നേപ്പാള്‍ പ്രളയം: ദുരിതബാധിതര്‍ക്ക് സഹായവുമായി ഓസ്ട്രേലിയ

നേപ്പാള്‍ പ്രളയം: ദുരിതബാധിതര്‍ക്ക് സഹായവുമായി ഓസ്ട്രേലിയ
പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന നേപ്പാളിലേക്ക് സഹായവുമായി ഓസ്ട്രേലിയന്‍ പ്രതിരോധ സേനയുടെ വിമാനം പുറപ്പെട്ടതായി ഫെഡറല്‍ സര്‍ക്കാര്‍ അറിയിച്ചു. ശുചിത്വ കിറ്റുകള്‍, അടിയന്തര അഭയകേന്ദ്രങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍, സോളാര്‍ ലൈറ്റുകള്‍ എന്നിവ വിമാനത്തിലുണ്ട്.പ്രളയത്തിലും മണ്ണിടിച്ചിലിലും ഇതുവരെ 930ലേറെ പേര്‍ മരിച്ചതായാണ് സ്ഥിരീകരണം.കാണാതായവരില്‍ 43 പേര്‍ ഓസ്ട്രേലിയന്‍ പൗരന്മാരാണ്.

കാണാതായവര്‍ക്കായുള്ള തിരച്ചിലിനായി നേപ്പാള്‍, ചൈനീസ് സര്‍ക്കാരുകളുമായി ഓസ്ട്രേലിയ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി പെന്നി വോങ് പറഞ്ഞു. എന്നാല്‍ ദുരന്തബാധിത പ്രദേശങ്ങളിലെ പ്രതികൂല സാഹചര്യങ്ങള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വലിയ വെല്ലുവിളിയാണെന്നും അവര്‍ വ്യക്തമാക്കി.

അടിയന്തര പ്രവര്‍ത്തകര്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നത് തുടരുന്നതിനിടെ ദുരന്തത്തിന്റെ വ്യാപ്തിയും ആവശ്യമായ സഹായങ്ങളും കൂടുതല്‍ വ്യക്തമായിവരികയാണെന്ന് യുഎന്‍ വക്താവ് സ്റ്റെഫാന്‍ ദുജാറിക് പറഞ്ഞു.

ഏകദേശം 65,000 പേര്‍ക്ക് അടിയന്തര ജലം, ശുചിത്വം, ആരോഗ്യ-ശുചിത്വ സഹായം ആവശ്യമാണ്. 22,000ലേറെ കുട്ടികള്‍ക്ക് സംരക്ഷണം ആവശ്യമായി വന്നിട്ടുണ്ട്. അഞ്ച് വയസ്സിന് താഴെയുള്ള ഏകദേശം 2,600 കുട്ടികള്‍ക്ക് ഗുരുതര പോഷകാഹാരക്കുറവിനുള്ള ചികിത്സ ആവശ്യമായി വരുമെന്നാണ് കണക്ക്.

10,500ഓളം ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന സ്ത്രീകള്‍ക്കും പോഷകാഹാര സഹായം ആവശ്യമാണ്. പ്രളയത്തില്‍ 19 സ്‌കൂളുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഇതില്‍ ഒന്‍പത് സ്‌കൂളുകള്‍ പൂര്‍ണമായും തകര്‍ന്നു. എട്ട് സ്‌കൂളുകള്‍ ഇപ്പോള്‍ ദുരിതബാധിത കുടുംബങ്ങള്‍ക്ക് അഭയകേന്ദ്രങ്ങളായി ഉപയോഗിക്കുകയാണ്.



Other News in this category



4malayalees Recommends