വിലാസവും ഫോണ്‍ നമ്പറും സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചു, വീട് അടക്കം മാറേണ്ട അവസ്ഥയിലെന്ന് വ്‌ലോഗര്‍ വീരമണി

വിലാസവും ഫോണ്‍ നമ്പറും സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചു, വീട് അടക്കം മാറേണ്ട അവസ്ഥയിലെന്ന് വ്‌ലോഗര്‍ വീരമണി
ആവശ്യമില്ലാതെ സാമൂഹ്യ മാധ്യമങ്ങളില്‍ സ്വകാര്യ വിവരങ്ങള്‍ പങ്കുവച്ചതിന്റെ പ്രത്യാഘാതം നേരിട്ടറിഞ്ഞ് തമിഴ്‌നാട് സ്വദേശിയായ വ്‌ലോഗര്‍. മധുര സ്വദേശിയായ വീരമണിയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിട്ടുള്ള താരം. സാമ്പത്തിക സഹായം ആവശ്യപ്പെട്ടുള്ള വീഡിയോയ്ക്ക് മികച്ച പ്രതികരണം ലഭിച്ചതിന് പിന്നാലെയാണ് ദീപാവലിക്ക് കുറച്ച് മധുര പലഹാരങ്ങള്‍ വാങ്ങി നല്‍കാമോയെന്ന ആവശ്യവുമായി വീരമണി വീഡിയോ ചെയ്തത്.

വീഡിയോയില്‍ താമസിച്ചിരുന്ന വിലാസവും ഫോണ്‍ നമ്പറും അടക്കമുള്ളവ വീരമണി പങ്കു വയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിച്ചത്. പിന്നാലെ തന്നെ വീട്ടിലേക്ക് വലിയ രീതിയില്‍ സമ്മാനങ്ങളും എത്തിത്തുടങ്ങി.ടിവി, ഫ്രിഡ്ജ്, എസി, അലമാര, മേശ, മിക്‌സി, എന്നുവേണ്ട എന്തൊക്കെ മാര്‍ക്കറ്റിലുണ്ടോ അതെല്ലാം വീരമണിയുടെ വീട്ടിലേക്ക് എത്തിയത് ക്യാഷ് ഓണ്‍ ഡെലിവറി ആയിരുന്നു. ഒരു വിരുതല്‍ വീരമണിയുടെ മേല്‍വിലാസത്തില്‍ ഓര്‍ഡര്‍ ചെയ്തത് പീരങ്കി. ഒരുദിവസം 70 മട്ടന്‍ ബിരിയാണി വരെ ക്യാഷ് ഓണ്‍ ഡെലിവറിയായി വീട്ടിലേക്കെത്തി.ഇതോടെ ഓണ്‍ലൈന്‍ ഡെലവറി ഏജന്റുമായി ബഹളങ്ങളും പതിവായി. ഇതോടെ നന്‍പര്‍കളേയെന്ന പതിവ് ശൈലിയുമായി വീരമണി വീണ്ടും വീഡിയോയുമായി എത്തി.

എന്നാല്‍ പ്രതീക്ഷിക്കാത്ത തലത്തില്‍ വീഡിയോയ്ക്ക് റീച്ച് കിട്ടിയതോടെ താമസ സ്ഥലം അടക്കം മാറേണ്ടി വന്ന നിലയിലാണ് വ്‌ലോഗറുള്ളത്. വെറുമൊരു തമാശ എന്നതിലപ്പുറം വീരമണിക്ക് നേരിട്ട അനുഭവം ചില തിരിച്ചറിവുകള്‍ കൂടി മുന്നോട്ട് വയ്ക്കുന്നുണ്ട്. ആദ്യം ഒരു ചിരിയോടെ വീരമണിയ്ക്ക് സംഭവിച്ചത് സൈബറിടത്ത് ട്രെന്‍ഡായെങ്കിലും, പരിധി വിട്ടുള്ള ഈ തമാശകളെ അങ്ങനെ ചിരിച്ച് കളയാന്‍ കഴിയില്ലെന്ന വാദവും ഉയരുന്നുണ്ട്.സാമൂഹ്യ മാധ്യമങ്ങളില്‍ മേല്‍വിലാസവും ഫോണ്‍ നമ്പറും അടക്കം പങ്കിട്ട് അര്‍ഹതയില്ലാത്തത് ചോദിക്കുന്നവര്‍ക്കൊക്കെ ഇതൊരു പാഠമാകട്ടെ എന്നാണ് ഒരുവിഭാഗം പറയുന്നത്. അതേസമയം തന്റെ അവസ്ഥ റീലാക്കി പങ്കിട്ട് അക്കൗണ്ടും ഹിറ്റായി മില്യണ്‍ വ്യൂസുമായി വീരമണി ട്രെന്‍ഡില്‍ തുടരുകയാണ്.

Other News in this category



4malayalees Recommends