2026ലെ ആദ്യ ആറുമാസത്തിനിടെ 3,323 ഇന്ത്യന്‍ പൗരന്മാരെ കാനഡ നാടുകടത്തി ; ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്

2026ലെ ആദ്യ ആറുമാസത്തിനിടെ 3,323 ഇന്ത്യന്‍ പൗരന്മാരെ കാനഡ നാടുകടത്തി ; ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്
കാനഡയില്‍ നിന്ന് ഇന്ത്യക്കാരെ നാടുകടത്തുന്ന നടപടികള്‍ ഈ വര്‍ഷം കുത്തനെ വര്‍ധിച്ചു. 2026ലെ ആദ്യ ആറുമാസത്തിനിടെ 3,323 ഇന്ത്യന്‍ പൗരന്മാരെയാണ് കാനഡയില്‍ നിന്ന് പുറത്താക്കിയതെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ പ്രവണത തുടര്‍ന്നാല്‍ കഴിഞ്ഞ ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വാര്‍ഷിക കണക്കായി ഇത് മാറും.

കാനഡ ബോര്‍ഡര്‍ സര്‍വീസ് ഏജന്‍സിയുടെ കണക്കനുസരിച്ച്, 2026 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ പുറത്താക്കിയ ഇന്ത്യക്കാരുടെ എണ്ണം 2025ലെ മുഴുവന്‍ വര്‍ഷത്തെ 3,779 എന്ന റെക്കോര്‍ഡ് കണക്കിന്റെ 88 ശതമാനത്തോളം എത്തിക്കഴിഞ്ഞു.

കാനഡ കുടിയേറ്റനിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുകയും അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍, താല്‍ക്കാലിക വിദേശ തൊഴിലാളികള്‍ തുടങ്ങിയ താല്‍ക്കാലിക താമസക്കാരുടെ എണ്ണം കുറയ്ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പുതിയ കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്.

കുടിയേറ്റ നിയമങ്ങള്‍ പാലിക്കാത്തത്, അഭയാര്‍ഥി അല്ലെങ്കില്‍ അസൈലം അപേക്ഷകള്‍ നിരസിക്കപ്പെടുന്നത്, വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്നത്, വിസ തട്ടിപ്പുകള്‍ എന്നിവയാണ് ഇന്ത്യക്കാരെ നാടുകടത്തുന്നതിനുള്ള പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാല്‍ ഓരോ രാജ്യക്കാരുടെയും നാടുകടത്തലിന്റെ കാരണങ്ങള്‍ പ്രത്യേകം രേഖപ്പെടുത്തുന്ന കണക്കുകള്‍ സിബിഎസ്്എ പ്രസിദ്ധീകരിക്കുന്നില്ല.

2026ന്റെ ആദ്യ പകുതിയില്‍ കാനഡയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ആളുകളെ നാടുകടത്തിയത് ഇന്ത്യക്കാരെയാണ്. 1,573 മെക്‌സിക്കന്‍ പൗരന്മാരാണ് ഇതേ കാലയളവില്‍ പുറത്താക്കപ്പെട്ടത്.കഴിഞ്ഞ അഞ്ച് വര്‍ഷവും കാനഡയില്‍നിന്നുള്ള നാടുകടത്തലില്‍ മെക്‌സിക്കോക്കാരായിരുന്നു ഒന്നാം സ്ഥാനത്ത്. ഇന്ത്യ രണ്ടാം സ്ഥാനത്തായിരുന്നു.

Other News in this category



4malayalees Recommends