എട്ട് വര്‍ഷം മുന്‍പ് വാഹനാപകടത്തില്‍ ഭാര്യയെ നഷ്ടപ്പെട്ട ജിജി മാത്യുവിന് ഇപ്പോള്‍ മകളെയും നഷ്ടമായി. അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട രണ്ട് മലയാളി യുവതികളില്‍ ഒരാളായ ആന്‍ മേരി ജിജി മാത്യുവിന്റെ മകളാണ്. ഭാര്യയുടെ വിയോഗത്തില്‍ നിന്ന് കരകയറാന്‍ വര്‍ഷങ്ങളെടുത്ത ജിജിക്ക്, മകള്‍ കൊല്ലപ്പെട്ടെന്ന യാഥാര്‍ഥ്യം ഇപ്പോഴും ഉള്‍ക്കൊള്ളാനാകുന്നില്ല.ഇക്കഴിഞ്ഞ ജൂണിലാണ് പിതാവിന്റെ 70-ാം പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ ആന്‍ അവസാനമായി നാട്ടിലെത്തിയത്. അന്ന് മകളെ കണ്ടു യാത്രയാക്കിയ ജിജി, ഇന്ന് അവള്‍ ജീവനോടെയില്ലെന്ന വാര്‍ത്തയുടെ ഞെട്ടലിലാണ്. ആനിന്റെ മരണവിവരമറിഞ്ഞ് മസ്‌കറ്റിലായിരുന്ന ഇളയ സഹോദരി അബിനയും കേശവദാസപുരത്തെ വീട്ടിലെത്തി. സഹോദരിയുടെ വിയോഗം അബിനയ്ക്കും ഉള്‍ക്കൊള്ളാനായിട്ടില്ല.
2018ലാണ് ജിജിക്ക് ഭാര്യ ബെസിയെ നഷ്ടമായത്. ഇരുവരും സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെ പിന്നില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു. അപകടത്തില്‍ ബെസി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഭാര്യയുടെ അപ്രതീക്ഷിത വിയോഗം ജിജിയെ തകര്‍ത്തപ്പോള്‍ മക്കളായ ആനും അബിനയുമായിരുന്നു അദ്ദേഹത്തിന് താങ്ങായത്.നാല് വര്‍ഷത്തിന് ശേഷം, 2022ല്‍ ജോലി തേടിയാണ് ആന്‍ അമേരിക്കയിലേക്ക് പോയത്. നാട്ടില്‍ അച്ഛന്‍ ഒറ്റയ്ക്ക് കഴിയുന്നതില്‍ ആന് എന്നും ആശങ്കയുണ്ടായിരുന്നു. മിക്ക ദിവസങ്ങളിലും അച്ഛനെ ഫോണില്‍ വിളിക്കാറുണ്ടായിരുന്നു. കൊലപാതകത്തിന് തൊട്ടുമുമ്പും ഇരുവരും വീഡിയോ കോളില്‍ സംസാരിച്ചിരുന്നു.
തിങ്കളാഴ്ച മകള്‍ കൊല്ലപ്പെട്ടെന്ന വിവരം അറിഞ്ഞതോടെ ജിജി ആകെ തകര്‍ന്നു. മകളെ സുഹൃത്തായ അനില എന്തിനാണ് കൊലപ്പെടുത്തിയതെന്നതിനെക്കുറിച്ച് കുടുംബത്തിന് ഇപ്പോഴും വ്യക്തമായ വിവരമില്ല. ആനിന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.ആന്‍ മേരിയോടൊപ്പം തൃശൂര്‍ സ്വദേശിനിയായ അഞ്ജന ഹരിയും കൊല്ലപ്പെട്ടിരുന്നു. ഇരുവരെയും സുഹൃത്തായ അനിലയാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് കേസ്. ഉറ്റസുഹൃത്തുക്കളായിരുന്ന ഇരുവരെയും അനില എന്തിന് കൊലപ്പെടുത്തിയെന്നതിലാണ് ഇപ്പോഴും ദുരൂഹത തുടരുന്നത്.
കൊലപാതകത്തിന് തലേദിവസം പോലും മൂവരും ഒന്നിച്ച് സിനിമ കാണുകയും സന്തോഷത്തോടെ സമയം ചെലവഴിക്കുകയും ചെയ്തിരുന്നതായി ബന്ധുക്കള്‍ പറയുന്നു. മാസങ്ങള്‍ക്കുമുമ്പ് വരെ മൂവരും ഒരേ അപാര്‍ട്‌മെന്റിലാണ് താമസിച്ചിരുന്നത്. പിന്നീട് ആന്‍ ഏകദേശം 10 കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു അപാര്‍ട്‌മെന്റിലേക്ക് മാറുകയായിരുന്നു. അനിലയും അഞ്ജനയും പഴയ അപാര്‍ട്‌മെന്റില്‍ തന്നെ താമസം തുടര്‍ന്നു.
ആനിന്റെ അപാര്‍ട്‌മെന്റിലെത്തിയാണ് അനില കൊലപാതകം നടത്തിയതെന്നാണ് വിവരം. ആനിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത് ഭര്‍ത്താവായിരുന്നു. തുടര്‍ന്ന് സ്വന്തം അപാര്‍ട്‌മെന്റിലേക്ക് മടങ്ങിയ അനില അഞ്ജനയെ താഴേക്ക് വിളിച്ചുവരുത്തുകയും വാഹനം ഇടിച്ച് കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് ലഭിക്കുന്ന വിവരം.
സുഹൃത്തുക്കള്‍ക്കിടയില്‍ യാതൊരു പ്രശ്‌നവും ഉണ്ടായിരുന്നില്ലെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. അതിനാല്‍ തന്നെ രണ്ട് കൊലപാതകങ്ങളിലേക്ക് നയിച്ച യഥാര്‍ഥ കാരണം കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.