ഓസ്‌ട്രേലിയയില്‍ പാര്‍ക്കില്‍ പ്രതിഷേധ റാലി നടത്താന്‍ 2 കോടി ഡോളറിന്റെ ഇന്‍ഷുറന്‍സ്; കൗണ്‍സില്‍ നിബന്ധനകള്‍ക്കെതിരെ വിമര്‍ശനം

ഓസ്‌ട്രേലിയയില്‍ പാര്‍ക്കില്‍ പ്രതിഷേധ റാലി നടത്താന്‍ 2 കോടി ഡോളറിന്റെ ഇന്‍ഷുറന്‍സ്; കൗണ്‍സില്‍ നിബന്ധനകള്‍ക്കെതിരെ വിമര്‍ശനം
ഓസ്‌ട്രേലിയയില്‍ പൊതുപാര്‍ക്കില്‍ പ്രതിഷേധ റാലി സംഘടിപ്പിക്കാന്‍ 2 കോടി ഓസ്‌ട്രേലിയന്‍ ഡോളറിന്റെ പബ്ലിക് ലയബിലിറ്റി ഇന്‍ഷുറന്‍സ് വേണമെന്ന പ്രാദേശിക കൗണ്‍സിലിന്റെ നിബന്ധന വിവാദത്തില്‍. ഇത്തരം നിയന്ത്രണങ്ങള്‍ പ്രതിഷേധിക്കാനുള്ള പൗരന്മാരുടെ അവകാശത്തെ തടസ്സപ്പെടുത്തുന്നതായി റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കി.

ഓസ്‌ട്രേലിയന്‍ ഡെമോക്രസി നെറ്റ്വര്‍ക്കും ഡീക്കിന്‍ സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ലോ ആസ് പ്രൊട്ടക്ഷനും സംയുക്തമായി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് കൗണ്‍സിലുകളുടെ നടപടികളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചത്. കൗണ്‍സിലിന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളില്‍ റാലികള്‍ സംഘടിപ്പിക്കാന്‍ സംഘാടകരോട് ഇന്‍ഷുറന്‍സ് എടുക്കാന്‍ ആവശ്യപ്പെടുന്ന സംഭവങ്ങളും അനുമതിയില്ലാതെ പൊതുയോഗങ്ങള്‍ നടത്തിയാല്‍ പിഴ ചുമത്താന്‍ ചില കൗണ്‍സിലുകള്‍ക്കുള്ള അധികാരവും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ ജൂലൈയില്‍ മരിയല്ല ഗുസ്സോണി എന്ന 61-കാരി ന്യൂ സൗത്ത് വെയില്‍സിലെ ബാതര്‍സ്റ്റ് റീജിയണല്‍ കൗണ്‍സിലിനെ സമീപിച്ചത് കോസിയുസ്‌കോ ദേശീയോദ്യാനത്തിലെ കാട്ടുകുതിരകളെ കൊന്നൊടുക്കുന്നതിനെതിരെ പ്രാദേശിക പാര്‍ക്കില്‍ പ്രതിഷേധ റാലി നടത്താനായിരുന്നു. ഓഗസ്റ്റില്‍ രാജ്യവ്യാപകമായി നടത്താനിരുന്ന പ്രതിഷേധങ്ങളുടെ ഭാഗമായിരുന്നു പരിപാടി. പ്രസംഗങ്ങളും സംഗീതവും ഉള്‍പ്പെടുന്ന റാലിയില്‍ അഞ്ചുപേര്‍ മുതല്‍ 50 പേര്‍ വരെ പങ്കെടുക്കാമെന്നായിരുന്നു അവര്‍ കൗണ്‍സിലിനെ അറിയിച്ചത്.

എന്നാല്‍, 2 കോടി ഓസ്‌ട്രേലിയന്‍ ഡോളറിന്റെ പബ്ലിക് ലയബിലിറ്റി ഇന്‍ഷുറന്‍സ് എടുത്താല്‍ മാത്രമേ റാലിക്ക് അനുമതി നല്‍കൂവെന്ന് കൗണ്‍സില്‍ കത്തിലൂടെ അറിയിച്ചു. പരിപാടിക്കിടെ ഉണ്ടാകുന്ന നഷ്ടത്തിനോ പരിക്കിനോ കൗണ്‍സില്‍ ഉത്തരവാദിയായിരിക്കില്ലെന്നും വ്യക്തമാക്കി.

ഇന്‍ഷുറന്‍സ് ചെലവും നിയമപരമായ ഉത്തരവാദിത്വവും സംബന്ധിച്ച ആശങ്കകളെത്തുടര്‍ന്ന് ഗുസ്സോണി പാര്‍ക്കിന് സമീപമുള്ള നടപ്പാതയില്‍ പ്രതിഷേധം നടത്താന്‍ തീരുമാനിച്ചു. നടപ്പാത കൗണ്‍സിലിന്റെ ഉടമസ്ഥതയിലുള്ള സ്ഥലമല്ലാത്തതിനാല്‍ അവിടെ റാലി നടത്തുന്നതായി പോലീസിനെ അറിയിക്കുകയും ചെയ്തു. ഏകദേശം 120 പേര്‍ പങ്കെടുത്ത പ്രതിഷേധം പ്രശ്‌നങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയായി.

Other News in this category



4malayalees Recommends