പാക് മുന്‍ മന്ത്രി യുവതിയെ പരിചയപ്പെട്ടത് സോഷ്യല്‍ മീഡിയയില്‍, വീഡിയോ കോളിലൂടെ കല്യാണം ; ഒടുവില്‍ എഐ ഫോട്ടോ കാണിച്ച് വഞ്ചിച്ചെന്നു പരാതി

പാക് മുന്‍ മന്ത്രി യുവതിയെ പരിചയപ്പെട്ടത് സോഷ്യല്‍ മീഡിയയില്‍, വീഡിയോ കോളിലൂടെ കല്യാണം ; ഒടുവില്‍ എഐ ഫോട്ടോ കാണിച്ച് വഞ്ചിച്ചെന്നു പരാതി
സോഷ്യല്‍ മീഡിയ പ്രണയത്തിനൊടുവില്‍ വീഡിയോ കോളിലൂടെ വിവാഹം കഴിച്ച യുവതി തന്നെ എഐ ചിത്രങ്ങള്‍ കാണിച്ച് വഞ്ചിച്ചെന്ന ആരോപണവുമായി പാകിസ്ഥാന്‍ മുന്‍ മന്ത്രി. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട് എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ഉണ്ടാക്കിയ വ്യാജ ചിത്രങ്ങള്‍ കാണിച്ച് തന്നെ വിശ്വസിപ്പിച്ച് വിവാഹം കഴിച്ചുവെന്ന് ആരോപിച്ച് മുന്‍ പാകിസ്താന്‍ സിന്ധ് പ്രവിശ്യാ മന്ത്രി ഗുലാം റസൂല്‍ ഉനര്‍ ആണ് മുന്‍ ഭാര്യയ്ക്കെതിരെ നിയമനടപടിക്കൊരുങ്ങുന്നത്. മുന്‍ഭാര്യ റസിയ അര്‍ബാബിനെതിരെ ഇലക്ട്രോണിക് കുറ്റകൃത്യങ്ങള്‍ തടയല്‍ നിയമം അനുസരിച്ച് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗുലാം റസൂല്‍ കറാച്ചിയിലെ സെഷന്‍സ് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു.

തന്റേതെന്നു കാട്ടി എഐ ഉപയോഗിച്ച് നിര്‍മിച്ച ചിത്രങ്ങളിലൂടെ റസിയ അര്‍ബാബ്, ഗുലാം റസൂല്‍ ഉന്നാറിനെ ഈ ബന്ധത്തിലേക്ക് എത്തിക്കുകയായിരുന്നുവെന്നാണ് എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വാദിച്ചു. സംഭവത്തില്‍ പരാതിക്കാരന്റെ ഹര്‍ജി പരിഗണിച്ച കോടതി കറാച്ചിയിലെ ഡിഫന്‍സ് എസ്.എച്ച്.ഒ, പൊലീസിന്റെ പരാതി പരിഹാര സെല്‍ എസ്.പി എന്നിവര്‍ക്ക് നോട്ടീസ് അയക്കുകയും ഓഗസ്റ്റ് 17-നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. സോഷ്യല്‍ മീഡിയ വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. വീഡിയോ കോളിനിടെ യുവതിയോട് നേരിട്ട് മുഖം കാണിക്കാന്‍ ആവശ്യപ്പെട്ടപ്പോഴെല്ലാം ഇവര്‍ എഐ ഉപയോഗിച്ച് ഉണ്ടാക്കിയ ചിത്രങ്ങളാണ് അയച്ചുനല്‍കിയിരുന്നതെന്നാണ് മുന്‍ മന്ത്രി പറയുന്നത്.

2026 ഫെബ്രുവരി 23-ന് വീഡിയോ കോള്‍ വഴിയായിരുന്നു ഇവരുടെ വിവാഹം. വിവാഹസമയത്തും യുവതി നിഖാബ് ധരിച്ചിരുന്നുവെന്ന് ഹര്‍ജിയില്‍ പറയുന്നു. വിവാഹശേഷം നേരിട്ട് കണ്ടപ്പോഴാണ് തനിക്ക് നല്‍കിയ ചിത്രങ്ങളിലെ ആളല്ല ഇതെന്ന് ഗുലാം റസൂല്‍ തിരിച്ചറിയുന്നത്. തുടര്‍ന്ന് ഇരുവരും അകല്‍ച്ചയിലായി. ഇതിനിടെ മുന്‍ എം.പി.എ മരണപ്പെട്ടുവെന്ന് കാണിച്ച് യുവതി സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം നടത്തി. തുടര്‍ന്ന് ഓഗസ്റ്റ് 2-ന് ഗുലാം റസൂല്‍ യുവതിയെ വിവാഹമോചനം ചെയ്തു. വിവാഹമോചനത്തിന് ശേഷം യുവതി കോടിക്കണക്കിന് രൂപ ആവശ്യപ്പെട്ടുവെന്നും ഭീഷണിപ്പെടുത്തിയെന്നും ഗുലാം റസൂല്‍ പരാതിയില്‍ ആരോപിക്കുന്നു. സംഭവത്തില്‍ നാഷണല്‍ സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയിലും മുന്‍ മന്ത്രിയായ ഗുലാം റസൂല്‍ പരാതി നല്‍കിയിട്ടുണ്ട്.

Other News in this category



4malayalees Recommends