ഇംഗ്ലണ്ടിലെ സെക്കന്‍ഡറി സ്‌കൂളുകളില്‍ അച്ചടക്ക നടപടിയുടെ ഭാഗമായി വിദ്യാര്‍ഥികളെ ക്ലാസ് മുറിയില്‍ നിന്ന് മാറ്റി സ്‌കൂളിനുള്ളിലെ പ്രത്യേക മുറികളില്‍ ഇരുത്തുന്ന 'ഇന്റേണല്‍ എക്‌സ്‌ക്ലൂഷന്‍' നടപടികള്‍ മൂന്ന് വര്‍ഷത്തിനിടെ ഏകദേശം മൂന്നിരട്ടിയായി വര്‍ധിച്ചതായി പുതിയ കണക്കുകള്‍.2022-23 അധ്യയന വര്‍ഷത്തില്‍ സാധാരണ ക്ലാസുകളില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ നിരക്ക് അഞ്ച് ശതമാനമായിരുന്നു. 2025-26ല്‍ ഇത് 13 ശതമാനമായി ഉയര്‍ന്നു. 160 ശതമാനമാണ് വര്‍ധന.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികളെയാണ് നടപടി കൂടുതലായി ബാധിക്കുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 2025-26ല്‍ പിന്നാക്ക വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളില്‍ അഞ്ചില്‍ ഒരാളിലധികം (22%) പേരെ ഒരു തവണയെങ്കിലും ക്ലാസില്‍ നിന്ന് മാറ്റിനിര്‍ത്തി. മൂന്ന് വര്‍ഷം മുമ്പ് ഇത് എട്ട് ശതമാനമായിരുന്നു. 175 ശതമാനമാണ് വര്‍ധന. പിന്നാക്ക വിഭാഗത്തില്‍പ്പെടാത്ത വിദ്യാര്‍ഥികളില്‍ ഈ നിരക്ക് 10 ശതമാനമാണ്.
പ്രത്യേക വിദ്യാഭ്യാസ ആവശ്യങ്ങളും വൈകല്യങ്ങളുമുള്ള വിദ്യാര്‍ഥികളിലും 'ഇന്റേണല്‍ എക്‌സ്‌ക്ലൂഷന്‍' നിരക്ക് കൂടുതലാണ്. വിദ്യാഭ്യാസ, ആരോഗ്യ, പരിചരണ പദ്ധതി ഉള്ള വിദ്യാര്‍ഥികളില്‍ 18 ശതമാനം പേരെയും 2025-26ല്‍ കുറഞ്ഞത് ഒരു തവണയെങ്കിലും ക്ലാസില്‍ നിന്ന് മാറ്റിനിര്‍ത്തിയതായി കണക്കുകള്‍ പറയുന്നു.
ഓരോ സ്‌കൂളിലും വ്യത്യസ്ത രീതിയിലാണ് 'ഇന്റേണല്‍ എക്‌സ്‌ക്ലൂഷന്‍' നടപ്പാക്കുന്നത്. ചില സ്‌കൂളുകളില്‍ ഇത് 'ഐസലേഷന്‍ റൂം' എന്നും അറിയപ്പെടുന്നു. വിദ്യാര്‍ഥികളുടെ മാനസികാരോഗ്യത്തെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും പഠനസമയം നഷ്ടപ്പെടുത്തുമെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ വിദ്യാര്‍ഥികളുടെ പെരുമാറ്റം നിയന്ത്രിക്കുന്നതിന് ഫലപ്രദമായ മാര്‍ഗമാണിതെന്ന് മറ്റൊരു വിഭാഗം അഭിപ്രായപ്പെടുന്നു.
ഇംഗ്ലണ്ടിലെ 13,000 സ്‌കൂളുകള്‍ ഉപയോഗിക്കുന്ന മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സംവിധാനമായ അര്‍ബര്‍ ശേഖരിച്ച വിവരങ്ങളാണ് വിശകലനം ചെയ്തത്.
പ്രൈമറി സ്‌കൂളുകളിലെ ഒരു ശതമാനത്തില്‍ താഴെ വിദ്യാര്‍ഥികളെയാണ് ഒരു അധ്യയന വര്‍ഷത്തില്‍ 'ഇന്റേണല്‍ എക്‌സ്‌ക്ലൂഷന്‍' ചെയ്തത്. 2025-26ല്‍ 11 വയസ്സിന് താഴെയുള്ള ഏകദേശം 5,000 കുട്ടികളെ ഇതിലൂടെ ക്ലാസുകളില്‍ നിന്ന് മാറ്റിനിര്‍ത്തിയെന്നാണ് കണക്ക്. എന്നാല്‍ എല്ലാ സ്‌കൂളുകളില്‍ നിന്നുമുള്ള വിവരങ്ങള്‍ അര്‍ബറിന് ലഭ്യമല്ലാത്തതിനാല്‍ യഥാര്‍ഥ എണ്ണം ഇതിലും കൂടുതലായിരിക്കാമെന്നാണ് വിലയിരുത്തല്‍.