പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന ആരോപണം; മുന്‍ ബലാത്സംഗക്കേസിലെ പ്രതിയെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊന്നു, എട്ട് പേര്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന ആരോപണം; മുന്‍ ബലാത്സംഗക്കേസിലെ പ്രതിയെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊന്നു, എട്ട് പേര്‍ അറസ്റ്റില്‍
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ എട്ട് പേരെ ജാര്‍ഖണ്ഡ് പൊലീസ് അറസ്റ്റ് ചെയ്തു. ജാര്‍ഖണ്ഡിലെ ചത്ര ജില്ലയിലാണ് സംഭവം.32-കാരനായ മുഹമ്മദ് എംറോസാണ് കൊല്ലപ്പെട്ടത്. പ്രദേശവാസികളുടെ ആരോപണമനുസരിച്ച്, സ്‌കൂള്‍ വിദ്യാര്‍ഥിനിയെ എംറോസ് തട്ടിക്കൊണ്ടുപോയി സ്വന്തം വീട്ടില്‍ രണ്ട് ദിവസത്തോളം തടവില്‍ പാര്‍പ്പിക്കുകയായിരുന്നു. കാണാതായ പെണ്‍കുട്ടിക്കായി കുടുംബം വ്യാപകമായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.ചൊവ്വാഴ്ച പുലര്‍ച്ചെയോടെയാണ് പെണ്‍കുട്ടി വീട്ടിലെത്തിയത്. തന്നെ എംറോസ് ബന്ദിയാക്കി പാര്‍പ്പിച്ചിരുന്നതായും ലൈംഗികമായി പീഡിപ്പിച്ചെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി കുടുംബത്തോട് പറഞ്ഞു. ഇതോടെ പ്രകോപിതരായ നാട്ടുകാര്‍ എംറോസിന്റെ വീട് വളഞ്ഞ് ആക്രമണം നടത്തുകയായിരുന്നു.

വിവരം അറിഞ്ഞെത്തിയ പൊലീസ് ഗുരുതരമായി പരിക്കേറ്റ എംറോസിനെ ആള്‍ക്കൂട്ടത്തില്‍ നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. ആക്രമണത്തില്‍ എംറോസിന്റെ പിതാവ് സുല്‍ത്താന്‍ മിയാനും പരിക്കേറ്റു.

പെണ്‍കുട്ടിയെ പൊലീസ് സംരക്ഷണത്തിലാക്കിയതായും നിയമാനുസൃതമായ വൈദ്യപരിശോധന ഉള്‍പ്പെടെയുള്ള നടപടികള്‍ ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു. മരിച്ച യുവാവിന്റെ കുടുംബാംഗങ്ങളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

എംറോസിനെതിരെ മുമ്പും ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തിരുന്നുവെന്നും 2023-ല്‍ ജയില്‍വാസം അനുഭവിച്ച ശേഷം ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നുവെന്നുമാണ് പ്രദേശവാസികളുടെ ആരോപണം. എന്നാല്‍ നിലവിലെ കേസുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളും നിയമാനുസൃതമായി അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

Other News in this category



4malayalees Recommends