ഹാഫീസ് സയീദ് ജമ്മു കശ്മീരിലേക്ക് പതിനായിരത്തോളം ഭീകരരെ അയച്ചിട്ടുണ്ട് ; വെളിപ്പെടുത്തലുമായി പാക് പുരോഹിതന്‍

ഹാഫീസ് സയീദ് ജമ്മു കശ്മീരിലേക്ക് പതിനായിരത്തോളം ഭീകരരെ അയച്ചിട്ടുണ്ട് ; വെളിപ്പെടുത്തലുമായി പാക് പുരോഹിതന്‍
നിരോധിത ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തയ്ബയുടെ സ്ഥാപകന്‍ ഹാഫിസ് സയീദ് ജമ്മു കശ്മീരിലേക്ക് പതിനായിരത്തോളം ഭീകരരെ അയച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി വിവാദ പാക്കിസ്ഥാന്‍ പുരോഹിതന്‍ നസീര്‍ മദ്‌നി. ഈ മാസം ആദ്യം പ്രാര്‍ത്ഥനാ പ്രസംഗത്തിനിടെ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നസീര്‍ മദ്‌നി, സുഖം പ്രാപിച്ച് പൊതുവേദിയില്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ് വിവാദ പ്രസ്താവന. പാക്കിസ്ഥാനിലെ ബഹാവല്‍നഗറില്‍ നിരോധിത ഭീകര സംഘടനയുമായി ബന്ധപ്പെട്ട പൊതു പരിപാടിയെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു നസീര്‍ മദ്‌നിയുടെ വെളിപ്പെടുത്തല്‍.

ജമ്മു കശ്മീരിലെ ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ലഷ്‌കര്‍ ഇ തയ്ബയ്ക്കും അതിന്റെ സ്ഥാപകനായ ഹാഫിസ് സയീദിനുമുള്ള നേരിട്ടുള്ള പങ്കിനെ കുറിച്ചുള്ള ഇന്ത്യയുടെ വാദങ്ങളെ അടിവരയിടുന്നതാണ് പാക് പുരോഹിതന്റെ വാക്കുകള്‍. ഇന്ത്യയില്‍ നടന്ന നിരവധി ഭീകരാക്രമണങ്ങളുടെ സൂത്രധാരനും ലഷ്‌കര്‍ സ്ഥാപകനുമായ ഹാഫിസ് സയീദിനെ 2005 ല്‍ ഐക്യരാഷ്ട്ര സംഘടന ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്നാണ് 2008ല്‍ അമേരിക്കയും ഇയാളെ ആഗോള ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. 166 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ഭീകരാക്രമണം ഉള്‍പ്പെടെയുള്ള കേസുകളില്‍ ഇന്ത്യ തിരയുന്ന പ്രധാന കുറ്റവാളിയാണ് ഇയാള്‍.

അടുത്തിടെ ജമ്മുകശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രണ കേസിലും ഹാഫിസ് സയീദിന്റെ പങ്ക് പുറത്തുവന്നിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂലൈയില്‍ ജമ്മു കോടതി ഹാഫിസ് സയീദിനെതിരെ ജാമ്യമില്ലാ വാറണ്ട് പഉറപ്പെടുവിച്ചിരുന്നു. മുംബൈ ഭീകരാക്രമണ കേസില്‍ ഒളിവില്‍ കഴിയുന്ന ഹാഫിസ് സയീദ് ഉള്‍പ്പെടെയുള്ള ആറ് പാക്കിസ്ഥാന്‍ പ്രതികള്‍ക്കെതിരെ അവരുടെ അസാന്നിധ്യത്തില്‍ വിചാരണ നടത്തുന്നതിനുള്ള നിയമനടപടികള്‍ മുംബൈ പൊലീസ് ആരംഭിച്ചിട്ടുണ്ട് വിചാരണയിലൂടെ പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ കടുത്ത ശിക്ഷ വിധിക്കും. ഭാവിയില്‍ ഇവരെ ഇന്ത്യയിലെത്തിക്കാന്‍ കഴിഞ്ഞാല്‍ ശിക്ഷ നടപ്പാക്കും. ഈ സാഹചര്യത്തില്‍ പാക് മണ്ണില്‍ വച്ചുള്ള പുരോഹിതന്റെ പുതിയ വെളിപ്പെടുത്തല്‍ ഹാഫിസ് സയീദിനെതിരെയുള്ള ഇന്ത്യയുടെ രാജ്യാന്തര നീക്കങ്ങള്‍ക്ക് കൂടുതല്‍ ശക്തി പകരുന്നതാണെന്നാണ് വിലയിരുത്തല്‍.

Other News in this category



4malayalees Recommends