കാനഡയിലെ തൊഴില്‍ വിപണിക്ക് തിരിച്ചടി; ഓഗസ്റ്റില്‍ 41,700 തൊഴില്‍ അവസരങ്ങള്‍ കുറഞ്ഞു

കാനഡയിലെ തൊഴില്‍ വിപണിക്ക് തിരിച്ചടി; ഓഗസ്റ്റില്‍ 41,700 തൊഴില്‍ അവസരങ്ങള്‍ കുറഞ്ഞു
കാനഡയിലെ തൊഴില്‍ വിപണിയ്ക്ക് ഓഗസ്റ്റില്‍ തിരിച്ചടി. തുടര്‍ച്ചയായി നാല് മാസം തൊഴില്‍ അവസരങ്ങള്‍ വര്‍ധിച്ചതിന് പിന്നാലെ ഓഗസ്റ്റില്‍ രാജ്യത്ത് 41,700 തൊഴില്‍ അവസരങ്ങള്‍ കുറഞ്ഞതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.പൂര്‍ണസമയ തൊഴിലുകളാണ് ഇടിവിന് പ്രധാന കാരണം. ഇവയില്‍ 35,900 എണ്ണമാണ് കുറഞ്ഞത്. പാര്‍ട്ട് ടൈം തൊഴിലുകളില്‍ 5,800 എണ്ണവും കുറഞ്ഞു. ജൂലൈയില്‍ 75,100 തൊഴിലവസരങ്ങള്‍ കൂട്ടിച്ചേര്‍ത്തതിന് പിന്നാലെയാണ് ഓഗസ്റ്റിലെ തിരിച്ചടി. ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ ആകെ 1,81,000 തൊഴിലവസരങ്ങളാണ് കാനഡയില്‍ വര്‍ധിച്ചത്.

തൊഴില്‍ അവസരങ്ങള്‍ കുറഞ്ഞെങ്കിലും രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 6.4 ശതമാനമായി മാറ്റമില്ലാതെ തുടര്‍ന്നു. യുവാക്കള്‍ക്കിടയിലെ തൊഴില്‍ 19,000 കുറഞ്ഞപ്പോള്‍ 25നും 54നും ഇടയില്‍ പ്രായമുള്ളവരുടെ തൊഴില്‍ 16,000 കുറഞ്ഞു. യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് 12.9 ശതമാനമാണ്.

ബിസിനസ്, കെട്ടിടനിര്‍മാണം, മറ്റ് പിന്തുണാ സേവനങ്ങള്‍, പൊതുഭരണം, പ്രകൃതിവിഭവങ്ങള്‍, യൂട്ടിലിറ്റീസ് തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും തൊഴില്‍ നഷ്ടമുണ്ടായത്. അതേസമയം, നിര്‍മാണമേഖലയില്‍ 22,000 തൊഴിലവസരങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

കാനഡയുടെ കയറ്റുമതിക്ക് യുഎസ് പുതിയ തീരുവകള്‍ ഏര്‍പ്പെടുത്തിയതും വ്യാപാര മേഖലയിലെ അനിശ്ചിതത്വവും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തൊഴില്‍ വിപണിയിലെ ഈ മന്ദഗതി. ശമ്പള വര്‍ധനയിലും നേരിയ കുറവുണ്ടായി. ഓഗസ്റ്റില്‍ ശരാശരി മണിക്കൂര്‍ വേതനം വാര്‍ഷികാടിസ്ഥാനത്തില്‍ 2 ശതമാനം ഉയര്‍ന്ന് 37.02 കനേഡിയന്‍ ഡോളറിലെത്തി. ജൂലൈയിലെ 2.8 ശതമാനം വളര്‍ച്ചയേക്കാള്‍ കുറവാണിത്.

തൊഴില്‍ വിപണിയുടെ സമീപകാല മുന്നേറ്റത്തിന് വേഗത കുറഞ്ഞതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വ്യാപാര മേഖലയിലെ സമ്മര്‍ദം, സാമ്പത്തിക അനിശ്ചിതത്വം, വിവിധ മേഖലകളിലെ ആവശ്യകതയിലെ മാറ്റങ്ങള്‍ എന്നിവ വരും മാസങ്ങളിലും നിയമനങ്ങളെയും തൊഴില്‍ അവസരങ്ങളെയും സ്വാധീനിക്കാനിടയുണ്ട്.

Other News in this category



4malayalees Recommends