നായര്‍ ബെനവലന്റ് അസോസിയേഷന്റെ ഓണാഘോഷം വേറിട്ട അനുഭവമായി

നായര്‍ ബെനവലന്റ് അസോസിയേഷന്റെ ഓണാഘോഷം വേറിട്ട അനുഭവമായി
ന്യൂയോര്‍ക്ക്: നായര്‍ ബെനവലന്റ് അസോസിയേഷന്റെ 45-ാമത് ഓണാഘോഷവും അതിനോടനുബന്ധിച്ചു പ്രസിദ്ധീകരിച്ച സുവനീറിന്റെ പ്രകാശന കര്‍മ്മവും ആഗസ്റ്റ് 23-ാം തീയതി ശനിയാഴ്ച് ക്വീന്‍സിലുള്ള വിരാജ് ഓഡിറ്റോറിയത്തില്‍ വെച്ച് അതിവിപുലമായി ആഘോഷിച്ചു. ചടങ്ങില്‍ ന്യൂയോര്‍ക്കിലെ രാഷ്ട്രീയ സാമൂദായിക നേതാക്കള്‍, കലാ സാംസ്‌കാരിക നേതാക്കള്‍ തുടങ്ങി നൂറു കണക്കിന് പേര്‍ പങ്കെടുത്തു. താലപ്പൊലിയേന്തിയ ബാലികമാരുടെയും, വാദ്യഘോഷങ്ങളുടെയും, നൂറു കണക്കിന് ആളുകളുടേയും അകമ്പടിയോടെ മഹാബലിയെ വരവേറ്റു. മഹാബലിയായി വേഷമിട്ടത് ഗിന്നസ് അവാര്‍ഡ് ജേതാവ് അപ്പുക്കുട്ടന്‍ പിള്ളയായിരുന്നു.



തുടര്‍ന്ന് മഹാബലിയുടെ ഓണാശംസകള്‍ക്കു ശേഷം എന്‍ബിഎയുടെ വനിതകള്‍ അവതരിപ്പിച്ച തിരുവാതിര എല്ലാവരെയും ഹഠാദാകര്‍ഷിച്ചു. ലോംഗ് ഐലന്റ് നാസ്സൗ കൗണ്ടി നോര്‍ത്ത് ഹെംഹസ്റ്റഡ് ടൗണ്‍ എക്‌സിക്യൂട്ടീവ് രാഗിണി ശ്രീവാസ്തവ, ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റ് അഡ്മിനിസ്‌ട്രേറ്റര്‍ ശാന്തനു ശര്‍മ്മ, സുപ്രീം കോടതി ജഡ്ജി രാജ രാജേശ്വരി, സ്വാമി ചിന്മയാനന്ദപുരി സ്ഥാപിച്ച സേജ് എന്ന ആത്മീയ പ്രസ്ഥാനത്തിന്റെ പ്രസിഡന്റ് രാജീവ് ഭാസ്‌കരന്‍, ന്യൂയോര്‍ക്ക് സ്റ്റേറ്റ് അസ്സംബ്ലി പ്രതിനിധി കോശി തോമസ് എന്നീ വിശിഷ്ടാതിഥികള്‍ ചടങ്ങില്‍ പങ്കെടുത്തു.


കുമാരി ദിവ്യ ശര്‍മ്മ അമേരിക്കന്‍ ദേശീയ ഗാനമാലപിച്ചു. ദിവ്യ ശര്‍മ്മയുടെ ഈശ്വര പ്രാര്‍ഥനയ്ക്കു ശേഷം എന്‍ ബി എയുടെ പ്രഥമ വനിത വത്സ കൃഷ്ണ ഭദ്രദീപം കൊളുത്തി ചടങ്ങുകള്‍ക്ക് ആരംഭം കുറിച്ചു.


പ്രസിഡന്റ് ക്രിസ് പിള്ള തോപ്പിലിന്റെ അദ്ധ്യക്ഷതയില്‍ നടന്ന പൊതുസമ്മേളനം സെക്രട്ടറി രഘുവരന്‍ നായരുടെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ചു.


വിശിഷ്ഠാതിഥി രാഗിണി ശ്രീവാസ്തവയ്ക്ക് പബ്ലിക് സര്‍വീസിനുള്ള പ്രത്യേക അവാര്‍ഡ് പ്രസിഡന്റ് ക്രിസ് പിള്ള തോപ്പില്‍ സമ്മാനിച്ചു. പൊതു സമ്മേളനത്തിനു ശേഷം തൂശനിലയില്‍ വിളമ്പിയ വിഭവസമൃദ്ധമായ ഓണസദ്യ എല്ലാവരും ആസ്വദിച്ചു.


ഉച്ചക്ക് ശേഷം നടന്ന കലാപരിപാടികള്‍ ആസൂത്രണം ചെയ്തത് കല മേനോന്‍ ആയിരുന്നു. ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍ വനജ നായര്‍ എല്ലാവര്‍ക്കും ആശംസകള്‍ നേര്‍ന്നു. ട്രഷറര്‍ പ്രദീപ് മേനോന്‍ കൃതജ്ഞത രേഖപ്പെടുത്തി.



വേദ ശബരിനാഥിന്റെ മോഹിനിയാട്ടത്തോടെ കലാപരിപാടികള്‍ക്ക് തുടക്കം കുറിച്ചു. നൂപുര ഡാന്‍സ് അക്കാദമി അവതരിപ്പിച്ച നൃത്തനൃത്യങ്ങള്‍ കാണികളുടെ മനസിന് കുളുര്‍മയേകി. നേഹല്‍ ശബരിനാഥിന്റെ വയലിന്‍ കച്ചേരി, ശബരിനാഥിന്റെയും, രവി നായരുടെയും, പ്രഭാകരന്‍ നായരുടെയും ഇമ്പമാര്‍ന്ന ഗാനങ്ങള്‍ കാണികളെ ഹര്‍ഷപുളകിതരാക്കി. ദേശീയ ഗാനാലാപനത്തോടെ പരിപാടികള്‍ സമാപിച്ചു.


വാര്‍ത്ത: ജയപ്രകാശ് നായര്‍

Other News in this category



4malayalees Recommends