വൃഷണം വിറ്റാല്‍ ഒന്നേകാല്‍ കോടിയോളം രൂപ കിട്ടുമെന്ന ഇന്‍സ്റ്റഗ്രാം റീല്‍ വിശ്വസിച്ച് അഞ്ചു പേര്‍ ചേര്‍ന്ന് കൗമാരക്കാരനെ കുത്തി കൊലപ്പെടുത്തി ; ഞെട്ടിക്കുന്ന ക്രൂരത മധ്യപ്രദേശില്‍

വൃഷണം വിറ്റാല്‍ ഒന്നേകാല്‍ കോടിയോളം രൂപ കിട്ടുമെന്ന ഇന്‍സ്റ്റഗ്രാം റീല്‍ വിശ്വസിച്ച് അഞ്ചു പേര്‍ ചേര്‍ന്ന് കൗമാരക്കാരനെ കുത്തി കൊലപ്പെടുത്തി ; ഞെട്ടിക്കുന്ന ക്രൂരത മധ്യപ്രദേശില്‍
വൃഷണം വിറ്റാല്‍ ഒന്നേകാല്‍ കോടിയോളം രൂപ കിട്ടുമെന്ന് വിശ്വസിച്ച അഞ്ചുപേര്‍ ചേര്‍ന്ന് കൗമാരക്കാരനെ കുത്തിക്കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഭോപ്പാലിലാണ് ഞെട്ടിക്കുന്ന ഈ ക്രൂരത നടന്നത്. തെരുവില്‍ പേനയും കീചെയിനും വിറ്റ് കുടുംബം പോറ്റിയിരുന്ന പതിനേഴുകാരന്റെ വൃഷണമാണ് കത്തി കൊണ്ട് കുത്തിക്കൊന്ന ശേഷം ബ്ലേഡുപയോഗിച്ച് എടുത്തത്.നൂറുരൂപ നല്‍കാമെന്നു പറഞ്ഞ് കൗമാരക്കാരനെ പ്രലോഭിപ്പിച്ച് ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയാണ് കൊടും ക്രൂരകൃത്യം നടത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് ബി.ബി.എ. രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായ സോഹിബ് ഖാന്‍(20), ആമിര്‍ ഖുറേഷി(18), പ്രായപൂര്‍ത്തിയാകാത്ത മറ്റു മൂന്നുപേര്‍ എന്നിവരെ പോലീസ് പിടികൂടി.

ഓഗസ്റ്റ് ആറിനാണ് അരുംകൊല നടന്നത്.താനൊരു ഡോക്ടറാണെന്ന് വിശ്വസിപ്പിച്ച സോഹിബാണ് സൂത്രധാരന്‍.

15-16 പ്രായത്തിലുള്ളവരുടെ വൃഷണം വിറ്റാല്‍ 1.20 കോടി രൂപ കിട്ടുമെന്ന് ഇന്‍സ്റ്റഗ്രാം റീലില്‍ കണ്ട സോഹിബ് ഖാന്‍ ഇത് വിശ്വസിച്ചു. പിന്നീട് നാലുപേരെയുംകൂടി ഈ റീല്‍ കാണിച്ച് കൃത്യം ആസൂത്രണം ചെയ്തു. സോഹിബ് ഡോക്ടര്‍ എന്ന വിശ്വസിച്ച കുട്ടികള്‍ അയാള്‍ പറഞ്ഞതെല്ലാം വിശ്വസിച്ചു.

വൃഷണം ലഭിക്കാന്‍ 15-16 വയസ്സുള്ള ഒരാണ്‍കുട്ടിയെ വേണമെന്ന് സംഘത്തിന് സോഹിബ് നിര്‍ദേശം നല്‍കി. അതിന്റെയടിസ്ഥാനത്തിലാണ് കുട്ടികള്‍ ഇയാളെ തിരഞ്ഞെടുത്തത്. .

പരമദരിദ്രനായ കൗമാരക്കാരനെയാണ് ഇവര്‍ കൊലപ്പെടുത്തിയത്. പിതാവ് നേരത്തേ മരിച്ച 17 കാരന്റെ മാതാവ് ഒരു ശുചീകരണത്തൊഴിലാളിയാണ്. ഭോപ്പാലിലെ ഇഖ്ബാല്‍ മൈതാനത്തിനും മോത്തി മസ്ജിദിനുമിടയില്‍ പേനയും കീചെയിനും വിറ്റാണ് കുട്ടി കുടുംബത്തെ സഹായിച്ചുപോന്നത്. പതിവുപോലെ മൈതാനത്ത് പേനയും കീചെയിനും വില്‍ക്കുകയായിരുന്ന സമയത്ത് പരിചയക്കാരായ കുട്ടികള്‍ അവനോട് ഒരടിപിടിക്കേസ് തീര്‍പ്പാക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ടു. പ്രതിഫലമായി നൂറുരൂപ കിട്ടുമെന്ന് പറഞ്ഞതോടെ അവന്‍ അവര്‍ക്കൊപ്പം പോയി.

തുടര്‍ന്ന് ഒറ്റപ്പെട്ട സ്ഥലത്തെത്തിച്ചശേഷം പിന്നില്‍നിന്ന് കുത്തി കീഴ്പ്പെടുത്തി.പിന്നാലെ കത്തിയുപയോഗിച്ച് പലതവണ കുത്തി.സോഹിബ് ഫോണ്‍വഴി നല്‍കിയ നിര്‍ദേശങ്ങളനുസരിച്ചാണ് കൃത്യം നടത്തിയത്. പിന്നീട് നാല്‍വര്‍ സംഘം സോഹെബിന്റെ നിര്‍ദേശപ്രകാരം മൃതദേഹത്തില്‍ നിന്ന് വൃഷണം മുറിച്ചെടുത്ത് പോളിത്തീന്‍ കവറിലാക്കി സൂക്ഷിച്ചു.

കൊലപാതകത്തിനു ശേഷമാണ് വൃഷണം ആര്‍ക്ക് വില്‍ക്കുമെന്നതിനെക്കുറിച്ച് പ്രതികള്‍ ആലോചിച്ചത്. വന്‍ തുക നല്‍കി ആരെങ്കിലും വരുമെന്ന പ്രതീക്ഷയില്‍ ദിവസങ്ങളോളം കാത്തിരുന്നു.എന്നാല്‍ ഒടുവില്‍ തങ്ങള്‍ പറ്റിക്കപ്പെടുകയായിരുന്നെന്ന് മനസ്സിലാക്കിയതോടെ അവര്‍ വൃഷണം വെള്ളത്തിലേക്ക് വലിച്ചെറിഞ്ഞു.

ഓഗസ്റ്റ് പത്തിനാണ് മൃതദേഹം പോലീസിന് ലഭിക്കുന്നത്. അഴുകിയനിലയിലായതിനാല്‍ ആളെ തിരിച്ചറിയാതെ വന്നതോടെ ഫോട്ടോകള്‍ പ്രചരിപ്പിച്ചു. എന്നാല്‍ ആരും ഏറ്റെടുക്കാനെത്തിയില്ല. ഇതോടെ മൃതദേഹം അടക്കംചെയ്തു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലപാതകമാണെന്ന് തെളിഞ്ഞെങ്കിലും ആളെ തിരിച്ചറിയാത്തത് പോലീസിനെ കുഴക്കി. എങ്കിലും കൊലപാതകക്കുറ്റത്തിന് കേസെടുത്തു.

ഓഗസ്റ്റ് 15-ന് മകനെക്കാണാനില്ലെന്നു പറഞ്ഞ് അമ്മ പോലീസിനെ സമീപിച്ചു. മൃതദേഹത്തിന്റെ ചിത്രം കാണിച്ചപ്പോള്‍ കൈയിലെ ടാറ്റൂ കണ്ട് അമ്മ മകനെ തിരിച്ചറിഞ്ഞു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അവസാനമായി കണ്ടവരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്.ഇവര്‍ കണ്ട ഇന്‍സ്റ്റഗ്രാം വീഡിയോക്ക് പിന്നിലെ ആളുകളെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.

Other News in this category



4malayalees Recommends