യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റു; ഗുരുതര പരുക്ക്; മലയാളി ദമ്പതികള്‍ അറസ്റ്റില്‍

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റു; ഗുരുതര പരുക്ക്; മലയാളി ദമ്പതികള്‍ അറസ്റ്റില്‍
യുകെയിലെ സൗത്താംപ്ടണില്‍ മലയാളി യുവാവിന് കുത്തേറ്റു. പോര്‍ട്‌സ്വുഡിലെ ബ്രൂക്ക് വെയില്‍ റോഡിലെ ഫ്‌ലാറ്റില്‍ ചൊവ്വാഴ്ച രാത്രി 10 മണിക്ക് ശേഷമാണ് സംഭവം. വയറിന് കുത്തേറ്റ 36കാരനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ ചികിത്സയില്‍ തുടരുകയാണെന്ന് ഹാംപ്ഷയര്‍ പൊലീസ് അറിയിച്ചു.സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘമാണ് യുവാവിനെ ഗുരുതര പരുക്കുകളോടെ കണ്ടെത്തിയത്. തുടര്‍ന്ന് പാരാമെഡിക്കുകള്‍ ഇയാളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് സൗത്താംപ്ടണില്‍ താമസിക്കുന്ന 38കാരനായ പുരുഷനെയും 29കാരിയായ സ്ത്രീയെയും പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകശ്രമം നടത്തിയെന്ന സംശയത്തിലാണ് പുരുഷനെ അറസ്റ്റ് ചെയ്തത്. കുറ്റകൃത്യത്തിന് സഹായം നല്‍കിയെന്ന സംശയത്തിലാണ് സ്ത്രീ അറസ്റ്റിലായത്.

സംഭവം രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണെന്ന സൂചനകളുണ്ടെങ്കിലും ഇക്കാര്യം പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അറസ്റ്റിലായവരുടെ പേരുവിവരങ്ങളും പൊലീസ് പുറത്തുവിട്ടിട്ടില്ല.

സംഭവ സ്ഥലത്തുനിന്ന് ഒരു കത്തി പൊലീസ് കണ്ടെടുത്തു. ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് പൊലീസ് സാന്നിധ്യവും ശക്തമാക്കിയിരുന്നു.

സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചിട്ടുള്ളവര്‍ പൊലീസുമായി ബന്ധപ്പെടണമെന്ന് ഹാംപ്ഷയര്‍ പൊലീസ് അഭ്യര്‍ഥിച്ചു. അന്വേഷണം തുടരുകയാണ്.

Other News in this category



4malayalees Recommends