കാല്‍ഗറിയില്‍ കാല്‍നടയാത്രക്കാരനുമായി വാക്കേറ്റം; ഇന്ത്യന്‍ വംശജയായ യുവതി അറസ്റ്റില്‍

കാല്‍ഗറിയില്‍ കാല്‍നടയാത്രക്കാരനുമായി വാക്കേറ്റം; ഇന്ത്യന്‍ വംശജയായ യുവതി അറസ്റ്റില്‍
കാല്‍ഗറി: കാനഡയിലെ കാല്‍ഗറിയില്‍ കാല്‍നടയാത്രക്കാരനുമായുണ്ടായ സംഘര്‍ഷം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതിന് പിന്നാലെ ഇന്ത്യന്‍ വംശജയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

റോഡ് മുറിച്ചുകടക്കുകയായിരുന്ന കാല്‍നടയാത്രക്കാരന് വാഹനം വഴി നല്‍കാതിരുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കമെന്നാണ് ഓണ്‍ലൈനില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ദൃശ്യങ്ങള്‍ ഇയാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ തുടങ്ങിയതോടെ സ്ഥിതി വഷളായെന്നാണ് വിവരം.

വാഹനത്തിന്റെ പാസഞ്ചര്‍ സീറ്റില്‍നിന്ന് പുറത്തിറങ്ങിയ യുവതി ഇയാളുടെ അടുത്തേക്ക് എത്തുന്നതും ഫോണ്‍ ഉപയോഗിച്ച് തന്നെ ചിത്രീകരിക്കുന്നത് നിയമവിരുദ്ധമാണെന്ന് പറയുന്നതും ദൃശ്യങ്ങളിലുണ്ട്. തുടര്‍ന്ന് യുവതി ഇയാളുടെ ഫോണിലേക്ക് കൈ നീട്ടുകയും പിന്നീട് സംഘര്‍ഷം ശാരീരിക ഏറ്റുമുട്ടലിലേക്ക് നീങ്ങുകയും ചെയ്തു.

ഇയാള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് തുടരുന്നതിനിടെ യുവതി ഇയാളുടെ ബാക്ക്പാക്കില്‍ പിടിച്ച് റോഡിന് കുറുകെ വലിച്ചിഴയ്ക്കാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തു. വാഹനം ഓടിച്ചിരുന്നത് യുവതിയുടെ ഭര്‍ത്താവായിരുന്നുവെന്നും വാഹനത്തിന് സാധുവായ ഇന്‍ഷുറന്‍സ് ഇല്ലായിരുന്നുവെന്നും ഓണ്‍ലൈനില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു.

എന്നാല്‍, വൈറലായ വീഡിയോയെക്കുറിച്ചും ഇന്‍ഷുറന്‍സ് സംബന്ധിച്ച ആരോപണത്തെക്കുറിച്ചും അധികൃതര്‍ ഇതുവരെ വിശദമായ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല

Other News in this category



4malayalees Recommends