍ നക്കിയെടുക്കാന്‍ നിര്‍ബന്ധിച്ചതായും പരാതിയില്‍ പറയുന്നു. തമിഴ്‌നാട്ടില്‍ ജോലിക്കു പോയ ഭര്‍ത്താവ് തിരിച്ചുവന്നതോടെയാണ് യുവതിക്ക് പൊലീസില്‍ പരാതി നല്‍കാനുള്ള ധൈര്യമുണ്ടായത്. കഴിഞ്ഞ ശനിയാഴ്ചയാണ് യുവതി പരാതി നല്‍കിയത്. പീഡനം നടത്തിയ പ്രധാന പ്രതിക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി ബെഗുസരായ് ഡിഎസ് പി നിഖില്‍ കുമാര്‍ അറിയിച്ചു.

അതേസമയം തുപ്പല്‍ നക്കിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ അന്വേഷണം ഊര്‍ജ്ജിതമാക്കി ഒരാളെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിക്കുന്നു.

Other News in this category



4malayalees Recommends