കരുവാറ്റയിലെ വയോധികന്റെ കൊലപാതക കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ബന്ധുവായ 13 കാരി ഒരു ചോദ്യത്തില്‍ മാത്രം പൊട്ടിക്കരഞ്ഞു ; പിടിയിലായ കൗമാരക്കാരുടെ കുടുംബത്തിലും പ്രശ്‌നങ്ങളുണ്ടായിരുന്നതായി റിപ്പോര്‍ട്ട്

കരുവാറ്റയിലെ വയോധികന്റെ കൊലപാതക കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ബന്ധുവായ 13 കാരി ഒരു ചോദ്യത്തില്‍ മാത്രം പൊട്ടിക്കരഞ്ഞു ; പിടിയിലായ കൗമാരക്കാരുടെ കുടുംബത്തിലും പ്രശ്‌നങ്ങളുണ്ടായിരുന്നതായി റിപ്പോര്‍ട്ട്
കരുവാറ്റയിലെ വയോധികന്റെ കൊലപാതക കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ബന്ധുവായ 13 കാരി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു. മാതാപിതാക്കളുടെ സ്‌നേഹം അറിഞ്ഞിട്ടില്ലെന്ന് പൊലീസിനോട് മുഖ്യാസൂത്രകയായ പെണ്‍കുട്ടി പറഞ്ഞു. ചോദ്യം ചെയ്യലില്‍ ഉടനീളം ഒരു ഭാവഭേദവും ഇല്ലാതിരുന്ന പെണ്‍കുട്ടി വീട്ടിലെ സാഹചര്യത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് പൊട്ടിക്കരഞ്ഞത്. കൗമാരക്കാരുടെ കുടുംബാന്തരീക്ഷവും സാമൂഹിക സാഹചര്യങ്ങളും ക്രൂരകൃത്യത്തില്‍ സ്വാധീനിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

കുട്ടിയുടെ മാതാപിതാക്കള്‍ നിയമപരമായി വേര്‍പിരിഞ്ഞവരാണ്. വിദേശത്ത് ജോലി ചെയ്യുന്ന അമ്മ ഇടയ്ക്ക് 10 ദിവസത്തേക്ക് നാട്ടില്‍ വന്നുപോകും. നാട്ടില്‍ ബന്ധുക്കളുടെ കൂടെയാണ് 13കാരി താമസിച്ചിരുന്നത്. കൊലപാതകത്തിന്റെ ഭാഗമായ മറ്റുള്ള കൌമാരക്കാരിലും കുടുംബാന്തരീക്ഷത്തില്‍ പ്രശ്‌നങ്ങളുണ്ടെന്ന് പൊലീസ് പറയുന്നു. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കാളികളായ മൂന്ന് പേരെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. 13കാരിയെ ഇന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കും.

65 വയസ്സുകാരനായ ശിവന്‍കുട്ടിയെ കരുവാറ്റ മാടപ്പുരയ്ക്കലുള്ള വാടക വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത് കഴിഞ്ഞ ദിവസമാണ്. കൊലപാതകത്തിന് പിന്നില്‍ ശിവന്‍കുട്ടിയുടെ ബന്ധുവായ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയും പ്രായപൂര്‍ത്തിയാകാത്ത മറ്റു മൂന്ന് ആണ്‍ സുഹൃത്തുക്കളുമാണെന്ന് പൊലീസ് കണ്ടെത്തി. ശിവന്‍കുട്ടിയും ഭാര്യയും ഇളയ മകളും 13കാരിയും ഈ വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ശിവന്‍കുട്ടിയുടെ ഭാര്യ മകളുടെ പ്രസവവുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ പോയ സമയത്ത് 13കാരി ഒരു സുഹൃത്തിന്റെ വീട്ടിലേക്ക് മാറി താമസിച്ചു. ശിവന്‍കുട്ടി വീട്ടില്‍ ഒറ്റയ്ക്കായ സമയത്ത് വീട്ടില്‍ കയറി മോഷണം നടത്തി സ്വര്‍ണ്ണം കവരണമെന്ന നിര്‍ദ്ദേശം 13കാരി കൊല്ലം സ്വദേശികളായ മൂന്ന് കൗമാരക്കാര്‍ക്ക് നല്‍കിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

മൂന്ന് പേരും ശനിയാഴ്ച രാത്രി വീട്ടിലെത്തി ശിവന്‍കുട്ടിയെ കൊന്നു. കൊലപാതക ദൃശ്യങ്ങള്‍ വീഡിയോ കോളിലൂടെ പെണ്‍കുട്ടിയെ കാണിച്ചു. വീട്ടില്‍ ഉണ്ടായിരുന്ന സ്വര്‍ണവുമായി മടങ്ങിയെന്നാണ് പൊലീസ് കണ്ടെത്തല്‍. പെണ്‍കുട്ടിക്ക് മൊബൈല്‍ ഫോണും കൊലപാതകത്തില്‍ പങ്കാളികളായ മറ്റു മൂന്നു കൗമാരക്കാര്‍ക്കും ബൈക്കും വാങ്ങാനുള്ള പണം സമാഹരിക്കാന്‍ ആണ് മോഷണവും കൊലപാതകവും ആസൂത്രണം ചെയ്തത് എന്ന് പൊലീസ് കരുതുന്നു. എന്നാല്‍ ശിവന്‍കുട്ടിയോട് തനിക്ക് മുന്‍വൈരാഗ്യം ഉണ്ടായിരുന്നെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. തന്നെ വയോധികന്‍ മോശമായി സ്പര്‍ശിച്ചു എന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പക്ഷേ മുന്‍ വൈരാഗ്യത്തിന് കുട്ടി പറഞ്ഞ കാരണങ്ങള്‍ പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. കൊലപാതകത്തിലെ മുഖ്യ ആസൂത്രക 13 കാരി തന്നെയാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

Other News in this category



4malayalees Recommends