ജോലി പോയതിന്റെ സമ്മര്‍ദ്ദത്തില്‍ അനില ; കുറ്റകൃത്യത്തിന്റെ കാരണം ഇപ്പോഴും അവ്യക്തം ; മലയാളി യുവതികളുടെ കൊലപാതകത്തില്‍ ദുരൂഹത അവസാനിക്കുന്നില്ല

ജോലി പോയതിന്റെ സമ്മര്‍ദ്ദത്തില്‍ അനില ; കുറ്റകൃത്യത്തിന്റെ കാരണം ഇപ്പോഴും അവ്യക്തം ; മലയാളി യുവതികളുടെ കൊലപാതകത്തില്‍ ദുരൂഹത അവസാനിക്കുന്നില്ല
കാലിഫോര്‍ണിയയിലെ മില്‍പിറ്റാസില്‍ മലയാളി യുവതി സുഹൃത്തുക്കളായ രണ്ട് യുവതികളെ കൊലപ്പെടുത്തിയ സംഭവത്തിന്റെ കാരണം അവ്യക്തം. കൊലപാതകത്തിലേക്ക് നയിക്കാന്‍ മാത്രം യുവതികള്‍ക്കിടയില്‍ എന്ത് വൈരാഗ്യമാണുണ്ടായതെന്ന് വീട്ടുകാര്‍ക്കും വ്യക്തമല്ല.

തൃശൂര്‍ മുടിക്കോട് തൈക്കൂട്ട് ഹരിദാസിന്റെയും സുഷ്മയുടേയും മകള്‍ അഞ്ജന (35) കോട്ടയം കുറിച്ചി പള്ളത്ര ജേക്കബിന്റെ ഭാര്യ ആന്‍ മേരി മാത്യു (35) എന്നിവരെയാണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ പാലാ മൂന്നിലവ് മാറാമറ്റം വീട്ടില്‍ അനിലയെ (34) മില്‍പിറ്റാസ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അടുത്തിടെ ജോലിയില്‍ പ്രശ്‌നങ്ങളുണ്ടായതിനെ തുടര്‍ന്ന് അനില മാനസിക സമ്മര്‍ദ്ദത്തിലായിരുന്നെന്ന് നാട്ടിലുള്ള കുടുംബ സുഹൃത്തുക്കള്‍ പറയുന്നു. അറസ്റ്റിലായ അനിലയുടെ മൊഴിപ്പകര്‍പ്പ് ലഭിച്ചാലേ കാരണം അറിയാനാകൂ. അനിലയുടെ അച്ഛനമ്മമാര്‍ രണ്ടു മാസം മുമ്പ് മില്‍പിറ്റാസിലെ വീട്ടില്‍ ചെന്നിരുന്നു. അനിലയുടെ സഹോദരന്‍ കാനഡയിലാണ്.

ചൊവ്വാഴ്ച കാലിഫോര്‍ണിയയില്‍ നടക്കുന്ന മൃതദേഹ പരിശോധനകള്‍ക്കുശേഷം കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ ഭര്‍ത്താക്കന്മാര്‍ക്ക് മൃതദേഹം കാണാന്‍ അവസരം നല്‍കുമെന്നാണ് വീട്ടുകാര്‍ക്ക് കിട്ടിയ വിവരം. കാലിഫോര്‍ണിയയിലെ മലയാളി അസോസിയേഷനും ഇന്ത്യന്‍ എംബസിയും വിഷയത്തില്‍ കാര്യമായി ഇടപെട്ടിട്ടുണ്ടെന്ന് കൊല്ലപ്പെട്ട അഞ്ജനയുടെ ഭര്‍ത്താവി വിജീഷ് ബന്ധുക്കളോട് പറഞ്ഞു.

സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികളും പുരോഗമിക്കുന്നു. ബംഗളൂരുവില്‍ നിന്നാണ് അനില എഞ്ചിനീയറിങ് ബിരുദം പൂര്‍ത്തിയാക്കിയത്. പഠന കാലത്തും ബംഗളൂരുവിലെ ജോലിയിലും ഒപ്പമുണ്ടായിരുന്ന തൊടുപുഴ സ്വദേശിയാണ് ഭര്‍ത്താവ്. പിന്നീട് അമേരിക്കയിലേക്ക് ജോലി കിട്ടി പോകുകയായിരുന്നു. ഇവര്‍ക്ക് ഒരു മകളുണ്ട്.

മരിച്ച ആന്‍ അവിടെ സ്‌കൂളില്‍ അധ്യാപികയായിരുന്നു. ഭര്‍ത്താവ് ജേക്കബ് സെപ്തംബര്‍ ഏഴിന് നാട്ടില്‍ വരാനിരിക്കേയാണ് ദുരന്തം. രണ്ടാഴ്ച മുമ്പ് ആന്‍ നാട്ടില്‍ നിന്ന് വന്നു പോയതാണ്. ജേക്കബും ആനും കോയമ്പത്തൂരില്‍ ഒന്നിച്ചു എഞ്ചിനീയറിങ് പഠിച്ചതാണ്.

Other News in this category



4malayalees Recommends