അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തെ നേരിടാന്‍ നിര്‍ദ്ദേശങ്ങളുമായി മുജ്തബ ഖമനെയി ; ഡോളറിനെ ഘട്ടം ഘട്ടമായി പുറത്താക്കാനും ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കാനും നിര്‍ദ്ദേശം

അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തെ നേരിടാന്‍ നിര്‍ദ്ദേശങ്ങളുമായി മുജ്തബ ഖമനെയി ; ഡോളറിനെ ഘട്ടം ഘട്ടമായി പുറത്താക്കാനും ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കാനും നിര്‍ദ്ദേശം
അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തെ നേരിടാന്‍ ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനെയിയുടെ ആഹ്വാനം. ഇടപാടുകളില്‍ നിന്ന് ഡോളറിനെ ഘട്ടം ഘട്ടമായി പുറത്താക്കണമെന്നും ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കണമെന്നും അമേരിക്കയ്ക്ക് മുന്നില്‍ കീഴടങ്ങരുതെന്നുമാണ് മുജ്തബ ഖമനെയി ആഹ്വാനം ചെയ്തത്. എന്നത്തേക്കാളും കരുത്തുറ്റ ഇറാന്‍ ഉണ്ടാകുമെന്നും അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു. സാമൂഹ്യ ഐക്യത്തെ ബാധിക്കുന്ന പ്രസ്താവനകള്‍ വിലക്കിയിരിക്കുകയാണ് ഇറാന്റെ പരമോന്നത നേതാവ്. ഒന്നിച്ചു നില്‍ക്കാന്‍ അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.

സ്വയം പര്യാപ്തമായ ഒരു പ്രതിരോധ സാമ്പത്തിക വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന് ഡോളറിനെ ഒഴിവാക്കുന്നത് അത്യന്താപേക്ഷിതമാണെന്ന് ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനെയി അഭിപ്രായപ്പെട്ടു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍, ജനസേവനത്തില്‍ അധിഷ്ഠിതമായ ഒരു ഭരണകൂടത്തിന്റെ കടമകള്‍ അദ്ദേഹം ചൂണ്ടിക്കാണിച്ചു. സാമ്പത്തിക പ്രതിരോധം എന്നത് കേവലം ഒരു നയപരമായ തീരുമാനം മാത്രമല്ലെന്നും, മറിച്ച് വിദേശ സാമ്പത്തിക സമ്മര്‍ദ്ദങ്ങളെ ചെറുക്കാനും ദീര്‍ഘകാല സ്ഥിരത കൈവരിക്കാനുമുള്ള ദേശീയ ചട്ടക്കൂടാണെന്നും അദ്ദേഹം വ്യക്തമാക്കി.

ആഭ്യന്തര ഉല്‍പ്പാദനം പര്യാപ്തമല്ലാത്ത മേഖലകളില്‍ ആവശ്യാനുസരണം വസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നത് തികച്ചും ഉചിതവും ബുദ്ധിപരവുമായിരിക്കണമെന്നും മുജ്തബ ഖമനെയി വ്യക്തമാക്കി. നാണയപ്പെരുപ്പം, തൊഴില്ലായ്മ, ഉല്‍പ്പന്നങ്ങളുടെ വിലനിയന്ത്രണം തുടങ്ങിയ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് രാജ്യത്തെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തണമെന്ന് ഖമനെയി അഭ്യര്‍ത്ഥിച്ചു. കൂടാതെ നിക്ഷേപങ്ങള്‍ വര്‍ദ്ധിപ്പിക്കേണ്ടതിന്റെയും അവ ഉപയോഗപ്രദമായ മേഖലകളിലേക്ക് തിരിച്ചുവിടേണ്ടതിന്റെയും ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ശത്രുരാജ്യങ്ങളെ മുജ്തബ ഖമനെയി പരോക്ഷമായി പരാമര്‍ശിച്ചു. ശത്രുക്കളുടെ യുക്തിരഹിതമായ ആവശ്യങ്ങള്‍ക്ക് മുന്നില്‍ കീഴടങ്ങുന്നതാണ് സാമ്പത്തിക പുരോഗതിയിലേക്കുള്ള വഴിയെന്ന് വിശ്വസിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇസ്ലാമിക വിപ്ലവത്തിന് മുമ്പുപോലും രാജ്യത്തിനും അതിന്റെ വിഭവങ്ങള്‍ക്കും മേല്‍ അവര്‍ വരുത്തിവെച്ച നാശനഷ്ടങ്ങള്‍ പരിശോധിച്ചാല്‍ സത്യം ഇതിന് നേരെ വിപരീതമാണെന്ന് വ്യക്തമാകുമെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം ഇറാന്റെ സാമ്പത്തിക മേഖലയെ കൂടുതല്‍ വലിഞ്ഞുമുറുക്കാന്‍ ലക്ഷ്യമിട്ട് പുതിയ സാമ്പത്തിക യുദ്ധം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മുജ്തബ ഖമനെയിയുടെ ഈ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.

Other News in this category



4malayalees Recommends