ഇന്ത്യ-കാനഡ സുരക്ഷാ സഹകരണം ശക്തമാക്കും; ഭീകരവാദവും മയക്കുമരുന്ന് കടത്തും നേരിടാന്‍ ധാരണ

ഇന്ത്യ-കാനഡ സുരക്ഷാ സഹകരണം ശക്തമാക്കും; ഭീകരവാദവും മയക്കുമരുന്ന് കടത്തും നേരിടാന്‍ ധാരണ
അതിര്‍ത്തി കടന്നുള്ള സംഘടിത കുറ്റകൃത്യങ്ങള്‍, ഭീകരവാദം, മയക്കുമരുന്ന് കടത്ത്, കുറ്റവാളികളുടെ കൈമാറ്റം എന്നിവയ്ക്കെതിരെ സഹകരണം ശക്തമാക്കാന്‍ ഇന്ത്യയും കാനഡയും ധാരണയിലെത്തി. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും കാനഡ പ്രധാനമന്ത്രിയുടെ മുതിര്‍ന്ന നയതന്ത്ര-അന്താരാഷ്ട്രകാര്യ ഉപദേഷ്ടാവ് ഡേവിഡ് മോറിസണും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ഒക്ടോബര്‍ 5 മുതല്‍ 7 വരെ ഇന്ത്യ സന്ദര്‍ശിച്ച മോറിസണ്‍ ചൊവ്വാഴ്ച ഡോവലുമായി സുരക്ഷാ ചര്‍ച്ച നടത്തി.

ഇരു രാജ്യങ്ങളും തമ്മിലുള്ള സുരക്ഷാ, നിയമപാലന സഹകരണത്തിലെ പുരോഗതി കൂടിക്കാഴ്ചയില്‍ വിലയിരുത്തി. 2026 ഫെബ്രുവരിയില്‍ രൂപീകരിച്ച സംയുക്ത 'സെക്യൂരിറ്റി വര്‍ക്ക് പ്ലാന്‍' നടപ്പാക്കുന്നതിലെ പുരോഗതിയും അവലോകനം ചെയ്തു.

അതിര്‍ത്തി കടന്നുള്ള സംഘടിത കുറ്റകൃത്യങ്ങള്‍, ഭീകരവാദം, അക്രമാത്മക തീവ്രവാദം, മനുഷ്യക്കടത്ത്, മയക്കുമരുന്ന് കടത്ത്, സൈബര്‍ കുറ്റകൃത്യങ്ങള്‍, പണം തട്ടിയെടുക്കല്‍, കുറ്റവാളികളെ കൈമാറല്‍ തുടങ്ങിയ മേഖലകളില്‍ ഏകോപനം കൂടുതല്‍ ശക്തമാക്കുമെന്ന് ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

സൈബര്‍ സുരക്ഷ, സാമ്പത്തിക സുരക്ഷ തുടങ്ങിയ മേഖലകളില്‍ ഘടനാപരമായ ചര്‍ച്ചകള്‍ ആരംഭിക്കുന്നതടക്കമുള്ള കൂടുതല്‍ പ്രായോഗിക സഹകരണ സാധ്യതകളും പരിശോധിക്കും.

പരസ്പര താല്‍പര്യമുള്ള വിഷയങ്ങളില്‍ വേഗത്തിലുള്ള ആശയവിനിമയവും സമയബന്ധിതമായ വിവര കൈമാറ്റവും ഉറപ്പാക്കുന്നതിനായി നിലവിലുള്ള സംവിധാനങ്ങള്‍ ശക്തിപ്പെടുത്താനും പുതിയ ആശയവിനിമയ മാര്‍ഗങ്ങള്‍ രൂപീകരിക്കാനും ഇരു രാജ്യങ്ങളും ധാരണയിലെത്തി.

Other News in this category



4malayalees Recommends