ഓസ്‌ട്രേലിയയില്‍ ഗ്യാസ് കയറ്റുമതിക്ക് നിയന്ത്രണം; വൈദ്യുതി വില കുറയുമെന്നും സര്‍ക്കാര്‍

ഓസ്‌ട്രേലിയയില്‍ ഗ്യാസ് കയറ്റുമതിക്ക് നിയന്ത്രണം; വൈദ്യുതി വില കുറയുമെന്നും സര്‍ക്കാര്‍
ആഭ്യന്തര വ്യവസായങ്ങള്‍ക്ക് ഗ്യാസ് ലഭ്യത ഉറപ്പാക്കുന്നതിനും വൈദ്യുതി വില കുറയ്ക്കുന്നതിനുമായി പുതിയ ഗ്യാസ് റിസര്‍വേഷന്‍ പദ്ധതി നടപ്പാക്കാനൊരുങ്ങി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍. ഭാവിയിലും രാജ്യത്തെ വ്യവസായങ്ങള്‍ ഗ്യാസിനെ ആശ്രയിക്കേണ്ടിവരുമെന്ന് വിഭവശേഷി മന്ത്രി മഡലീന്‍ കിങ് പറഞ്ഞു.

പുതിയ പദ്ധതിപ്രകാരം ഗ്യാസ് കയറ്റുമതി കമ്പനികള്‍ ഉല്‍പ്പാദനത്തിന്റെ 20 ശതമാനം ആഭ്യന്തര ആവശ്യങ്ങള്‍ക്കായി മാറ്റിവെക്കണം. 2028 ജനുവരി മുതല്‍ പദ്ധതി പ്രാബല്യത്തില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഭ്യന്തര വിപണിയില്‍ ആവശ്യത്തിന് ഗ്യാസ് ലഭ്യമാക്കുന്നതിലൂടെ ഊര്‍ജവില കുറയ്ക്കുകയാണ് ലക്ഷ്യം.

പദ്ധതിയുടെ ഭാഗമായി, ഓരോ വര്‍ഷവും പ്രതീക്ഷിക്കുന്ന ആഭ്യന്തര ആവശ്യത്തിന്റെ 110 ശതമാനം ഗ്യാസ് ലഭ്യമാക്കുന്നതിനുള്ള ലക്ഷ്യം പാലിക്കാന്‍ കമ്പനികളെ നിര്‍ബന്ധിക്കാന്‍ ഓസ്‌ട്രേലിയന്‍ എനര്‍ജി റെഗുലേറ്ററിന് അധികാരം ലഭിക്കും. നിലവിലെ ടേണ്‍ബുള്‍ സര്‍ക്കാരിന്റെ കാലത്ത് കൊണ്ടുവന്ന ആഭ്യന്തര ഗ്യാസ് സുരക്ഷാ സംവിധാനത്തിന് പകരമായാണ് പുതിയ പദ്ധതി വരുന്നത്. മന്ത്രിമാരുടെ വ്യക്തിഗത തീരുമാനാധികാരവും ഇതിലൂടെ പരിമിതപ്പെടുത്തും.

എന്നാല്‍, പുതിയ പദ്ധതി പ്രകാരം ഗ്യാസിന്റെ വില എത്രത്തോളം കുറയുമെന്നോ കുടുംബങ്ങള്‍ക്കും ബിസിനസുകള്‍ക്കും സാമ്പത്തിക ആശ്വാസം എപ്പോള്‍ ലഭിക്കുമെന്നോ മന്ത്രി വ്യക്തമാക്കിയിട്ടില്ല. മുന്‍ പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടണ്‍ ഇക്കാര്യത്തില്‍ വിലക്കുറവ് സംബന്ധിച്ച കണക്കുകള്‍ അവതരിപ്പിച്ചിരുന്നതില്‍നിന്ന് വ്യത്യസ്തമായാണ് മന്ത്രിയുടെ പ്രതികരണം.

പദ്ധതി നടപ്പാകുന്നതോടെ ആഭ്യന്തര ഗ്യാസ് ലഭ്യത വര്‍ധിക്കുകയും വൈദ്യുതി വിലയില്‍ കുറവുണ്ടാകുകയും ചെയ്യുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ

Other News in this category



4malayalees Recommends