'സ്ത്രീകള്‍ വീട്ടില്‍ അടങ്ങിയിരിക്കണം, പൊതുവേദിയില്‍ ഇറങ്ങിയാല്‍ നാശമുണ്ടാകും'; വീണ്ടും വിവാദ പ്രസ്താവനയുമായി കാന്തപുരം

'സ്ത്രീകള്‍ വീട്ടില്‍ അടങ്ങിയിരിക്കണം, പൊതുവേദിയില്‍ ഇറങ്ങിയാല്‍ നാശമുണ്ടാകും'; വീണ്ടും വിവാദ പ്രസ്താവനയുമായി കാന്തപുരം
സ്ത്രീകള്‍ പൊതുവേദികളില്‍ ഇറങ്ങരുതെന്നും വീട്ടില്‍ അടങ്ങി ഒതുങ്ങി കഴിയണമെന്നും ആവശ്യപ്പെട്ട കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ വീണ്ടും വിവാദത്തില്‍. കൊച്ചിയില്‍ സംഘടിപ്പിച്ച പ്രവാചക പ്രകീര്‍ത്തന സമ്മേളനത്തില്‍ സംസാരിക്കവേയാണ് കാന്തപുരത്തിന്റെ വിവാദ പരാമര്‍ശം.

സ്ത്രീകള്‍ വീട്ടില്‍ അടങ്ങി ഒതുങ്ങി കഴിയണമെന്നാണ് ഖുറാന്‍ പഠിപ്പിക്കുന്നത്. അവര്‍ പൊതുവേദികളില്‍ ഇറങ്ങിയാല്‍ വലിയ നാശമുണ്ടാകും. സ്ത്രീകള്‍ പൊതുവിടങ്ങളില്‍ എത്താതിരിക്കാന്‍ പറയുന്നത് അവരോടുള്ള ബഹുമാനം കൊണ്ടാണ്. അന്യപുരുഷന്മാര്‍ക്കിടയില്‍ അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാനാണ് ഇസ്ലാം പര്‍ദ്ദ ഏര്‍പ്പെടുത്തിയതെന്നും മതം പഠിപ്പിക്കുന്നത് ഇതാണെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു.

തന്റെ പ്രസ്താവനകളെ ആരെങ്കിലും ചോദ്യം ചെയ്താലോ വിമര്‍ശിച്ചാലോ പേടിച്ചോടില്ലെന്ന് കാന്തപുരം വ്യക്തമാക്കി. ഇത്തരം കാര്യങ്ങള്‍ പറയാന്‍ തനിക്ക് എന്താണ് അധികാരമെന്ന് മറ്റു ചില സംഘടനകള്‍ ചോദിക്കാറുണ്ട്. എന്നാല്‍ മതത്തെക്കുറിച്ച് കൃത്യമായി പഠിച്ചവര്‍ എന്ന നിലയില്‍ മുസ്ലിം സമുദായത്തോട് കാര്യങ്ങള്‍ പറയാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നും എതിര്‍പ്പുകളെ ഭയക്കാതെ ഇനിയും കാര്യങ്ങള്‍ തുറന്നു പറയുമെന്നും അദ്ദേഹം പറഞ്ഞു

പൊതുവിടങ്ങളില്‍ സ്ത്രീകളെ പങ്കെടിപ്പിക്കരുതെന്ന സമസ്ത കാന്തപുരം വിഭാഗത്തിന്റെ സര്‍ക്കുലര്‍ അടുത്തിടെ വലിയ വിവാദമായിരുന്നു. നിരത്തുകളിലും വേദികളിലും അന്യപുരുഷന്മാര്‍ക്കിടയില്‍ യുവതികളെ പ്രദര്‍ശിപ്പിക്കരുതെന്നും ഇസ്ലാമിക മാനദണ്ഡങ്ങള്‍ പാലിക്കണമെന്നുമായിരുന്നു മഹല്ലുകള്‍ക്ക് നല്‍കിയ സര്‍ക്കുലറിലെ നിര്‍ദേശം. കെ.കെ. ശൈലജ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഇതിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് മുന്‍ നിലപാടുകള്‍ ആവര്‍ത്തിച്ച് കാന്തപുരം വീണ്ടും രംഗത്തെത്തിയത്.

Other News in this category



4malayalees Recommends