സിഡ്നിയില്‍ രേഖപ്പെടുത്തിയതില്‍ ഏറ്റവും ചൂടേറിയ ശീതകാലം; മെല്‍ബണിലും റെക്കോര്‍ഡ് ചൂട്

സിഡ്നിയില്‍ രേഖപ്പെടുത്തിയതില്‍ ഏറ്റവും ചൂടേറിയ ശീതകാലം; മെല്‍ബണിലും റെക്കോര്‍ഡ് ചൂട്
ഓസ്ട്രേലിയയിലെ രണ്ട് പ്രധാന നഗരങ്ങളായ സിഡ്നിയിലും മെല്‍ബണിലും രേഖപ്പെടുത്തിയതില്‍ ഏറ്റവും ചൂടേറിയ ശീതകാലം. രാജ്യത്തിന്റെ കിഴക്കന്‍ മേഖലയിലെ മൂന്ന് സംസ്ഥാനങ്ങളും ശീതകാല താപനിലയില്‍ പുതിയ റെക്കോര്‍ഡുകള്‍ കുറിച്ചതായി കാലാവസ്ഥാ ബ്യൂറോയുടെ റിപ്പോര്‍ട്ട്.

വസന്തകാലത്തും രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും പകല്‍-രാത്രി താപനില ശരാശരിയേക്കാള്‍ ഉയര്‍ന്ന നിലയില്‍ തുടരുമെന്നാണ് കാലാവസ്ഥാ ബ്യൂറോയുടെ പ്രവചനം. അസാധാരണമായി ഉയര്‍ന്ന പരമാവധി താപനില രേഖപ്പെടുത്താനുള്ള സാധ്യതയും കൂടുതലാണെന്ന് അധികൃതര്‍ അറിയിച്ചു.

കാലാവസ്ഥാ ബ്യൂറോയുടെ സീനിയര്‍ ക്ലൈമറ്റോളജിസ്റ്റ് ഡോ. സൈമണ്‍ ഗ്രെയ്ഞ്ചര്‍ പറഞ്ഞു, സിഡ്നിയില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ചൂടേറിയ ശീതകാലമാണ് ഇത്തവണത്തേത്. ഒബ്‌സര്‍വേറ്ററി ഹില്ലില്‍ ശീതകാലത്തെ ശരാശരി താപനില 15.3 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. 2013ല്‍ രേഖപ്പെടുത്തിയ 15.0 ഡിഗ്രി സെല്‍ഷ്യസിന്റെ മുന്‍ റെക്കോര്‍ഡാണ് ഇതോടെ മറികടന്നത്.ഇവിടെ രേഖപ്പെടുത്തിയ ശരാശരി പരമാവധി, കുറഞ്ഞ താപനിലകളും ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി.

മെല്‍ബണില്‍ 2005ലെ റെക്കോര്‍ഡിനൊപ്പമാണ് ഇത്തവണത്തെ ശീതകാല ശരാശരി താപനില. 12.2 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു ശരാശരി.

അതേസമയം, കാന്‍ബറയില്‍ ശീതകാലത്തെ ശരാശരി പരമാവധി താപനില 14.7 ഡിഗ്രി സെല്‍ഷ്യസായി, ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന ശീതകാല പരമാവധി താപനിലയായി.

ന്യൂ സൗത്ത് വെയില്‍സ്, വിക്ടോറിയ, ടാസ്മാനിയ എന്നീ മൂന്ന് സംസ്ഥാനങ്ങളില്‍ 1910ന് ശേഷമുള്ള രേഖകളിലെ ഏറ്റവും ചൂടേറിയ ശീതകാലമാണ് ഇത്തവണ അനുഭവപ്പെട്ടത്.

നോര്‍ത്തേണ്‍ ടെറിട്ടറി ഒഴികെയുള്ള മറ്റ് എല്ലാ സംസ്ഥാനങ്ങളും ടെറിട്ടറികളും രേഖപ്പെടുത്തിയതില്‍ ഏറ്റവും ചൂടേറിയ പത്ത് ശീതകാലങ്ങളില്‍ ഒന്നാണ് ഇത്തവണത്തേത്.

Other News in this category



4malayalees Recommends