സൗദി അറേബ്യ, തുര്‍ക്കി, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ തമ്മില്‍ അടുത്തിടെ ഒപ്പുവെച്ച 'മെക്ക ജോയിന്റ് ഡിഫന്‍സ് അഗ്രിമെന്റ്' പ്രാദേശിക സുരക്ഷയ്ക്കും സ്വയംപര്യാപ്തതയ്ക്കുമുള്ള വലിയ ചുവടുവയ്പ്പാണെന്ന് സ്വാഗതം ചെയ്ത് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. സൗദിയും തുര്‍ക്കിയും പാകിസ്ഥാനും ചേര്‍ന്ന് ഈ കരാറില്‍ ഒപ്പുവെച്ചതില്‍ താന്‍ വളരെ സന്തോഷവാനാണെന്ന് ട്രംപ് അദ്ദേഹത്തിന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ കുറിച്ചു. മിഡില്‍ ഈസ്റ്റ് ഒന്നിച്ചു വരുന്നതിന്റെ തെളിവാണിതെന്നും കൂടുതല്‍ അര്‍ത്ഥവത്തായ രീതിയില്‍ സ്വന്തമായി പ്രതിരോധം തീര്‍ക്കാന്‍ രാജ്യങ്ങള്‍ക്ക് സാധിക്കുമെന്നും വ്യക്തമാക്കിയ അദ്ദേഹം ഈ കരാറിനെ 'വലുതും ധീരവും സുപ്രധാനവുമായ ആദ്യ ചുവടുവയ്പ്പ്' എന്നാണ് വിശേഷിപ്പിച്ചത്.
ഓഗസ്റ്റ് 7ന് മെക്കയില്‍ വെച്ച് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍, തുര്‍ക്കി പ്രസിഡന്റ് റജപ് തയ്യിപ് എര്‍ദോഗന്‍, പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് എന്നിവര്‍ ചേര്‍ന്നാണ് മെക്ക ജോയിന്റ് ഡിഫന്‍സ് അഗ്രിമെന്റില്‍ ഒപ്പുവെച്ചത്. കൂട്ടായ പ്രതിരോധത്തിനും വിപുലമായ സൈനിക-സുരക്ഷാ സഹകരണത്തിനുമുള്ള ചട്ടക്കൂടാണ് ഈ കരാറിലൂടെ രൂപീകരിച്ചിരിക്കുന്നത്. കരാര്‍ പ്രകാരം ഈ മൂന്ന് രാജ്യങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ നടത്തുന്ന സായുധ ആക്രമണം മറ്റ് രണ്ട് രാജ്യങ്ങള്‍ക്ക് നേരെയും നടന്ന ആക്രമണമായി കണക്കാക്കും. കൂടാതെ അടുത്ത സൈനിക ഏകോപനം, സംയുക്ത പരിശീലനങ്ങള്‍, പ്രതിരോധ സാങ്കേതികവിദ്യ, സൈനിക വ്യവസായങ്ങള്‍ എന്നിവയിലെ സഹകരണവും കരാര്‍ ലക്ഷ്യമിടുന്നു.
മിഡില്‍ ഈസ്റ്റിലെ വര്‍ദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങള്‍ക്കും പ്രാദേശിക സുരക്ഷാ ആശങ്കകള്‍ക്കും ഇടയിലാണ് ഈ നീക്കം. തങ്ങളുടെ കൂട്ടായ്മ പ്രതിരോധ സ്വഭാവമുള്ളതാണെന്നും ഒരു സൈനിക അല്ലെങ്കില്‍ വിഭാഗീയ ഗ്രൂപ്പ് രൂപീകരിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ലെന്നും മൂന്ന് രാജ്യങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. കരാര്‍ പ്രകാരം ഇറാനും യുണൈറ്റഡ് സ്റ്റേറ്റ്‌സും തമ്മിലുള്ള സംഘര്‍ഷം പരിഹരിക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങളെ പിന്തുണയ്ക്കാനും സൗദിയും തുര്‍ക്കിയും പാകിസ്ഥാനും പ്രതിജ്ഞാബദ്ധരാണ്. വ്യാപിപ്പിക്കുന്ന ഈ ക്രമീകരണത്തില്‍ ഈജിപ്ത് കൂടി ചേരാന്‍ സാധ്യതയുണ്ടെന്ന് തുര്‍ക്കി പ്രസിഡന്റ് റജപ് തയ്യിപ് എര്‍ദോഗന്‍ പറഞ്ഞു.