തലേദിവസവും മൂവരും ഒന്നിച്ച് സിനിമ കണ്ടു; കൊലയ്ക്ക് തൊട്ടുമുമ്പും സ്‌നേഹത്തോടെ ഇടപഴകിഓണവസ്ത്രം നല്‍കാനെന്ന പേരില്‍ അഞ്ജനയെ വിളിച്ചുവരുത്തി; മലയാളി യുവതികളുടെ കൊലപാതകത്തില്‍ ദുരൂഹത തുടരുന്നു

തലേദിവസവും മൂവരും ഒന്നിച്ച് സിനിമ കണ്ടു; കൊലയ്ക്ക് തൊട്ടുമുമ്പും സ്‌നേഹത്തോടെ ഇടപഴകിഓണവസ്ത്രം നല്‍കാനെന്ന പേരില്‍ അഞ്ജനയെ വിളിച്ചുവരുത്തി; മലയാളി യുവതികളുടെ കൊലപാതകത്തില്‍ ദുരൂഹത തുടരുന്നു
അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ രണ്ട് മലയാളി യുവതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൊലപാതകത്തിലേക്ക് നയിച്ച കാരണം ഇപ്പോഴും അവ്യക്തം. കൊലപാതകത്തിന് തലേദിവസം വരെ മൂവരും ഒന്നിച്ച് സിനിമ കാണുകയും സന്തോഷത്തോടെ സമയം ചെലവഴിക്കുകയും ചെയ്തിരുന്നതായി ബന്ധുക്കള്‍ പറയുന്നു. കൊലപ്പെടുത്താന്‍ എത്തിയതാണെന്നറിയാതെ അനിലയെ ആന്‍ മേരി മാത്യു സ്‌നേഹപൂര്‍വം വീട്ടിലേക്ക് സ്വീകരിച്ചിരുന്നുവെന്നും ബന്ധു വെളിപ്പെടുത്തി.മാസങ്ങള്‍ക്കുമുമ്പ് വരെ അഞ്ജനയും ആന്‍ മേരി മാത്യുവും അനിലയും ഒരേ അപാര്‍ട്‌മെന്റിലായിരുന്നു താമസം. പിന്നീട് ആന്‍ മേരി മാത്യു ഏകദേശം 10 കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു സ്ഥലത്തേക്ക് താമസം മാറുകയായിരുന്നു. ഇവിടെവച്ചാണ് അനില ആദ്യം ആനിനെ സമീപിച്ചതെന്നാണ് വിവരം.

അനില വീട്ടിലെത്തിയ സമയത്ത് ആന്‍ ഒരു ബന്ധുവുമായി ഫോണില്‍ സംസാരിക്കുകയായിരുന്നു. അനിലയെ വളരെ സന്തോഷത്തോടെ സ്വീകരിക്കുന്ന ആനിന്റെ ശബ്ദം ഫോണിന്റെ മറുതലയ്ക്കല്‍ നിന്ന് കേട്ടിരുന്നതായി ബന്ധു പറഞ്ഞു. ഇരുവര്‍ക്കുമിടയില്‍ യാതൊരു പ്രശ്‌നങ്ങളുമില്ലായിരുന്നുവെന്നാണ് ആ സംഭാഷണത്തില്‍ നിന്ന് മനസ്സിലായതെന്നും ബന്ധു വ്യക്തമാക്കി.

അതേസമയം, ഒരേ അപാര്‍ട്‌മെന്റില്‍ താമസിച്ചിരുന്ന അഞ്ജനയെ അനില താഴേക്ക് വിളിച്ചിറക്കുകയായിരുന്നു. ഓണാഘോഷത്തിനായി തയ്ക്കാന്‍ നല്‍കിയ വസ്ത്രങ്ങള്‍ ലഭിച്ചുവെന്ന് പറഞ്ഞാണ് അഞ്ജനയെ താഴേക്ക് വിളിച്ചതെന്നാണ് വിവരം. ഇരുവര്‍ക്കുമിടയില്‍ നേരത്തെ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലാത്തതിനാല്‍ യാതൊരു സംശയവുമില്ലാതെയാണ് അഞ്ജന താഴേക്ക് പോയതെന്ന് ഭര്‍ത്താവ് പറഞ്ഞു.

ജോലിസ്ഥലത്തായിരുന്ന ഭര്‍ത്താവിനോട് വിവരം പറഞ്ഞ ശേഷമാണ് അഞ്ജന അനിലയെ കാണാന്‍ പോയത്. താഴേക്ക് എത്തിയതിന് പിന്നാലെയാണ് അഞ്ജനയെ കാറിടിച്ച് കൊലപ്പെടുത്തിയതെന്നാണ് വിവരം.അഞ്ജന കൊല്ലപ്പെട്ട വിവരം അറിയിക്കാനായി ആന്‍ മേരി മാത്യുവിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ എടുക്കാതെ വന്നതോടെയാണ് ആനിന്റെ ഭര്‍ത്താവ് ഫ്‌ലാറ്റിലെത്തിയത്. അവിടെ ആന്‍ കുത്തേറ്റും രക്തത്തില്‍ കുളിച്ച നിലയിലും കിടക്കുന്നതാണ് കണ്ടതെന്ന് ഭര്‍ത്താവ് മൊഴി നല്‍കി.ആനിന്റെ മൊബൈല്‍ ഫോണ്‍ കാണാതായിട്ടുണ്ട്. ഫോണ്‍ അനില കൊണ്ടുപോയതാകാമെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്.

കൊലപാതകത്തിന് പിന്നിലെ യഥാര്‍ഥ കാരണം വ്യക്തമല്ലെങ്കിലും ജോലി നഷ്ടപ്പെട്ടതിലും വര്‍ക്ക് പെര്‍മിറ്റിന്റെ കാലാവധി കഴിഞ്ഞതിലും അനില അസ്വസ്ഥയായിരുന്നുവെന്ന സൂചനകള്‍ പുറത്തുവരുന്നുണ്ട്. അനിലയെ സാന്‍ഹോസെ സൈക്യാട്രിക് ജയിലിലേക്ക് മാറ്റിയതായും സൂചനയുണ്ട്.കൊല്ലപ്പെട്ട യുവതികളില്‍ ഒരാളുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. രണ്ടാമത്തെ യുവതിയുടെ പോസ്റ്റ്‌മോര്‍ട്ടം വ്യാഴാഴ്ച നടക്കും. വെള്ളിയാഴ്ചയോടെ എംബസിയുമായി ബന്ധപ്പെട്ട രേഖകളുടെ നടപടികള്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. ഈയാഴ്ച അവസാനത്തോടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനാകുമെന്ന പ്രതീക്ഷയുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി കുടുംബത്തെ അറിയിച്ചിട്ടുണ്ട്.





Other News in this category



4malayalees Recommends