കൈമുട്ടുകളും കാല്‍പാദങ്ങളും തല്ലിയൊടിച്ചു,മുടി പിഴുതു ; ഇറാനില്‍ ഇരട്ട സഹോദരിമാര്‍ക്ക് വധശിക്ഷയും കഠിന തടവും

കൈമുട്ടുകളും കാല്‍പാദങ്ങളും തല്ലിയൊടിച്ചു,മുടി പിഴുതു ; ഇറാനില്‍ ഇരട്ട സഹോദരിമാര്‍ക്ക് വധശിക്ഷയും കഠിന തടവും
സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തെന്നാരോപിച്ച് ഇറാനില്‍ ഇരട്ട സഹോദരിമാര്‍ക്ക് കടുത്ത ശിക്ഷ. തരാനെ റഹീമിക്ക് വധശിക്ഷ വിധിച്ചപ്പോള്‍ സഹോദരി റോമിന റഹീമിക്ക് 25 വര്‍ഷത്തെ തടവാണ് കോടതി വിധിച്ചത്.ജനുവരി എട്ടിനും ഒന്‍പതിനും ഇസ്ഫഹാനില്‍ നടന്ന സര്‍ക്കാര്‍വിരുദ്ധ പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിനാണ് ഇരുവര്‍ക്കുമെതിരെ നടപടിയെടുത്തത്. 19 വയസ്സുള്ളപ്പോഴാണ് ഇരുവരെയും വീട്ടില്‍നിന്ന് മുഖംമൂടി ധരിച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. തുടര്‍ന്ന് നാല് മാസത്തോളം ഇവരെക്കുറിച്ച് കുടുംബത്തിന് വിവരമൊന്നും ലഭിച്ചിരുന്നില്ല.

പിന്നീട് ഇസ്ഫഹാനിലെ ദൗലതാബാദ് ജയിലിലാണ് ഇരുവരെയും തടവില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്ന് കുടുംബം അറിഞ്ഞു. മക്കളെ കാണാന്‍ അനുമതി ലഭിച്ചപ്പോള്‍ ഗുരുതരമായി മര്‍ദിക്കപ്പെട്ട നിലയിലായിരുന്നുവെന്ന് അമ്മ ആരോപിച്ചു. കൈമുട്ടുകളും കാല്‍പാദങ്ങളും ഒടിഞ്ഞതായും ശരീരത്തില്‍ പരുക്കുകളുണ്ടായിരുന്നതായും മുടി പിഴുതെടുത്തിരുന്നതായും ബന്ധുക്കള്‍ പറയുന്നു.

തരാനെയില്‍ നിന്ന് പീഡനത്തിലൂടെയാണ് കുറ്റസമ്മതം നേടിയതെന്നും കുടുംബം ആരോപിക്കുന്നു. കുറ്റസമ്മത രേഖയില്‍ ഒപ്പിട്ടില്ലെങ്കില്‍ സഹോദരി റോമിനയെ ലൈംഗികമായി ആക്രമിക്കുമെന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയതായി തരാനെ കോടതിയില്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രതിഷേധത്തിനിടെ ഇരുവരും അക്രമത്തില്‍ പങ്കെടുത്തതിന് തെളിവുകള്‍ ഹാജരാക്കിയിട്ടില്ലെന്നും അഭിഭാഷകര്‍ വാദിച്ചു.

വധശിക്ഷയ്ക്കെതിരെ അപ്പീല്‍ നല്‍കാന്‍ സാധാരണയായി നിയമപരമായ സമയം അനുവദിക്കപ്പെടുന്നുണ്ടെങ്കിലും ഈ കേസില്‍ നടപടിക്രമങ്ങള്‍ പാലിക്കപ്പെട്ടില്ലെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഇറാനിലെ മനുഷ്യാവകാശ സാഹചര്യം സംബന്ധിച്ച് അന്താരാഷ്ട്ര തലത്തിലും കടുത്ത വിമര്‍ശനം തുടരുകയാണ്

Other News in this category



4malayalees Recommends