പ്രതിഷേധക്കാരനെ തലയ്ക്ക് 'ഇടിച്ചെന്ന്' പൊലീസുകാരന്റെ വെളിപ്പെടുത്തല്‍; ബോഡി ക്യാമറ ദൃശ്യങ്ങള്‍ പുറത്ത്

പ്രതിഷേധക്കാരനെ തലയ്ക്ക് 'ഇടിച്ചെന്ന്' പൊലീസുകാരന്റെ വെളിപ്പെടുത്തല്‍; ബോഡി ക്യാമറ ദൃശ്യങ്ങള്‍ പുറത്ത്
പ്രതിഷേധക്കാരനെ മര്‍ദിച്ചതായി പൊലീസുകാരന്‍ സഹപ്രവര്‍ത്തകരോട് അഭിമാനത്തോടെ പറയുന്ന ബോഡി ക്യാമറ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ന്യൂ സൗത്ത് വെയില്‍സ് പൊലീസിനെതിരെ വിവാദം. പ്രതിഷേധക്കാരനെ ''താഴെ വീണുകിടക്കുമ്പോള്‍ തലയ്ക്ക് ഇടിച്ചെന്ന്'' പൊലീസുകാരന്‍ പറയുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.ഫെബ്രുവരി 9ന് ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗിന്റെ സിഡ്നി സന്ദര്‍ശനത്തിനെതിരെ ടൗണ്‍ ഹാളില്‍ നടന്ന പ്രതിഷേധത്തിനിടെയുണ്ടായ സംഭവവുമായി ബന്ധപ്പെട്ടതാണ് ദൃശ്യങ്ങളെന്നാണ് റിപ്പോര്‍ട്ട്.

ചോര്‍ന്ന ബോഡി ക്യാമറ ദൃശ്യങ്ങളില്‍ ഒരു പൊലീസുകാരന്‍ സഹപ്രവര്‍ത്തകരോട് താന്‍ ഒരു പ്രതിഷേധക്കാരനെ മര്‍ദിച്ചതായി പറയുന്നത് കേള്‍ക്കാം. തുടര്‍ന്ന് ഒരു വനിതാ പൊലീസുകാരി പ്രതികരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

പൊലീസിനെ ആക്രമിച്ചെന്ന കുറ്റം ചുമത്തപ്പെട്ട ഒരു പ്രതിഷേധക്കാരനുമായി ബന്ധപ്പെട്ട നിയമനടപടികളുടെ ഭാഗമായാണ് ഈ ദൃശ്യങ്ങള്‍ പുറത്തുവന്നതെന്നാണ് വിവരം. വെള്ളിയാഴ്ച മൂന്ന് പ്രതിഷേധക്കാര്‍ക്കെതിരായ കേസുകള്‍ പിന്‍വലിച്ചിരുന്നു. പ്രതിഷേധത്തിന് പിന്നാലെ കേസെടുത്ത 30 പേരില്‍ നാല് പേര്‍ക്കെതിരായ കുറ്റങ്ങള്‍ ഇതുവരെ പിന്‍വലിച്ചതായും റിപ്പോര്‍ട്ടുണ്ട്.

വെള്ളിയാഴ്ച കേസുകള്‍ പിന്‍വലിക്കപ്പെട്ട മൂന്ന് പ്രതിഷേധക്കാര്‍ ഉള്‍പ്പെടെ 25 പേര്‍ക്ക് 2027 ജൂലൈയില്‍ സംയുക്ത വിചാരണ നടക്കാനിരിക്കുകയായിരുന്നു.

അതേസമയം, പ്രതിഷേധത്തിനിടെ പൊലീസ് പ്രതിഷേധക്കാരെ മര്‍ദിക്കുന്നതും പ്രാര്‍ഥനയില്‍ ഏര്‍പ്പെട്ടിരുന്ന മുസ്ലിം വിശ്വാസികളെ വലിച്ചിഴച്ച് മാറ്റുന്നതുമായ ദൃശ്യങ്ങള്‍ നേരത്തെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ന്യൂ സൗത്ത് വെയില്‍സ് പ്രീമിയര്‍ ക്രിസ് മിന്‍സ് ''പൂര്‍ണമായ സാഹചര്യങ്ങള്‍ അറിയാതെ 10 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ മാത്രം വിലയിരുത്തരുത്'' എന്ന് പൊതുജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

പൊലീസുകാരന്‍ പ്രതിഷേധക്കാരനെ മര്‍ദിച്ചതായി ആരോപിച്ചതിന് പിന്നാലെ പചരിക്കുന്ന ആദ്യത്തെ ബോഡി ക്യാമറ ദൃശ്യങ്ങളാണിത്.


Other News in this category



4malayalees Recommends