ആറ് വര്‍ഷമായി ഇന്ത്യയില്‍ കഴിയുന്ന പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പിതാവിനൊപ്പം കാനഡയിലേക്ക് തിരിച്ചയക്കണമെന്ന ഡല്‍ഹി ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. കുട്ടിയുടെ അമ്മ നല്‍കിയ അപ്പീല്‍ ഓഗസ്റ്റ് 31ന് സുപ്രീം കോടതി തള്ളി.ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, പ്രസന്ന ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് അമ്മയുടെ ഹര്‍ജി തള്ളിയത്. ഹൈക്കോടതി ഉത്തരവില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കിയ കോടതി, പ്രത്യേക അനുമതി ഹര്‍ജി തള്ളുകയായിരുന്നു.
ജൂലൈ മൂന്നിനാണ് ഡല്‍ഹി ഹൈക്കോടതി കുട്ടിയെ ആറ് ആഴ്ചയ്ക്കുള്ളില്‍ കാനഡയിലേക്ക് തിരിച്ചയക്കാന്‍ അമ്മയ്ക്ക് നിര്‍ദേശം നല്‍കിയത്. കുട്ടിയുടെ താല്‍ക്കാലിക കസ്റ്റഡി പിതാവിന് കൈമാറണമെന്നും കോടതി ഉത്തരവിട്ടിരുന്നു.
2015 ജനുവരിയിലാണ് ദമ്പതികള്‍ വിവാഹിതരായത്. ആദ്യം അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ താമസിച്ചിരുന്ന ഇരുവരും സ്ഥിരതാമസാനുമതി ലഭിച്ചതിന് പിന്നാലെ 2018ല്‍ കാനഡയിലെ മിസിസാഗയിലേക്ക് മാറി. എന്നാല്‍ പിന്നീട് ദാമ്പത്യബന്ധത്തില്‍ തര്‍ക്കങ്ങള്‍ ഉടലെടുത്തു.2019 ഒക്ടോബറില്‍ ഭാര്യ മൂന്ന് വയസ്സുള്ള മകനുമായി ഭര്‍ത്താവിന്റെ അറിവില്ലാതെ കാനഡ വിട്ട് ഇന്ത്യയിലെത്തുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ കസ്റ്റഡി ആവശ്യപ്പെട്ട് പിതാവ് കാനഡയിലെ കോടതിയെ സമീപിച്ചു.
2020 മാര്‍ച്ചില്‍ കാനഡയിലെ കോടതി കുട്ടിയെ കാനഡയിലേക്ക് തിരിച്ചയക്കാന്‍ ഉത്തരവിടുകയും പിതാവിന് താല്‍ക്കാലിക ഏക കസ്റ്റഡി അനുവദിക്കുകയും ചെയ്തു. പിതാവിന്റെ സമ്മതമോ കോടതിയുടെ അനുമതിയോ ഇല്ലാതെ കുട്ടിയെ കാനഡയുടെ അധികാരപരിധിക്ക് പുറത്തേക്ക് കൊണ്ടുപോകുന്നതിനും കോടതി വിലക്ക് ഏര്‍പ്പെടുത്തി.
ഇതിന് പിന്നാലെയാണ് പിതാവ് അഭിഭാഷകന്‍ പ്രഭ്ജിത് ജൗഹര്‍ മുഖേന ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. കുട്ടിയെ ഭാര്യ ഇന്ത്യയില്‍ നിയമവിരുദ്ധമായി തടഞ്ഞുവച്ചിരിക്കുകയാണെന്നും കാനഡയിലെ കോടതി കുട്ടിയെ തിരിച്ചയക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയാണ് നല്‍കിയത്.
കസ്റ്റഡി നടപടികളില്‍ പങ്കെടുത്തതിലൂടെ കുട്ടിയുടെ അമ്മ കാനഡയിലെ കോടതിയുടെ അധികാരപരിധി സ്വമേധയാ അംഗീകരിച്ചിരുന്നുവെന്നും ഇരുവിഭാഗങ്ങളുടെയും വാദം കേട്ട ശേഷമാണ് 2020ലെ കസ്റ്റഡി ഉത്തരവ് പുറപ്പെടുവിച്ചതെന്നും പിതാവ് ഹൈക്കോടതിയില്‍ വാദിച്ചു.
എന്നാല്‍ വിദേശ കോടതിയുടെ കസ്റ്റഡി ഉത്തരവ് ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലൂടെ നടപ്പാക്കാനാണ് ഭര്‍ത്താവ് ശ്രമിക്കുന്നതെന്നും അത് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും അമ്മ വാദിച്ചു. കുട്ടി കഴിഞ്ഞ ആറ് വര്‍ഷമായി ഇന്ത്യയിലാണ് താമസിക്കുന്നതെന്നും ഇവിടെ സ്ഥിരമായ ജീവിതസാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടുകഴിഞ്ഞ കുട്ടിയെ കാനഡയിലേക്ക് തിരിച്ചയക്കുന്നത് അവന്റെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്നും അമ്മ ചൂണ്ടിക്കാട്ടി.
എന്നാല്‍ ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവില്‍ ഇടപെടാന്‍ കാരണമില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി അമ്മയുടെ അപ്പീല്‍ തള്ളുകയായിരുന്നു.