16 ന് രാത്രി 16 മിനിറ്റ് 16 രൂപയ്ക്ക് വസ്ത്രങ്ങള്‍ .. ആയിരങ്ങള്‍ കടയിലേക്ക്; തിരക്ക് നിയന്ത്രിക്കാനാവാതെ പൊലീസ്

16 ന് രാത്രി 16 മിനിറ്റ് 16 രൂപയ്ക്ക് വസ്ത്രങ്ങള്‍ .. ആയിരങ്ങള്‍ കടയിലേക്ക്; തിരക്ക് നിയന്ത്രിക്കാനാവാതെ പൊലീസ്
16 രൂപയ്ക്ക് വസ്ത്രങ്ങള്‍ വാങ്ങാന്‍ ഓഫറുണ്ടെന്ന് അറിഞ്ഞ് ആയിരക്കണക്കിന് ആളുകള്‍ വസ്ത്രവ്യാപാരശാലയിലെത്തി. ഉത്തര്‍പ്രദേശിലെ കന്‍പൂരിലാണ് സംഭവം. ആളുകള്‍ തിങ്ങിനിറങ്ങിയതോടെ പൊലീസിന് നിയന്ത്രിക്കാന്‍ കഴിയാതെയായി. 16 മിനിറ്റ് നീണ്ടുനില്‍ക്കുന്ന പ്രത്യേക ഷോപ്പിങ് ഓഫറായിരുന്നു കട ഉടമ പ്രഖ്യാപിച്ചത്. എന്നാല്‍ 16 രൂപയുടെ ഓഫറില്‍ വസ്ത്രങ്ങള്‍ വാങ്ങാന്‍ ആയിരക്കണക്കിന് ആളുകള്‍ തെരുവിലേക്കെത്തി. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ ഒടുവില്‍ പോലീസ് ഇടപെട്ട് ജനങ്ങളെ ഒഴിപ്പിച്ചു.

തിരക്കേറിയ ആലം മാര്‍ക്കറ്റില്‍ ഓഗസ്റ്റ് 15ന് രാത്രിയിലാണ് സംഭവം. റയീസ് ആലം എന്നയാളുടെ ഉടമസ്ഥതയിലുള്ള കടയിലാണ് ഓഫര്‍ പ്രഖ്യാപിച്ചത്. റയീസ് ആലമിന്റെ മകന്റെ പിറന്നാളിനോടനുബന്ധിച്ചായിരുന്നു പ്രത്യേക ഓഫര്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് ആലം വ്യത്യസ്തമായ ഓഫര്‍ പ്രഖ്യാപിച്ചത്. രാത്രി 11.59 മുതല്‍ 16 മിനിറ്റ് നേരത്തേക്ക് സ്യൂട്ട്, ജീന്‍സ്, ഷര്‍ട്ട് ഉള്‍പ്പെടെയുള്ള റെഡിമെയ്ഡ് വസ്ത്രങ്ങള്‍ വെറും 16 രൂപയ്ക്ക് വാങ്ങാമെന്നായിരുന്നു ഓഫര്‍.

ഓഫര്‍ സോഷ്യല്‍ മീഡിയയില്‍ അതിവേഗം പ്രചരിച്ചതോടെ സമീപ പ്രദേശങ്ങളില്‍ നിന്ന് മാത്രമല്ല കിലോമീറ്ററുകള്‍ അകലെയുള്ള സ്ഥലങ്ങളില്‍ നിന്നുപോലും ആളുകള്‍ എത്തി. രാത്രി 11.30ഓടെ കടയ്ക്ക് മുന്നില്‍ ആയിരക്കണക്കിന് ആളുകള്‍ തടിച്ചുകൂടി. തിരക്ക് റോഡിലേക്കും വ്യാപിച്ചതോടെ കടയിലേക്ക് എത്താന്‍ ആളുകള്‍ പരസ്പരം തള്ളിക്കയറുന്ന സ്ഥിതിയുണ്ടായി.

തിരക്ക് വര്‍ധിച്ചതോടെ കടയ്ക്ക് മുന്നില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. ജനക്കൂട്ടത്തിനിടയിലൂടെ നീങ്ങുന്നതിനിടെ നിരവധി പേര്‍ക്ക് വീണ് പരിക്കേറ്റു. ചിലര്‍ പരിഭ്രാന്തരായി ഓടിയതോടെ റോഡില്‍ ചെരിപ്പുകള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ചിതറിവീണു. പന്ത്രണ്ടോളം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.

വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. തിരക്ക് നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടായതോടെ പോലീസ് മൈക്കിലൂടെ ജനങ്ങളോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ലാത്തി ഉപയോഗിച്ച് ജനക്കൂട്ടത്തെ പിന്നോട്ട് മാറ്റി. പ്രദേശത്ത് പോലീസ് മാര്‍ച്ച് നടത്തുകയും ആളുകളോട് വീടുകളിലേക്ക് മടങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു.

ആവശ്യമായ അനുമതിയില്ലാതെയാണ് ഓഫര്‍ പ്രഖ്യാപിച്ചതെന്നും ഇതുവഴി ക്രമസമാധാന പ്രശ്‌നമുണ്ടായെന്നും പോലീസ് പറഞ്ഞു. നിയന്ത്രിക്കാനാവാത്തവിധം തിക്കും തിരക്കും അനുഭവപ്പെട്ടതിനാല്‍ റയീസ് ആലത്തിനെതിരെ നിയമനടപടി സ്വീകരിക്കാനാണ് പൊലീസിന്റെ തീരുമാനം.

Other News in this category



4malayalees Recommends