എല്ലാ രാത്രിയും 30 മുതല്‍ 40 വരെ ആളുകളെ വധിക്കണം, ഗാസയില്‍ കൂട്ടക്കൊല നടത്തണമെന്ന് ഇസ്രയേല്‍ മന്ത്രി

എല്ലാ രാത്രിയും 30 മുതല്‍ 40 വരെ ആളുകളെ വധിക്കണം, ഗാസയില്‍ കൂട്ടക്കൊല നടത്തണമെന്ന് ഇസ്രയേല്‍ മന്ത്രി
പലസ്തീന്‍ ജനതയ്‌ക്കെതിരെ വീണ്ടും വിവാദ പ്രസ്താവനയുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭരണസഖ്യത്തിലെ തീവ്രവലതുപക്ഷ നേതാവും ദേശീയ സുരക്ഷാ മന്ത്രിയുമായ ഇറ്റാമര്‍ ബെന്‍-ഗ്വിര്‍. ഗാസയില്‍ എല്ലാ രാത്രിയും 30 മുതല്‍ 40 വരെ ആളുകളെ വധിക്കണമെന്ന് അദ്ദേഹം പരസ്യമായി ആവശ്യപ്പെട്ടു. ഹമാസ് മുന്‍പ് ബന്ദിയാക്കിയ റോം ബ്രാസ്ലാവ്‌സ്‌കിയുമായി നടത്തിയ ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിലാണ് ബെന്‍-ഗ്വിര്‍ ഈ പ്രസ്താവന നടത്തിയത്.

ഗാസയിലെ ആക്രമണങ്ങളുടെ വ്യാപ്തി കുറച്ചതിലുള്ള തന്റെ വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ടാണ് ബെന്‍-ഗ്വിര്‍ സംസാരിച്ചത്. തീവ്രവാദികള്‍ ഒഴികെയുള്ള പലസ്തീനികളെ ഗാസയില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് കൂട്ടത്തോടെ നാടുകടത്തണം. ഗാസ പൂര്‍ണ്ണമായും ഇസ്രയേല്‍ കൈയ്യേറണം. ഇവിടെ കുടിയേറ്റങ്ങള്‍ നടത്തണം. ഇസ്രയേലിന് ഭീഷണി ഉയര്‍ത്തുന്നവരെയും ജീവിച്ചിരിക്കാന്‍ അര്‍ഹതയില്ലാത്ത മറ്റു ആളുകള്‍ക്ക് എതിരെയും എല്ലാ രാത്രികളിലും ആക്രമണം നടത്തണം. ഗാസയിലെ ജനങ്ങള്‍ മനുഷ്യര്‍ പോലുമല്ലെന്നും ജീവിക്കാന്‍ അര്‍ഹരല്ലെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.

സൈന്യത്തിനുമേല്‍ ബെന്‍-ഗ്വിറിന് നേരിട്ട് അധികാരമില്ല. എന്നാല്‍ ഇസ്രായേല്‍ ദേശീയ പോലീസിന്റെയും ഫലസ്തീന്‍ തടവുകാരുള്ള ജയിലുകളുടെയും ചുമതല ഇദ്ദേഹത്തിനാണ്. രാജ്യത്തെ ഏറ്റവും സ്വാധീനമുള്ള നേതാക്കളിലൊരാളാണ്. മുമ്പും വംശഹത്യയെ പിന്തുണയ്ക്കുന്ന പ്രസ്താവനകളുടെ പേരില്‍ കടുത്ത വിമര്‍ശനം നേരിട്ടിട്ടുള്ള ബെന്‍-ഗ്വിറിന്റെ ഇപ്പോഴത്തെ പ്രതികരണം, ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ഇസ്രായേല്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണെന്നും വിലയിരുത്തപ്പെടുന്നു.

Other News in this category



4malayalees Recommends