കാര്‍ ഓവര്‍ടേക്ക് ചെയ്തതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിന് പിന്നാലെ കന്നഡ നടന്‍ ദുനിയ വിജയിയുടെ മകനും സുഹൃത്തുക്കളും ചേര്‍ന്ന് സ്വകാര്യ സര്‍വകലാശാലയിലെ ഒന്നാം വര്‍ഷ ബിബിഎ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചെന്ന് പരാതി. ബെംഗളൂരു-മൈസൂരു റോഡില്‍ ആര്‍.ആര്‍. നഗറിന് സമീപമാണ് സംഭവം നടന്നതെന്നാണ് പരാതി.കാമാക്ഷിപാളയ സ്വദേശിയായ എസ്. മനീഷ് ഗൗഡയാണ് കെങ്കേരി പൊലീസില്‍ പരാതി നല്‍കിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.10ഓടെ കോളജിന് പിന്നിലെ പാര്‍ക്കിങ് ഏരിയയില്‍ ഇരുചക്രവാഹനം പാര്‍ക്ക് ചെയ്യുന്നതിനിടെ ദുനിയ വിജയിയുടെ മകന്‍ സമ്രാട്ട് വിജയിയും മറ്റ് നാല് പേരും ചേര്‍ന്ന് തന്നെ ബലമായി എസ്യുവിയില്‍ കയറ്റിയെന്നാണ് മനീഷ് പരാതിയില്‍ പറയുന്നത്.
വാഹനം ഓടിക്കൊണ്ടിരിക്കെ തന്നെ മര്‍ദിച്ചെന്നും ആര്‍.ആര്‍. നഗറിലെ പട്ടണഗരെയിലെ ബാറിന് സമീപത്തേക്ക് കൊണ്ടുപോയി വീണ്ടും ക്രൂരമായി മര്‍ദിച്ചെന്നും പരാതിയില്‍ ആരോപിക്കുന്നു. പിന്നീട് സംഘാംഗങ്ങള്‍ തന്നെ കോളജിന് സമീപത്തെ പാര്‍ക്കിങ് സ്ഥലത്ത് തിരിച്ചെത്തിച്ച് ഉപേക്ഷിച്ച് പോകുകയായിരുന്നുവെന്നും മനീഷ് പറയുന്നു. തുടര്‍ന്ന് സുഹൃത്തിന്റെ സഹായത്തോടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
തിങ്കളാഴ്ച ആര്‍.ആര്‍. നഗറിലൂടെ കാറില്‍ സഞ്ചരിക്കുമ്പോള്‍ മനീഷ് ഒരു എസ്യുവിയെ ഓവര്‍ടേക്ക് ചെയ്തതാണ് തര്‍ക്കത്തിന് കാരണമായതെന്നാണ് ലഭിക്കുന്ന വിവരം. ദുനിയ വിജയിയുടെ മകനാണ് എസ്യുവി ഓടിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട്. ഓവര്‍ടേക്കിംഗിനെച്ചൊല്ലി ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമുണ്ടായതായും പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകളുണ്ട്.
തര്‍ക്കം അടുത്ത ദിവസവും തുടര്‍ന്നതായാണ് പൊലീസ് പറയുന്നത്. സര്‍വകലാശാലാ ക്യാമ്പസിന് പുറത്ത് വച്ച് ദുനിയ വിജയിയുടെ മകനും സുഹൃത്തുക്കളും വിദ്യാര്‍ഥിയെ തടഞ്ഞുനിര്‍ത്തി ബലമായി എസ്യുവിയില്‍ കയറ്റിക്കൊണ്ടുപോയെന്നാണ് ആരോപണം. സമ്രാട്ട് വിജയിയും ഇതേ സര്‍വകലാശാലയിലെ വിദ്യാര്‍ഥിയാണെന്നും റിപ്പോര്‍ട്ടുണ്ട്.
സംഭവത്തിന് പിന്നാലെ മനീഷ് കെങ്കേരി പൊലീസില്‍ പരാതി നല്‍കി. ദുനിയ വിജയിയുടെ മകനും സുഹൃത്തുക്കള്‍ക്കുമെതിരെയാണ് പരാതി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.