സിഡ്നിയില്‍ 36കാരനെ കുത്തിക്കൊലപ്പെടുത്തി; 13കാരനെതിരെ കൊലക്കുറ്റം, 16കാരനും അറസ്റ്റില്‍

സിഡ്നിയില്‍ 36കാരനെ കുത്തിക്കൊലപ്പെടുത്തി; 13കാരനെതിരെ കൊലക്കുറ്റം, 16കാരനും അറസ്റ്റില്‍
ഓസ്ട്രേലിയയിലെ സിഡ്നിയുടെ പടിഞ്ഞാറന്‍ മേഖലയില്‍ 36കാരനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ 13 വയസ്സുകാരനെതിരെ കൊലക്കുറ്റം ചുമത്തി. സംഭവവുമായി ബന്ധപ്പെട്ട് 16 വയസ്സുകാരനെയും പൊലീസ് അറസ്റ്റ് ചെയ്തു. മൗണ്ട് ഡ്രൂയിറ്റില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.

ആക്രമണത്തില്‍ പരിക്കേറ്റയാളെ കണ്ടെത്തിയ പൊലീസ് ഉടന്‍തന്നെ പാരാമെഡിക്കുകളുടെ സഹായം ലഭ്യമാക്കിയെങ്കിലും സംഭവസ്ഥലത്തുതന്നെ മരണം സംഭവിച്ചു.

ഞായറാഴ്ച മൗണ്ട് ഡ്രൂയിറ്റ് പൊലീസ് സ്റ്റേഷനില്‍വെച്ചാണ് 13കാരനെ അറസ്റ്റ് ചെയ്തത്. കൊലക്കുറ്റത്തിന് പുറമെ ജാമ്യവ്യവസ്ഥ ലംഘിച്ചതിനും മറ്റൊരു മോഷണക്കേസിലുമായി ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങളില്‍നിന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ കുട്ടിയെ തിരിച്ചറിഞ്ഞതായാണ് റിപ്പോര്‍ട്ട്.

ഞായറാഴ്ച രാത്രിയാണ് കാബ്രാമറ്റയിലെ വീട്ടില്‍നിന്ന് 16കാരനെ അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന് ശേഷം പ്രതിയെ സഹായിച്ചതിനാണ് ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.

പ്രാഥമിക അന്വേഷണത്തില്‍ യാദൃച്ഛികമായി നടന്ന ഒരു കൂടിക്കാഴ്ചയാണ് സംഭവങ്ങള്‍ക്ക് തുടക്കമിട്ടതെന്ന് പൊലീസ് സൂപ്രണ്ട് ഡാരിന്‍ ബാച്ചിലര്‍ പറഞ്ഞു. ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 36കാരന്‍ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും പരിചയമുള്ള ചില യുവാക്കളോട് സംസാരിക്കാന്‍ നില്‍ക്കുകയായിരുന്നു.സംസാരത്തിനിടെയുണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്നുള്ള ആക്രമണത്തില്‍ യുവാവിന് രണ്ടുതവണ കുത്തേല്‍ക്കുകയായിരുന്നു.

Other News in this category



4malayalees Recommends