ഇന്‍സ്റ്റഗ്രാം റീലില്‍ സ്വകാര്യ സ്‌കൂളിനെ പ്രോത്സാഹിപ്പിച്ചെന്ന ആരോപണം; സസ്പെന്‍ഷന് പിന്നാലെ സര്‍ക്കാര്‍ അധ്യാപിക രാജിവെച്ചു

ഇന്‍സ്റ്റഗ്രാം റീലില്‍ സ്വകാര്യ സ്‌കൂളിനെ പ്രോത്സാഹിപ്പിച്ചെന്ന ആരോപണം; സസ്പെന്‍ഷന് പിന്നാലെ സര്‍ക്കാര്‍ അധ്യാപിക രാജിവെച്ചു
ഹൈദരാബാദ്: ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച റീലിന്റെ പേരില്‍ വിവാദത്തിലകപ്പെട്ട തെലങ്കാനയിലെ സര്‍ക്കാര്‍ അധ്യാപിക ഒടുവില്‍ സര്‍വീസില്‍ നിന്ന് രാജിവെച്ചു. സ്വകാര്യ സ്‌കൂളിന്റെ പ്രവേശനം പ്രോത്സാഹിപ്പിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട ഖമ്മം ജില്ലയിലെ മമില്ലഗുഡേം ഹൈസ്‌കൂളിലെ ഇംഗ്ലീഷ് സ്‌കൂള്‍ അസിസ്റ്റന്റായ ഭുക്യ ഗൗതമിയാണ് സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ചത്.സര്‍ക്കാര്‍ സേവനം അവസാനിപ്പിക്കുന്നതായി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച വീഡിയോയിലാണ് അവര്‍ രാജിക്കാര്യം അറിയിച്ചത്. തുടര്‍ച്ചയായ വിമര്‍ശനങ്ങളും സോഷ്യല്‍ മീഡിയ ട്രോളിംഗും ഔദ്യോഗിക തലത്തില്‍ നേരിട്ട അപമാനവും മാനസിക സമ്മര്‍ദവും കാരണം അധ്യാപകജീവിതം തുടരാന്‍ കഴിയാത്ത സാഹചര്യമാണെന്ന് ഗൗതമി വീഡിയോയില്‍ പറഞ്ഞു.

ഈ വര്‍ഷം ജനുവരിയിലാണ് ഗൗതമിക്കെതിരെ നടപടി ഉണ്ടായത്. ഇന്‍സ്റ്റഗ്രാം റീലിലൂടെ ഒരു സ്വകാര്യ സ്‌കൂളിലേക്കുള്ള പ്രവേശനം പ്രോത്സാഹിപ്പിച്ചെന്നും സര്‍ക്കാര്‍ സ്‌കൂളിലെ ചുമതലകളില്‍ വീഴ്ച വരുത്തിയെന്നുമുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ വകുപ്പ് അവരെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.

എന്നാല്‍ ആരോപണങ്ങള്‍ ഗൗതമി നിഷേധിച്ചു. വിവാദമായ റീലുകള്‍ സ്വന്തം വീട്ടില്‍വെച്ചാണ് ചിത്രീകരിച്ചതെന്നും സ്‌കൂള്‍ സമയത്തോ സര്‍ക്കാര്‍ സ്‌കൂള്‍ പരിസരത്തോ ചിത്രീകരിച്ചതല്ലെന്നും അവര്‍ വ്യക്തമാക്കി. പന്ത്രണ്ട് വര്‍ഷത്തോളമായി അധ്യാപികയായി ആത്മാര്‍ഥതയോടെ സേവനമനുഷ്ഠിച്ചിട്ടുണ്ടെന്നും ഔദ്യോഗിക ചുമതലകളില്‍ ഒരിക്കലും വീഴ്ച വരുത്തിയിട്ടില്ലെന്നും അവര്‍ പറഞ്ഞു.

സസ്പെന്‍ഷന്‍ പിന്‍വലിച്ച് തിരിച്ചെടുത്ത ശേഷവും ജില്ലാ വിദ്യാഭ്യാസ ഓഫീസറില്‍ നിന്ന് നിരന്തരമായ അപമാനവും പീഡനവും നേരിടേണ്ടിവന്നതായി ഗൗതമി ആരോപിച്ചു. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ സേവനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്നും അവര്‍ വ്യക്തമാക്കി.

Other News in this category



4malayalees Recommends