പശ്ചിമ ബംഗാളില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന ബിജെപി എംഎല്‍എ അമര്‍നാഥ് സാഖ. സംസ്ഥാനത്ത് ശക്തിപ്പെട്ടു കൊണ്ടിരിക്കുന്ന സിപിഎമ്മിനെ പ്രതിരോധിക്കുന്നതിന് പകരം സോഷ്യല്‍ മീഡിയ റീലുകളിലൂടെ ഫോളോവേഴ്സിനെ കൂട്ടാനാണ് നേതാക്കള്‍ സമയം കണ്ടെത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ബങ്കുറ ജില്ലയിലെ ഒന്‍ഡ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ അമര്‍നാഥ് സാഖ, പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന തെറ്റായ കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ തനിക്ക് കഴിയില്ലെന്നും വ്യക്തമാക്കി.
സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഇടത് മുന്നണി സര്‍ക്കാരിനെതിരെ പ്രചാരണം നടത്തുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളാരും ശബ്ദമുയര്‍ത്തുന്നില്ലെന്ന് അമര്‍നാഥ് സാഖ കുറ്റപ്പെടുത്തി. രാവിലെ ഉണരുന്നത് മുതല്‍ രാത്രി ഉറങ്ങാന്‍ പോകുന്നത് വരെ സ്വന്തം പ്രശസ്തിക്കായി മാത്രം നേതാക്കള്‍ ഓടിനടക്കുകയാണ്. ഇടത് പക്ഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മറുപടി നല്‍കാനോ ശക്തമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനോ ആരും തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം സംസ്ഥാനത്തെ ചില നേതാക്കള്‍ വ്യക്തിപരമായ നേട്ടങ്ങളില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു- 'സ്വന്തം വയറു നിറഞ്ഞാല്‍ മാത്രം മതി, പാര്‍ട്ടി നശിച്ചാലും കുഴപ്പമില്ലെന്ന മനോഭാവമാണ് പലര്‍ക്കും ഉള്ളത്. പണം സമ്പാദിക്കുക എന്നത് മാത്രമാണ് ചിലരുടെ ലക്ഷ്യം' എന്നാണ് എംഎല്‍എയുടെ വിമര്‍ശനം. നേതാക്കളുടെ ഇത്തരം നിലപാടുകള്‍ പാര്‍ട്ടിക്ക് വലിയ രീതിയില്‍ തിരിച്ചടിയാകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചില വ്യക്തികളുടെ അനുയായികള്‍ ആകാന്‍ ശ്രമിക്കാതെ പാര്‍ട്ടിക്ക് മുന്‍ഗണന നല്‍കാന്‍ പ്രവര്‍ത്തകരോട് എംഎല്‍എ ആഹ്വാനം ചെയ്തു. 'നേതാക്കള്‍ വരും പോകും, എന്നാല്‍ പാര്‍ട്ടി എന്നും നിലനില്‍ക്കും' എന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സിപിഎമ്മിന്റെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും അതിക്രമങ്ങളും ഭീകരതയും നേരിട്ടാണ് താന്‍ രാഷ്ട്രീയത്തില്‍ നിലനിന്നത്. സ്വന്തം ജീവിതവും കുടുംബവും മാറ്റിവെച്ചാണ് ഇതുവരെ ബിജെപിക്കായി പ്രവര്‍ത്തിച്ചതെന്നും എന്നാല്‍ ചിലരുടെ സ്വാര്‍ത്ഥത കാരണം പാര്‍ട്ടി ഇപ്പോള്‍ ദുരിതം അനുഭവിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
പാര്‍ട്ടി ഭാരവാഹികള്‍ക്കിടയിലെ അഴിമതിയെക്കുറിച്ച് സമീക് ഭട്ടാചാര്യ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ബിജെപി നേതാക്കള്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. യുവനേതാക്കളെ മുന്‍നിര്‍ത്തിയും പ്രക്ഷോഭങ്ങള്‍ ശക്തമാക്കിയും പശ്ചിമ ബംഗാളില്‍ സംഘടനാപരമായ തിരിച്ചു വരവിന് ഇടത് മുന്നണി ശ്രമിക്കുന്നതിനിടയിലാണ് ബിജെപിക്കുള്ളിലെ ഈ ആഭ്യന്തര ഭിന്നത പുറത്തു വരുന്നത്.