റഷ്യന്‍ ഇന്ധനം ഓസ്ട്രേലിയയ്ക്ക് ആവശ്യമില്ല, ട്രംപിന്റെ റഷ്യയുമായുള്ള എണ്ണ ഇടപാടിനെതിരെ പ്രതികരിച്ച് ഓസ്ട്രേലിയന്‍ ഊര്‍ജമന്ത്രി ക്രിസ് ബോവന്‍

റഷ്യന്‍ ഇന്ധനം ഓസ്ട്രേലിയയ്ക്ക് ആവശ്യമില്ല, ട്രംപിന്റെ റഷ്യയുമായുള്ള എണ്ണ ഇടപാടിനെതിരെ പ്രതികരിച്ച് ഓസ്ട്രേലിയന്‍ ഊര്‍ജമന്ത്രി ക്രിസ് ബോവന്‍
റഷ്യയുമായി അമേരിക്ക നടത്തുന്ന പുതിയ എണ്ണ ഇടപാടിനെതിരെ ശക്തമായ നിലപാടുമായി ഓസ്ട്രേലിയന്‍ ഊര്‍ജമന്ത്രി ക്രിസ് ബോവന്‍. റഷ്യന്‍ ഇന്ധനം ഓസ്ട്രേലിയയ്ക്ക് ആവശ്യമില്ലെന്നും എണ്ണ വിതരണവുമായി ബന്ധപ്പെട്ട നിലവിലെ നയത്തില്‍ മാറ്റം വരുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി ബന്ധപ്പെട്ട എണ്ണ ഇടപാടിനെ പ്രശംസിച്ചതിന് പിന്നാലെയാണ് ഓസ്ട്രേലിയയുടെ പ്രതികരണം. അമേരിക്കയില്‍ ഇന്ധനവില കുറയ്ക്കാന്‍ സഹായിക്കുന്ന വിജയകരമായ കരാറാണിതെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഉപരോധങ്ങള്‍ നേരിടുന്ന റഷ്യയില്‍നിന്ന് ദശലക്ഷക്കണക്കിന് ബാരല്‍ എണ്ണ ആഗോള വിപണിയിലെത്തിക്കാന്‍ ഇടപാട് വഴിയൊരുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കരാറിലൂടെ റഷ്യയ്ക്ക് വന്‍ സാമ്പത്തിക നേട്ടമുണ്ടാകുമെന്നും ലഭിക്കുന്ന വരുമാനം യുക്രെയ്ന്‍ യുദ്ധത്തിനായി ഉപയോഗിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഇറാനെതിരായ യുദ്ധത്തില്‍ അമേരിക്കയും ഇസ്രയേലും ഏര്‍പ്പെട്ടതിനെത്തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെ മാര്‍ച്ച് മുതല്‍ ആഗോള എണ്ണവില കുത്തനെ ഉയര്‍ന്നിരുന്നു. ലോകത്തെ എണ്ണ-പ്രകൃതിവാതക വിതരണത്തിന്റെ ഏകദേശം അഞ്ചിലൊന്ന് കടന്നുപോകുന്ന പ്രധാന സമുദ്രപാതയാണ് ഹോര്‍മുസ് കടലിടുക്ക്.

'ഓസ്ട്രേലിയയ്ക്ക് റഷ്യന്‍ ഇന്ധനം ആവശ്യമില്ല. മധ്യപൂര്‍വദേശത്തെ യുദ്ധത്തില്‍നിന്ന് പുടിന്‍ നേട്ടമുണ്ടാക്കുന്നതും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. അമേരിക്ക എന്ത് തീരുമാനമെടുക്കുന്നു എന്നത് അവരുടെ കാര്യമാണ്. എന്നാല്‍ ഞങ്ങളുടെ സമീപനത്തില്‍ മാറ്റമുണ്ടാകില്ല,' എന്ന് ക്രിസ് ബോവന്‍ പറഞ്ഞു.

Other News in this category



4malayalees Recommends