കോപ്പിയടി പരാതിപ്പെട്ടതിന് ടീച്ചര്‍ കൈപിടിച്ച് തിരിച്ച വിദ്യാര്‍ത്ഥിനി 10 ദിവസംകഴിഞ്ഞ് മരിച്ചു

കോപ്പിയടി പരാതിപ്പെട്ടതിന് ടീച്ചര്‍ കൈപിടിച്ച് തിരിച്ച വിദ്യാര്‍ത്ഥിനി 10 ദിവസംകഴിഞ്ഞ് മരിച്ചു
ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് ജില്ലയില്‍ സ്‌കൂളില്‍ അധ്യാപകന്റെ മര്‍ദനമേറ്റതായി ആരോപിക്കപ്പെട്ട എട്ടാം ക്ലാസ് വിദ്യാര്‍ഥിനി (13) ചികിത്സയിലിരിക്കെ മരിച്ചു. ഓഗസ്റ്റ് 30ന് ഫറൂഖാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. ഓഗസ്റ്റ് 20ന് പരീക്ഷ എഴുതുന്നതിനായി സ്‌കൂളിലെത്തിയപ്പോഴാണ് സംഭവമുണ്ടായതെന്നാണ് കുടുംബത്തിന്റെ ആരോപണം.

പരീക്ഷയ്ക്കിടെ സഹപാഠിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പരാതി പറയാന്‍ അധ്യാപകനെ സമീപിച്ച വിദ്യാര്‍ഥിനിയെ മര്‍ദിച്ച് പരിക്കേല്‍പ്പിച്ചതായാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തില്‍ പൊലീസ്, വിദ്യാഭ്യാസ വകുപ്പ് എന്നിവ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് അധികൃതര്‍.

ഭര്‍ഖാനി ബ്ലോക്കിലെ സഹുവപുരിലുള്ള കോമ്പോസിറ്റ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ ക്ഷമ ഓഗസ്റ്റ് 20നാണ് പരീക്ഷ എഴുതുന്നതിനായി സ്‌കൂളിലെത്തിയത്.പരീക്ഷയ്ക്കിടെ ഉത്തരക്കടലാസ് കാണിക്കണമെന്ന് ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട് ക്ഷമയും സഹപാഠിയും തമ്മില്‍ തര്‍ക്കമുണ്ടായതായി പിതാവ് ഉമേഷ് ദീക്ഷിത് നല്‍കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് പരാതിപ്പെടുന്നതിനായി ക്ഷമ അസിസ്റ്റന്റ് അധ്യാപകനായ രാജേന്ദ്ര കുമാര്‍ ഗംഗ്വാറിനെ സമീപിച്ചു.

പരാതി പരിഹരിക്കുന്നതിന് പകരം അധ്യാപകന്‍ കുട്ടിയുടെ കൈയില്‍ പിടിച്ച് ശക്തമായി തിരിച്ചതായാണ് കുടുംബത്തിന്റെ ആരോപണം. കൈയില്‍ കടുത്ത വേദനയും വീക്കവുമായാണ് കുട്ടി വീട്ടിലെത്തിയതെന്ന് പിതാവ് പരാതിയില്‍ പറയുന്നു.

തുടര്‍ന്ന് കുടുംബം ക്ഷമയെ ഷാഹാബാദിലെ പ്രാദേശിക ഡോക്ടറുടെ അടുത്തെത്തിച്ചു. പരിശോധനയില്‍ കൈയിലെ ആന്തരിക കോശങ്ങള്‍ക്ക് ക്ഷതമേറ്റതായും രക്തം കട്ടപിടിച്ചതായും കണ്ടെത്തിയതായി കുടുംബം പറയുന്നു. ചികിത്സയ്ക്ക് വലിയ തുക ചെലവാകുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായും പിതാവ് വ്യക്തമാക്കി.

സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ഓഗസ്റ്റ് 26ന് ഫറൂഖാബാദിലെ ഡോ. രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ക്ഷമയെ പ്രവേശിപ്പിക്കുന്നതിന് മുമ്പ് കുടുംബം പൊലീസിനെ സമീപിച്ചിരുന്നു. ആരോഗ്യനില കൂടുതല്‍ വഷളായതിനെ തുടര്‍ന്ന് കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ ബന്ധുക്കള്‍ നിര്‍ദേശിച്ചു.

ചികിത്സയ്ക്കായി വായ്പയെടുത്തിരുന്നതായി പിതാവ് ഉമേഷ് ദീക്ഷിത് പറഞ്ഞു. ജീവന്‍ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെ ഓഗസ്റ്റ് 30ന് ക്ഷമ മരിച്ചു.

തുടര്‍ന്ന് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഫറൂഖാബാദിലേക്ക് അയച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ മരണകാരണം സംബന്ധിച്ചും കുട്ടിയുടെ ശരീരത്തിലേറ്റ പരിക്കുകള്‍ ആരോഗ്യനില വഷളാകുന്നതിന് കാരണമായോയെന്നതിലും വ്യക്തത ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Other News in this category



4malayalees Recommends