യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്; ട്രംപിന് തിരിച്ചടി? ഇന്ത്യന്‍ വംശജരുടെ പിന്തുണ ഡെമോക്രാറ്റുകള്‍ക്ക്

യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്; ട്രംപിന് തിരിച്ചടി? ഇന്ത്യന്‍ വംശജരുടെ പിന്തുണ ഡെമോക്രാറ്റുകള്‍ക്ക്
നവംബറില്‍ നടക്കാനിരിക്കുന്ന യുഎസ് ഇടക്കാല തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും തിരിച്ചടിയാകാന്‍ സാധ്യതയെന്ന് പുതിയ സര്‍വേ. അമേരിക്കയിലെ ഇന്ത്യന്‍ വംശജരായ വോട്ടര്‍മാര്‍ക്കിടയില്‍ ട്രംപിനോടുള്ള പിന്തുണയില്‍ ഇടിവുണ്ടായതായും ഭൂരിഭാഗം പേരും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കാന്‍ പദ്ധതിയിടുന്നതായും സര്‍വേ വ്യക്തമാക്കുന്നു.ഏഷ്യന്‍ അമേരിക്കന്‍ വോട്ടര്‍മാരില്‍ 70 ശതമാനം പേരും ട്രംപിന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തിയതായാണ് എഎപിഐ ഡാറ്റയുടെ സര്‍വേയിലെ കണ്ടെത്തല്‍.

ജനപ്രതിനിധിസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജരായ 66 ശതമാനം വോട്ടര്‍മാരും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കി. 22 ശതമാനം പേര്‍ മാത്രമാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യുമെന്ന് അറിയിച്ചത്.

സെനറ്റ് തെരഞ്ഞെടുപ്പിലും സമാനമായ പ്രവണതയാണ് സര്‍വേയില്‍ കാണുന്നത്. 66 ശതമാനം ഇന്ത്യന്‍ വംശജര്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കുമെന്ന് പറഞ്ഞപ്പോള്‍ 18 ശതമാനം പേര്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികള്‍ക്ക് അനുകൂലമായി നിലപാടെടുത്തു.

ഏഷ്യന്‍ അമേരിക്കന്‍ സമൂഹങ്ങളിലെ വിവിധ വിഭാഗങ്ങളെ അപേക്ഷിച്ച് ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ഏറ്റവും ശക്തമായ പിന്തുണ നല്‍കുന്നത് ഇന്ത്യന്‍ വംശജരാണെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.

2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന് അനുകൂലമായി നിലപാടെടുത്ത ഇന്ത്യന്‍ വംശജരായ വോട്ടര്‍മാരില്‍ ഒരു വിഭാഗം ഇപ്പോള്‍ രാഷ്ട്രീയ മാറ്റത്തിന് ആഗ്രഹിക്കുന്നുവെന്ന സൂചനയാണ് പുതിയ സര്‍വേ നല്‍കുന്നത്. അതേസമയം, നവംബറിലെ ഇടക്കാല തെരഞ്ഞെടുപ്പിന് മുമ്പ് വോട്ടര്‍മാരുടെ നിലപാടുകളില്‍ മാറ്റമുണ്ടാകുമോയെന്നത് നിര്‍ണായകമാണ്.

Other News in this category



4malayalees Recommends