കാനഡയില്‍ ജല സംഭരണിക്ക് നടുവില്‍ മരങ്ങള്‍ തിങ്ങിനിറഞ്ഞ ദ്വീപ് പ്രത്യക്ഷപ്പെട്ടു ; പിന്നാലെ കാണാതായി !

കാനഡയില്‍ ജല സംഭരണിക്ക് നടുവില്‍ മരങ്ങള്‍ തിങ്ങിനിറഞ്ഞ ദ്വീപ് പ്രത്യക്ഷപ്പെട്ടു ; പിന്നാലെ കാണാതായി  !
കാനഡയിലെ ഒരു ജലസംഭരണിയില്‍ മരങ്ങളും ചെടികളും നിറഞ്ഞ കൂറ്റന്‍ 'ഒഴുകുന്ന ദ്വീപ്' പ്രത്യക്ഷപ്പെട്ട് ആഴ്ചകള്‍ക്കകം അപ്രത്യക്ഷമായത് കൗതുകമാകുന്നു. ബ്രിട്ടീഷ് കൊളംബിയയിലെ വില്ലിസ്റ്റണ്‍ റിസര്‍വോയറിലാണ് അസാധാരണ കാഴ്ച ഉണ്ടായത്.

പ്രദേശവാസിയായ ബോട്ടുയാത്രക്കാരനാണ് ആദ്യം ദ്വീപിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പകര്‍ത്തിയത്. പിന്നീട് റോക്കി അവേരി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ ദൃശ്യങ്ങള്‍ വൈറലായി. ആദ്യം ചിത്രങ്ങള്‍ വ്യാജമാണോ എന്ന സംശയം അധികൃതര്‍ക്കുണ്ടായിരുന്നു. എന്നാല്‍ ജൂലൈ 20-21 തീയതികളിലെ ഉപഗ്രഹചിത്രങ്ങളില്‍ ദ്വീപിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ സംഭവം യഥാര്‍ഥമാണെന്ന് വ്യക്തമായി.

ഏകദേശം 70 മീറ്റര്‍ വീതിയും 140 മീറ്റര്‍ നീളവുമുള്ള ദ്വീപിന് 9,800 ചതുരശ്ര മീറ്ററോളം വിസ്തൃതിയുണ്ടായിരുന്നു. ഏകദേശം രണ്ട് എന്‍എഫ്എല്‍ ഫുട്‌ബോള്‍ മൈതാനങ്ങളുടെ വലുപ്പമാണിത്. മരങ്ങളും മറ്റ് സസ്യജാലങ്ങളും നിറഞ്ഞ നിലയിലായിരുന്നു ദ്വീപ്.

എന്നാല്‍ ഓഗസ്റ്റ് അഞ്ചോടെ പുതിയ ഉപഗ്രഹചിത്രങ്ങളില്‍ ദ്വീപിനെ കാണാതായി. ദ്വീപ് മുങ്ങിപ്പോയതാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ബി.സി. ഹൈഡ്രോ വ്യക്തമാക്കി. റിസര്‍വോയറിന്റെ കരയോട് ചേര്‍ന്ന സുരക്ഷിതമായ ഭാഗത്തേക്ക് ഒഴുകിപ്പോയതാകാമെന്നും അതിനാല്‍ ഉപഗ്രഹചിത്രങ്ങളില്‍ കണ്ടെത്താന്‍ കഴിയാത്തതാകാമെന്നുമാണ് അധികൃതരുടെ നിഗമനം.

ദ്വീപ് എങ്ങനെ രൂപപ്പെട്ടുവെന്നതിനും സാധ്യതയുള്ള വിശദീകരണം അധികൃതര്‍ മുന്നോട്ടുവച്ചിട്ടുണ്ട്. വര്‍ഷങ്ങളായി കരയില്‍ അടിഞ്ഞുകൂടിയ മരക്കഷണങ്ങളിലും മറ്റ് ജൈവാവശിഷ്ടങ്ങളിലും ചെടികളും മരങ്ങളും വേരുറപ്പിച്ച് വലിയൊരു ഒഴുകുന്ന ഭൂഭാഗമായി മാറിയിരിക്കാം. ഈ വേനല്‍ക്കാലത്ത് റിസര്‍വോയറിലെ ജലനിരപ്പ് 14 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതോടെ, കരയില്‍ നിന്ന് ഈ ഭൂഭാഗം വേര്‍പെട്ട് വെള്ളത്തിലേക്ക് ഒഴുകിയതാകാമെന്നാണ് കരുതുന്നത്.

ഇത് എവിടേക്ക് പോയെന്നതിന് ഇതുവരെ വ്യക്തമായ ഉത്തരമില്ല. വീണ്ടും പ്രത്യക്ഷപ്പെടുമോയെന്ന കാര്യവും വ്യക്തമല്ല.

Other News in this category



4malayalees Recommends