സമരത്തിനിടെ രാഹുല്‍ ഗാന്ധി കഴിച്ചത് ചിക്കന്‍ റോള്‍? ഭക്ഷണത്തിന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ വിദ്വേഷ പ്രചാരണം

സമരത്തിനിടെ രാഹുല്‍ ഗാന്ധി കഴിച്ചത് ചിക്കന്‍ റോള്‍? ഭക്ഷണത്തിന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ വിദ്വേഷ പ്രചാരണം
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യം നടത്തിയ പ്രതിഷേധത്തിനിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍ ശ്രദ്ധേയമായിരുന്നു. ഡല്‍ഹി പൊലീസ് സമരം തടഞ്ഞെങ്കിലും ആകാശവാണി ഭവന് മുന്നില്‍ മണിക്കൂറുകളോളം ധര്‍ണ നടത്തിയ രാഹുല്‍ ഗാന്ധിയെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു.

എന്നാല്‍ പ്രതിഷേധത്തിന് പിന്നാലെ രാഹുല്‍ ഗാന്ധി കഴിച്ച ഭക്ഷണത്തിന്റെ പേരിലാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വിവാദവും വിദ്വേഷ പ്രചാരണവും നടക്കുന്നത്. സമരത്തിനിടെ രാഹുല്‍ ഗാന്ധി ഒരു റോള്‍ കഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. അദ്ദേഹത്തിനൊപ്പം സമരത്തിലുണ്ടായിരുന്ന പ്രവര്‍ത്തകരും ഇതേ ഭക്ഷണം കഴിക്കുന്നതായി വീഡിയോയില്‍ കാണാം.

ഡല്‍ഹിയിലെ പ്രശസ്തമായ ഖാന്‍ ചാച്ചയില്‍ നിന്ന് എത്തിച്ച ഭക്ഷണമാണ് രാഹുല്‍ ഗാന്ധിയും സഹപ്രവര്‍ത്തകരും കഴിച്ചതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇത് ചിക്കന്‍ റോള്‍ ആയിരുന്നെന്നും പിതൃപക്ഷ കാലത്ത് രാഹുല്‍ ഗാന്ധി മാംസാഹാരം കഴിച്ചെന്നുമാണ് ചില സമൂഹമാധ്യമ അക്കൗണ്ടുകളുടെ ആരോപണം.

ഹിന്ദു ആചാരപ്രകാരം പിതൃക്കള്‍ക്ക് തര്‍പ്പണം നടത്തുന്നതിനുള്ള 16 ദിവസത്തെ കാലയളവാണ് പിതൃപക്ഷം. ഇതിന്റെ പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധി മാംസാഹാരം കഴിച്ചതിനെ ചോദ്യം ചെയ്ത് ചിലര്‍ രംഗത്തെത്തിയത്.

പിതൃപക്ഷത്തിലെ ചൊവ്വാഴ്ച രാഹുല്‍ ഗാന്ധി മാംസാഹാരം കഴിച്ചെന്നും ഗാന്ധി കുടുംബം 'ഹിന്ദു ദ്രോഹികള്‍' ആണെന്നും ആരോപിച്ചുള്ള പോസ്റ്റുകളും എക്സില്‍ പ്രചരിക്കുന്നുണ്ട്. അതേസമയം രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Other News in this category



4malayalees Recommends