യുകെ മലയാളികള്‍ക്ക് അഭിമാനം; പത്തനംതിട്ട സ്വദേശി ആശിഷ് മാത്യു നീധം മാര്‍ക്കറ്റ് ടൗണ്‍ കൗണ്‍സിലര്‍

യുകെ മലയാളികള്‍ക്ക് അഭിമാനം; പത്തനംതിട്ട സ്വദേശി ആശിഷ് മാത്യു നീധം മാര്‍ക്കറ്റ് ടൗണ്‍ കൗണ്‍സിലര്‍
ലണ്ടന്‍: യുകെ മലയാളികള്‍ക്ക് അഭിമാനമായി പത്തനംതിട്ട സ്വദേശി ആശിഷ് മാത്യു. സഫോക്ക് കൗണ്ടിയിലെ നീധം മാര്‍ക്കറ്റ് ടൗണ്‍ കൗണ്‍സിലറായി ആശിഷ് മാത്യു തെരഞ്ഞെടുക്കപ്പെട്ടു. കൗണ്‍സിലിലെ ഒരു ഒഴിവിനെ തുടര്‍ന്നുള്ള കോ-ഓപ്ഷന്‍ നടപടിയിലൂടെയാണ് ആശിഷ് കൗണ്‍സിലറായത്.ജനങ്ങളുമായി കൂടുതല്‍ അടുത്ത് ഇടപഴകുകയും അവരുടെ അഭിപ്രായങ്ങളും ആവശ്യങ്ങളും കൗണ്‍സിലിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്യുകയാണ് പ്രധാന ലക്ഷ്യമെന്ന് ആശിഷ് പറഞ്ഞു. നീധം മാര്‍ക്കറ്റ് ടൗണിന്റെ ആവശ്യങ്ങള്‍ക്കും വികസനത്തിനും മുന്‍ഗണന നല്‍കുമെന്നും അടിസ്ഥാന സൗകര്യ വികസനത്തില്‍ സജീവമായി ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൗണ്‍സിലര്‍ സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ചപ്പോള്‍ ആശിഷ് അപേക്ഷ സമര്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് കോ-ഓപ്ഷന്‍ നടപടികളിലൂടെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. നാട്ടിലെ ഉപതെരഞ്ഞെടുപ്പിന് സമാനമായ സാഹചര്യത്തിലാണ് ഈ സ്ഥാനത്തേക്ക് എത്തിയതെന്നും ആശിഷ് പറഞ്ഞു.

യുകെയില്‍ ഇപ്സ്വിച്ചിലാണ് ആശിഷ് താമസിക്കുന്നത്. ഭാര്യ ജെസിക്കും മകള്‍ ആദിയയ്ക്കുമൊപ്പമാണ് കുടുംബജീവിതം. ജോലിക്കൊപ്പം സാമൂഹിക സേവന രംഗത്ത് സജീവമാകുന്നതിന് കുടുംബത്തിന്റെ പൂര്‍ണ പിന്തുണയുണ്ടെന്നും ആശിഷ് പറഞ്ഞു.

യുകെയിലെത്തുന്ന മലയാളികള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങളില്‍ ഇടപെടാനും സാധ്യമായ സഹായങ്ങള്‍ നല്‍കാനും ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജോലി, വീസ തുടങ്ങിയ വിഷയങ്ങളിലാണ് മലയാളികള്‍ പ്രധാനമായും ബുദ്ധിമുട്ടുകള്‍ നേരിടുന്നത്. ടൗണ്‍ കൗണ്‍സിലര്‍ എന്ന നിലയില്‍ അധികാരപരമായ പരിമിതികള്‍ ഉണ്ടെങ്കിലും സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്നും പ്രത്യേകിച്ച് പ്രദേശത്തെ മലയാളികളുടെ പ്രശ്നങ്ങളില്‍ സജീവമായി ഇടപെടുമെന്നും ആശിഷ് പറഞ്ഞു.

ജനങ്ങളുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുകയും അവരുടെ ആവശ്യങ്ങള്‍ കൗണ്‍സിലില്‍ ഉന്നയിക്കുകയും ചെയ്യുന്നതിനൊപ്പം നീധം മാര്‍ക്കറ്റിന്റെ അടിസ്ഥാന വികസനത്തിനും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം നല്‍കാനാണ് ആശിഷിന്റെ തീരുമാനം.

Other News in this category



4malayalees Recommends