കരമന കൂടത്തില്‍ കൊലപാതകം; പ്രതിയെ സഹായിച്ചവരെല്ലാം കുടുങ്ങും;കൂടുതല്‍ പേര്‍ പ്രതിപ്പട്ടികയിലേക്ക്

കരമന കൂടത്തില്‍ കൊലപാതകം; പ്രതിയെ സഹായിച്ചവരെല്ലാം കുടുങ്ങും;കൂടുതല്‍ പേര്‍ പ്രതിപ്പട്ടികയിലേക്ക്
നാടിനെ നടുക്കിയ കരമന കൂടത്തില്‍ കൊലപാതക പരമ്പരയില്‍ പ്രതി രവീന്ദ്രന്‍ നായരെ പല രീതിയില്‍ സഹായിച്ച എല്ലാവരെയും കേസില്‍ പ്രതികളാക്കും. കൊലപാതകം നടന്ന കാലത്ത് കൂടത്തില്‍ വീട്ടില്‍ ജോലിക്കാരിയായിരുന്ന ലീലയും മുന്‍ കാര്യസ്ഥന്‍ സഹദേവനും പ്രതികളാകും. സഹദേവന്റെ മരുമകന്‍ സെന്തിലിനെയും പ്രതിചേര്‍ക്കും.

ആദ്യം വ്യാജമൊഴി നല്‍കിയ ഓട്ടോ ഡ്രൈവര്‍ സുമേഷ്, കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് സംശയിക്കുന്ന സജു, സ്വത്ത് തട്ടിപ്പില്‍ ആധാരം എഴുത്തുകാരന്‍ എന്നിവരെ പ്രതികളാക്കി കേസ് അന്വേഷിക്കാനാണ് പൊലീസിന്റെ നീക്കം.

തെളിവുകള്‍ മറച്ചുവെക്കാന്‍ ശ്രമിച്ച പ്രതി രവീന്ദ്രന്‍ നായരുടെ നീക്കങ്ങളെല്ലാം ശാസ്ത്രീയ പരിശോധനയിലൂടെയാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. തെളിവുകളും സാക്ഷിമൊഴികളും എതിരായിട്ടും രവീന്ദ്രന്‍ നായര്‍ കുറ്റം സമ്മതിച്ചിരുന്നില്ല. ഇതോടെയാണ് അന്വേഷണസംഘം ബ്രെയിന്‍ ഇലക്ട്രിക്കല്‍ ഓസിലേഷന്‍ സിഗ്‌നേച്ചര്‍ പ്രൊഫൈലിംഗ് പരിശോധന നടത്താന്‍ തീരുമാനിച്ചത്. രവീന്ദ്രന്‍ നായരെ കര്‍ണാടകയിലെ മഡിവാളയിലുള്ള ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെത്തിച്ച് പരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു.

ശാസ്ത്രീയ പരിശോധനയില്‍ രവീന്ദ്രന്‍ നായര്‍ പറഞ്ഞതെല്ലാം കള്ളമാണെന്ന് വ്യക്തമാവുകയായിരുന്നു. ഇതോടെ നേരത്തേ നല്‍കിയ മൊഴികളില്‍ പൊരുത്തക്കേടുകളുണ്ടെന്ന് പരിശോധനയില്‍ വ്യക്തമായി. പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വീണ്ടും നടത്തിയ ചോദ്യം ചെയ്യലിലൂടെ കേസില്‍ രവീന്ദ്രന്‍ നായരുടെ പങ്ക് സ്ഥിരീകരിക്കാനായെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.

Other News in this category



4malayalees Recommends