ഓസ്‌ട്രേലിയയിലെ മോശം റേറ്റിങ്ങുള്ള പത്ത് വിമാനത്താവളങ്ങളില്‍ ഏഴും വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍

ഓസ്‌ട്രേലിയയിലെ മോശം റേറ്റിങ്ങുള്ള പത്ത് വിമാനത്താവളങ്ങളില്‍ ഏഴും വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍
യാത്രക്കാരുടെ മോശം റേറ്റിങ്ങില്‍ ഓസ്‌ട്രേലിയയിലെ വിമാനത്താവളങ്ങളില്‍ വെസ്റ്റേണ്‍ ഓസ്‌ട്രേലിയക്ക് തിരിച്ചടി. രാജ്യത്തെ ഏറ്റവും മോശം റേറ്റിങ് ലഭിച്ച പത്ത് യാത്രാ വിമാനത്താവളങ്ങളില്‍ ഏഴെണ്ണവും ഈ സംസ്ഥാനത്താണെന്ന് ഏകദേശം ഒരു ലക്ഷം ഗൂഗിള്‍ റിവ്യൂകള്‍ വിശകലനം ചെയ്ത റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പില്‍ബറ മേഖലയിലെ ന്യൂമാന്‍ വിമാനത്താവളമാണ് ഓസ്‌ട്രേലിയയിലെ ഏറ്റവും മോശം വിമാനത്താവളമായി തിരഞ്ഞെടുക്കപ്പെട്ടത്. 295 റിവ്യൂകളില്‍ ശരാശരി 3.10 സ്റ്റാറാണ് വിമാനത്താവളത്തിന് ലഭിച്ചത്. പ്രതികരണങ്ങളില്‍ നാലിലൊന്നിലധികം പേര്‍ ഒരു സ്റ്റാര്‍ മാത്രമാണ് നല്‍കിയത്.

സുരക്ഷാ പരിശോധനയിലെ കാലതാമസം, പരിമിതമായ സൗകര്യങ്ങള്‍, ജീവനക്കാരുടെ സേവനത്തിലെ പോരായ്മകള്‍, ബാഗേജ് കൈകാര്യം ചെയ്യുന്നതിലെ വീഴ്ചകള്‍ എന്നിവയാണ് യാത്രക്കാരുടെ പ്രധാന പരാതികള്‍. ന്യൂമാന്‍ വിമാനത്താവളത്തിലെ സുരക്ഷാ പരിശോധന മന്ദഗതിയിലാണെന്നും സേവനം മോശമാണെന്നും ഒരു യാത്രക്കാരന്‍ പ്രതികരിച്ചു. നിശ്ചിത സ്ഥലത്ത് എത്തിക്കേണ്ട വലിയ ബാഗേജുകള്‍ സമയത്ത് ലഭിക്കാത്തതായും മറ്റൊരാള്‍ പരാതിപ്പെട്ടു.

3.23 സ്റ്റാറുമായി പരബര്‍ഡൂ വിമാനത്താവളം രണ്ടാം സ്ഥാനത്തും 3.37 സ്റ്റാറുമായി പോര്‍ട്ട് ഹെഡ്ലന്‍ഡ് അന്താരാഷ്ട്ര വിമാനത്താവളം മൂന്നാം സ്ഥാനത്തുമെത്തി. എക്‌സ്മൗത്ത്, നിംഗലൂ മേഖലകളിലേക്ക് സര്‍വീസ് നടത്തുന്ന ലിയര്‍മോത്ത് വിമാനത്താവളത്തിന് 3.38 സ്റ്റാറാണ് ലഭിച്ചത്.

വെസ്റ്റേണ്‍ ഓസ്‌ട്രേലിയയുടെ പ്രധാന വിമാനയാത്രാ കേന്ദ്രമായ പെര്‍ത്ത് വിമാനത്താവളം 3.59 സ്റ്റാറുമായി പട്ടികയില്‍ എട്ടാം സ്ഥാനത്താണ്. ഓസ്‌ട്രേലിയയിലെ സംസ്ഥാന തലസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളില്‍ ഏറ്റവും കുറഞ്ഞ റേറ്റിങ് ലഭിച്ചതും പെര്‍ത്ത് വിമാനത്താവളത്തിനാണ്. തിരക്കേറിയ ശുചിമുറികള്‍, ആശയക്കുഴപ്പമുണ്ടാക്കുന്ന ഇടനാഴികള്‍, ജീവനക്കാരുടെ കുറവ് എന്നിവയാണ് പ്രധാന പരാതികള്‍.

കല്‍ഗൂര്‍ലി-ബോള്‍ഡര്‍ വിമാനത്താവളവും ബ്രൂം അന്താരാഷ്ട്ര വിമാനത്താവളവും യഥാക്രമം ഒന്‍പത്, പത്ത് സ്ഥാനങ്ങളിലെത്തി. അതേസമയം, ഓസ്‌ട്രേലിയയിലെ ഏറ്റവും മികച്ച റേറ്റിങ് ലഭിച്ച പത്ത് വിമാനത്താവളങ്ങളുടെ പട്ടികയില്‍ വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ നിന്നുള്ള ഒരു വിമാനത്താവളം പോലും ഇടം നേടിയില്ല.

Other News in this category



4malayalees Recommends