രക്ഷിതാവെന്ന നിലയില്‍ ഞാന്‍ കടന്നുപോകുന്നത് ഏറെ പ്രയാസകരമായ ഘട്ടത്തിലൂടെ; പൃഥ്വിരാജ്

രക്ഷിതാവെന്ന നിലയില്‍ ഞാന്‍ കടന്നുപോകുന്നത് ഏറെ പ്രയാസകരമായ ഘട്ടത്തിലൂടെ; പൃഥ്വിരാജ്
ഒരു രക്ഷിതാവെന്ന നിലയില്‍ താന്‍ നേരിടുന്ന പ്രയാസങ്ങളെക്കുറിച്ചും സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന സുരക്ഷിതത്വമില്ലായ്മയെക്കുറിച്ചും തുറന്നുപറഞ്ഞ് നടന്‍ പൃഥ്വിരാജ് സുകുമാരന്‍. മേഘ്ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന പുതിയ ബോളിവുഡ് ചിത്രം 'ദയ്റ'യുടെ ട്രെയിലര്‍ ലോഞ്ചിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.

'എനിക്ക് 11 വയസ്സുള്ള ഒരു മകളുണ്ട്; ഒരു രക്ഷിതാവെന്ന നിലയില്‍ ഏറെ പ്രയാസകരമായ ഒരു ഘട്ടത്തിലൂടെയാണ് ഞാന്‍ കടന്നുപോകുന്നത്. സുരക്ഷിതമായത് ഏതാണ്, അല്ലാത്തത് ഏതാണ് എന്ന് അവളോട് സംസാരിക്കുകയും ബോധ്യപ്പെടുത്തുകയും ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇതൊരു നിഷ്‌കളങ്കമായ ലോകമായിരുന്നുവെങ്കില്‍, എനിക്ക് ഒരിക്കലും അവളോട് ഇങ്ങനെയൊരു കാര്യത്തെക്കുറിച്ച് സംസാരിക്കേണ്ടി വരുമായിരുന്നില്ല. എന്നാല്‍ നാം ജീവിക്കുന്നത് അങ്ങനെയൊരു ലോകത്തല്ലല്ലോ.

പക്ഷേ, ഒരു പൗരനെന്ന നിലയില്‍ നമ്മുടെ മക്കളോട് സംസാരിക്കുന്നതിനപ്പുറം നമുക്കെന്താണ് ചെയ്യാന്‍ കഴിയുക? തെറ്റ് ചെയ്യാതിരിക്കുക. ഒരു കാര്യം ഉറപ്പിച്ചു പറയാം ഈ സംഭാഷണം പെണ്‍കുട്ടികളോട് മാത്രം പോരാ, ആണ്‍കുട്ടികളോടും അത്രതന്നെ ശക്തമായി ഉണ്ടായിരിക്കണം.

ഇതില്‍ ഏതെങ്കിലും ഒരു പക്ഷത്തിന് ഒരല്‍പം കൂടുതല്‍ ഉത്തരവാദിത്തമുണ്ടെന്ന് കരുതുന്നുവെങ്കില്‍, അത് മാതാപിതാക്കളായ നമ്മള്‍ക്കാണ്. നമ്മളാണ് ഈ സന്ദേശം സമൂഹത്തില്‍ ഉറക്കെ വിളിച്ചോതാനും, ഇതിനായുള്ള ദീപശിഖ മുന്നോട്ട് കൊണ്ടുപോകാനും മുന്‍കൈ എടുക്കേണ്ടവര്‍,' പൃഥ്വിരാജ് പറഞ്ഞു.

Other News in this category



4malayalees Recommends