അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്ക് പിന്തുണയുമായി കാനഡ; അമേരിക്കയുടെ ഉപരോധ നീക്കത്തിനെതിരെ എട്ട് രാജ്യങ്ങള്‍

അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്ക് പിന്തുണയുമായി കാനഡ; അമേരിക്കയുടെ ഉപരോധ നീക്കത്തിനെതിരെ എട്ട് രാജ്യങ്ങള്‍
അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്ക് എതിരായ അമേരിക്കയുടെ ഉപരോധ നീക്കത്തില്‍ പ്രതിഷേധിച്ച് കോടതിക്ക് പിന്തുണ പ്രഖ്യാപിച്ച് കാനഡ ഉള്‍പ്പെടെ എട്ട് രാജ്യങ്ങള്‍. ഡെന്‍മാര്‍ക്ക്, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, ജപ്പാന്‍, നെതര്‍ലന്‍ഡ്സ്, യുകെ എന്നിവയാണ് കാനഡയ്‌ക്കൊപ്പം സംയുക്ത പ്രസ്താവന പുറത്തിറക്കിയത്.

അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ സ്വാതന്ത്ര്യം, നിഷ്പക്ഷത, വിശ്വാസ്യത എന്നിവയ്ക്കുള്ള പിന്തുണ തുടരുമെന്ന് രാജ്യങ്ങള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. ഉപരോധം പ്രാബല്യത്തില്‍ വന്നാല്‍ കോടതിയുടെ പ്രവര്‍ത്തനങ്ങളെയും ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും കാര്യമായി ബാധിക്കുമെന്നും പ്രസ്താവന മുന്നറിയിപ്പ് നല്‍കി. ഗുരുതരമായ അന്താരാഷ്ട്ര കുറ്റകൃത്യങ്ങള്‍ ആരോപിക്കപ്പെടുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും ഇരകള്‍ക്ക് നീതി ഉറപ്പാക്കാനും കോടതി നിര്‍ണായക പങ്കുവഹിക്കുന്നുണ്ടെന്നും രാജ്യങ്ങള്‍ ചൂണ്ടിക്കാട്ടി.

അമേരിക്കന്‍ ധനകാര്യ സേവനങ്ങള്‍, സാങ്കേതിക കമ്പനികള്‍, യുഎസ് കറന്‍സി എന്നിവ ഉപയോഗിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതാണ് ഉപരോധ നടപടികള്‍. അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കും എതിരായ അന്വേഷണങ്ങള്‍, പ്രത്യേകിച്ച് ഇസ്രയേലുമായി ബന്ധപ്പെട്ട നടപടികള്‍, തടയുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഉപരോധമെന്നാണ് റിപ്പോര്‍ട്ട്.

അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ വെള്ളിയാഴ്ചയാണ് ഉപരോധം പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ വിമര്‍ശിച്ച അദ്ദേഹം, അമേരിക്കയ്‌ക്കെതിരായ നടപടികള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ കോടതിയെ ഘട്ടംഘട്ടമായി തകര്‍ക്കാനുള്ള നീക്കം തുടരുമെന്നും മുന്നറിയിപ്പ് നല്‍കി.

നൊബേല്‍ സമാധാന പുരസ്‌കാരം ദക്ഷിണാഫ്രിക്കന്‍ നിയമവിദഗ്ധ നവീ പിള്ളയ്ക്ക് ലഭിച്ചതിന് പിന്നാലെയാണ് ഉപരോധ പ്രഖ്യാപനം. കഴിഞ്ഞ വര്‍ഷം ഗാസയിലെ പലസ്തീനികളെ നശിപ്പിക്കാനുള്ള പ്രത്യേക ഉദ്ദേശ്യത്തോടെ ഇസ്രയേല്‍ വംശഹത്യ നടത്തിയെന്ന നിഗമനത്തിലെത്തിയ അന്വേഷണ കമ്മീഷന് പിള്ള നേതൃത്വം നല്‍കിയിരുന്നു.


അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അമേരിക്ക നേരത്തെയും ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ ഉദ്യോഗസ്ഥരുടെ നടപടികളെക്കുറിച്ചുള്ള അന്വേഷണത്തിന് അനുമതി നല്‍കിയ കനേഡിയന്‍ ജഡ്ജി കിംബര്‍ലി പ്രോസ്റ്റും ഉപരോധം നേരിട്ടിരുന്നു

Other News in this category



4malayalees Recommends