അമ്മയുടെ മരണം തനിക്ക് താങ്ങാന്‍ കഴിയാത്ത വേദനയായിരുന്നു, ആ സമയത്ത് ജീവനൊടുക്കാന്‍ തോന്നി ; വെളിപ്പെടുത്തി ഗോവിന്ദ

അമ്മയുടെ മരണം തനിക്ക് താങ്ങാന്‍ കഴിയാത്ത വേദനയായിരുന്നു, ആ സമയത്ത് ജീവനൊടുക്കാന്‍ തോന്നി ; വെളിപ്പെടുത്തി ഗോവിന്ദ
തന്റെ അമ്മയുടെ മരണം തനിക്ക് താങ്ങാന്‍ കഴിയാത്ത വേദനയായിരുന്നു എന്നും ആ സമയത്ത് തനിക്ക് ജീവനൊടുക്കാന്‍ തോന്നിയിരുന്നു എന്നും പറയുകയാണ് നടന്‍ ഗോവിന്ദ. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടായിരുന്നു താരം മനസുതുറന്നത്. 1996 ജൂണ്‍ 15-നാണ് ഗോവിന്ദയുടെ അമ്മയും പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞയുമായിരുന്ന നിര്‍മ്മല ദേവി അന്തരിച്ചത്.

'എനിക്ക് ധാരാളം വേദനകളുണ്ടായിരുന്നു. ആ ഘട്ടത്തില്‍, എല്ലാം അവസാനിച്ചുവെന്ന് എനിക്ക് തോന്നി, അത്രയേ ഉള്ളൂ. ഞാന്‍ നര്‍മ്മദ നദിയിലായിരുന്നു. നദിയിലേക്ക് കുറച്ചുകൂടി മുന്നോട്ട് പോയാല്‍ എന്റെ അമ്മയെ വീണ്ടും കണ്ടുമുട്ടാന്‍ കഴിയുമെന്ന് ഞാന്‍ കരുതി. അങ്ങനെ ഞാന്‍ പോയി. ഞാന്‍ അമ്മയോട് അഗാധമായി അടുത്തിരുന്നു. ഞാന്‍ അവരെ അത്രയധികം സ്‌നേഹിച്ചിരുന്നു', ഗോവിന്ദ പറഞ്ഞു.

'നദിയില്‍ എന്നെ കണ്ട ഒരു പുരോഹിതന്‍ വിളിക്കുകയും അടുത്തേക്ക് വന്ന് കരയിലേക്ക് കയറാന്‍ സഹായിക്കുകയും ചെയ്തു. താന്‍ ചെയ്യുന്നത് തെറ്റായ കാര്യമാണെന്ന് തിരിച്ചറിയാന്‍ ഈ കൂടിക്കാഴ്ച സഹായിച്ചു. തന്റെ മക്കള്‍ക്കായി ജീവിക്കേണ്ടതുണ്ടെന്ന വലിയൊരു തിരിച്ചറിവാണ് ആ നിമിഷം നല്‍കിയത്. ആ മാനസികാവസ്ഥയില്‍നിന്ന് കരകയറാനും ജീവിതത്തില്‍ പുതിയ ലക്ഷ്യബോധം കണ്ടെത്താനും 15 ദിവസത്തിലധികം എടുത്തു'. ഈ അനുഭവം സിനിമകളെയും അഭിനയത്തെയും താരപ്പകിട്ടിനെയുംകുറിച്ചുള്ള കാഴ്ചപ്പാട് മാറ്റിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രംഗീല രാജ ആണ് അവസാനമായി പുറത്തുവന്ന ഗോവിന്ദ ചിത്രം.

Other News in this category



4malayalees Recommends