'കള്ളപ്പണം എന്ന് വീണ അംഗീകരിച്ചുവെന്നത് പൂര്‍ണമായും കള്ളപ്രചാരണം'; മികച്ച തിരക്കഥക്ക് അവാര്‍ഡ് കൊടുക്കണമെന്ന് മുഹമ്മദ് റിയാസ്

'കള്ളപ്പണം എന്ന് വീണ അംഗീകരിച്ചുവെന്നത് പൂര്‍ണമായും കള്ളപ്രചാരണം'; മികച്ച തിരക്കഥക്ക് അവാര്‍ഡ് കൊടുക്കണമെന്ന് മുഹമ്മദ് റിയാസ്
ഇഡി ആരോപണത്തിനെതിരെ മറുപടിയുമായി സിപിഎം നേതാവ് പി.എ. മുഹമ്മദ് റിയാസ്. വാര്‍ത്തകള്‍ ബോധപൂര്‍വം സമൂഹത്തില്‍ മോശമായ പ്രതിച്ഛായ ഉണ്ടാക്കാന്‍ വേണ്ടിയാണ് പ്രചരിപ്പിക്കുന്നതെന്നും പ്രധാനപ്പെട്ട തെളിവാണെങ്കില്‍ ഇത് ഇങ്ങനെയാണോ പുറത്തുവിടുന്നതെന്നും അദ്ദേഹം ചോദിച്ചു. കള്ളപ്പണം എന്ന് വീണ അംഗീകരിച്ചുവെന്നത് പൂര്‍ണമായും കള്ളപ്രചാരണമാണ്. പലയിടങ്ങളിലും റെയ്ഡ് നടന്നു, മൂന്ന് തവണ വീണയെ ചോദ്യം ചെയ്യുകയും ചെയ്തു. എന്നാല്‍ ഹവാലയെക്കുറിച്ച് ഒരു ചോദ്യം പോലും ഇ.ഡി ചോദിച്ചിട്ടില്ല. മൊഴിപ്പകര്‍പ്പൊക്കെ അവരുടെ കൈയില്‍ കാണുമല്ലോ. വിശാല സംസ്ഥാന സമിതി സമാപിക്കുന്ന ദിവസം തന്നെ ഇത് പുറത്തുവിടാന്‍ എന്തിന് തിരഞ്ഞെടുത്തുവെന്നും റിയാസ് ചോദിച്ചു. 'നമ്മള്‍ ബേപ്പൂര്‍' എന്ന പേരില്‍ ഒരു ഗ്രൂപ്പുണ്ട്, അതില്‍ വിവിധ മേഖലകളിലുള്ള ആളുകളുമുണ്ട്. എല്ലാ കാര്യങ്ങള്‍ക്കും മറുപടി പറയേണ്ടതില്ലെന്നാണ് നിയമോപദേശം ലഭിച്ചിട്ടുള്ളത്. എന്നാല്‍ എല്ലാറ്റിനോടും മിണ്ടാതിരിക്കാനാകില്ല.

ഇ.ഡിയെ പോലൊരു കേന്ദ്ര ഏജന്‍സി നല്‍കുന്ന കാര്യങ്ങള്‍ തെളിവെന്ന നിലയില്‍ പുറത്തുവിടുന്നത് ശരിയല്ല. ഇതിനെ നിയമപരമായി തന്നെ കൈകാര്യം ചെയ്യും, ഒരു തരത്തിലും ഭയപ്പെടില്ല. ഇത് വളരെ കൃത്യമായി എഴുതിയ ഒരു തിരക്കഥയാണ്. മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്‌കാരം നല്‍കണം. ബാക്കിയെല്ലാം വഴിയേ തെളിയും, ജനങ്ങള്‍ ഒപ്പമുണ്ടാകും. കരിവാരിത്തേക്കാന്‍ ശ്രമിച്ചാല്‍ അത് വിലപ്പോകില്ല, നൂറ് ശതമാനം ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബിസിനസിനെക്കുറിച്ച് വീണ നല്‍കിയ മൊഴി കൂടി ചോര്‍ത്താന്‍ ഇ.ഡിയോയോട് ആവശ്യപ്പെടണം. രേഖയ്ക്ക് താഴെ ഇടുന്ന ഒപ്പ് അതിലെ കാര്യങ്ങള്‍ സമ്മതിച്ചു എന്നതിന്റെ തെളിവല്ല. പലരും ഭയന്ന് മിണ്ടാതിരിക്കുകയാണ്. 'മഞ്ഞയില വീഴുമ്പോള്‍ പച്ചില ചിരിക്കേണ്ട' എന്ന കാര്യം ഓര്‍ക്കുന്നത് നല്ലതാണ്. തുടങ്ങാനിരിക്കുന്ന ബിസിനസുമായി ബന്ധപ്പെടുത്തി കഥകള്‍ മെനയുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

Other News in this category



4malayalees Recommends