'അധികം വൈകാതെ ചവറ്റുകുട്ടയില്‍ ഒളിക്കേണ്ടിവരും'; രഹസ്യയാത്രയില്‍ ട്രംപിനെ പരിഹസിച്ച് ഇറാനിയന്‍ മാധ്യമങ്ങള്‍ ; ട്രംപിനെ പരിഹസിച്ചുള്ള മീമുകളടക്കം പങ്കുവച്ച് എംബസി

'അധികം വൈകാതെ ചവറ്റുകുട്ടയില്‍ ഒളിക്കേണ്ടിവരും'; രഹസ്യയാത്രയില്‍ ട്രംപിനെ പരിഹസിച്ച് ഇറാനിയന്‍ മാധ്യമങ്ങള്‍ ;  ട്രംപിനെ പരിഹസിച്ചുള്ള മീമുകളടക്കം പങ്കുവച്ച് എംബസി
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പരിഹസിച്ച് ഇറാനിയന്‍ മാധ്യമങ്ങളും ദക്ഷിണാഫ്രിക്കയിലെ ഇറാന്‍ എംബസിയും. തുര്‍ക്കിയില്‍നിന്ന് മടങ്ങുന്നതിനിടെ യുഎസ് പ്രസിഡന്റ് എയര്‍ഫോഴ്‌സ് വണ്‍ വിമാനം ഉപേക്ഷിച്ച് മറ്റൊരു വിമാനത്തില്‍ രഹസ്യയാത്ര നടത്തിയതിലാണ് ഇറാനിയന്‍ ഔദ്യോഗിക മാധ്യമങ്ങളുടെ പരിഹാസം. ഇറാന്റെ സൈനിക ശക്തിയെ ഭയന്നാണ് ട്രംപ് രഹസ്യമായി വിമാനം മാറിക്കയറി യാത്രചെയ്തതെന്നായിരുന്നു ഇറാനിലെ സര്‍ക്കാര്‍ ടെലിവിഷനിലെ അവതാരകന്‍ പറഞ്ഞത്. ഇത് ട്രംപിന് വലിയ നാണക്കേടായി മാറിയെന്നും ഇറാനിലെ ഔദ്യോഗിക മാധ്യമങ്ങള്‍ പറഞ്ഞു.

ദക്ഷിണാഫ്രിക്കയിലെ ഇറാന്‍ എംബസിയും വിഷയത്തില്‍ ട്രംപിനെ പരിഹസിച്ച് രംഗത്തെത്തി. ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ ട്രംപിനെ പരിഹസിച്ചുള്ള മീമുകളടക്കം എംബസി പങ്കുവെയ്ക്കുകയും ചെയ്തു. യുഎസ് പ്രസിഡന്റ് കാറ്ററിങ് ബോക്‌സിനുള്ളില്‍ ഒളിച്ചിരിക്കുന്ന എഐ നിര്‍മിത ചിത്രമാണ് എംബസി പങ്കുവെച്ചത്. അധികം വൈകാതെ ചവറ്റുകുട്ടയില്‍ ഒളിക്കേണ്ടിവരുമെന്ന കുറിപ്പും ഇതിനോടൊപ്പമുണ്ടായിരുന്നു.

തുര്‍ക്കിയില്‍ നാറ്റോ ഉച്ചകോടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ഇറാന്റെ വധഭീഷണിയെത്തുടര്‍ന്ന് ട്രംപ് വിമാനം മാറിക്കയറി ബ്രിട്ടനിലേക്ക് സഞ്ചരിച്ചത്. അങ്കാറ വിമാനത്താവളത്തില്‍നിന്ന് എല്ലാവര്‍ക്കും മുന്നില്‍വെച്ച് എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തില്‍ കയറിയ ട്രംപിനെ വിമാനത്തില്‍നിന്ന് രഹസ്യമായി പുറത്തിറക്കി കാറ്ററിങ് ട്രക്കിലേക്ക് കയറ്റിയെന്നും പിന്നീട് മറ്റൊരു സൈനിക വിമാനത്തിലേക്ക് മാറ്റിയെന്നുമായിരുന്നു വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട്. തുടര്‍ന്ന് ഈ വിമാനത്തിലാണ് ട്രംപ് ബ്രിട്ടനിലേക്ക് യാത്രചെയ്തതെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

Other News in this category



4malayalees Recommends