ബന്ധുക്കളെ ഗുണഭോക്താക്കളാക്കി ലൈഫ് ഭവനപദ്ധതിയിലെ 50 ലക്ഷം തട്ടിയ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കസ്റ്റഡിയില്‍

ബന്ധുക്കളെ ഗുണഭോക്താക്കളാക്കി ലൈഫ് ഭവനപദ്ധതിയിലെ 50 ലക്ഷം തട്ടിയ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കസ്റ്റഡിയില്‍
ലൈഫ് ഭവന പദ്ധതിയില്‍നിന്ന് പണം തട്ടിയെന്ന പരാതിയില്‍ വനിതാ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പോലീസ് കസ്റ്റഡിയില്‍. പത്തനംതിട്ട തണ്ണിത്തോട് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ റാണി ലക്ഷ്മിയെയാണ് കസ്റ്റഡിയിലെടുത്തത്. ബന്ധുക്കളെയും സുഹൃത്തുക്കളെയും ഗുണഭോക്താക്കളാക്കി പണം തട്ടിയെന്നാണ് പരാതി. ലൈഫ് പദ്ധതിയിലെ ഗുണഭോക്താക്കള്‍ക്ക് പണം ലഭിക്കുന്നില്ലെന്ന പരാതിയിലാണ് സംശയം ആരംഭിക്കുന്നത്.

പരിശോധനയില്‍ പദ്ധതിയുടെ നിര്‍വഹണ ഉദ്യോഗസ്ഥയായ തണ്ണിത്തോട് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ റാണി ലക്ഷ്മി തിരിമറി നടത്തിയെന്ന് ബോധ്യമായതോടെയാണ് പഞ്ചായത്ത് സെക്രട്ടറി പോലീസില്‍ പരാതി നല്‍കിയത്.

ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ക്ക് പകരം വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അക്കൗണ്ട് വിവരങ്ങള്‍ നല്‍കിയാണ് തട്ടിപ്പ് നടത്തിയത്. അമ്മയുടെയും ഭര്‍ത്താവിന്റെയും സുഹൃത്തുക്കളുടെയും വിവരങ്ങള്‍ റാണി ലക്ഷ്മി ഗുണഭോക്താക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

പ്രാഥമിക അന്വേഷണത്തിനുശേഷം തണ്ണിത്തോട് പഞ്ചായത്ത് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ റാണി ലക്ഷ്മിക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇവരുടെ വീട്ടില്‍ പരിശോധന നടത്തിയ ശേഷം കോന്നി സിഐയുടെ നേതൃത്വത്തില്‍ റാണി ലക്ഷ്മിയെ കസ്റ്റഡിയിലെടുത്തു.

Other News in this category



4malayalees Recommends