ബ്രിട്ടനില്‍ വൈകല്യ ആനുകൂല്യം ലഭിക്കുന്ന ആറിലൊരാള്‍ക്ക് സഹായം നിര്‍ത്തണമെന്ന് പഠനം; വര്‍ഷം 440 കോടി പൗണ്ട് ലാഭിക്കാമെന്ന് റിപ്പോര്‍ട്ട്

ബ്രിട്ടനില്‍ വൈകല്യ ആനുകൂല്യം ലഭിക്കുന്ന ആറിലൊരാള്‍ക്ക് സഹായം നിര്‍ത്തണമെന്ന് പഠനം; വര്‍ഷം 440 കോടി പൗണ്ട് ലാഭിക്കാമെന്ന് റിപ്പോര്‍ട്ട്
ബ്രിട്ടനില്‍ വൈകല്യമുള്ളവര്‍ക്കായി നല്‍കുന്ന പേഴ്‌സണല്‍ ഇന്‍ഡിപെന്‍ഡന്‍സ് പേയ്‌മെന്റ് ആനുകൂല്യം ലഭിക്കുന്നവരില്‍ ആറിലൊരാള്‍ക്ക് ഇനി പണസഹായം ആവശ്യമില്ലെന്ന് ലേബറുമായി അടുത്ത ബന്ധമുള്ള റിസല്യൂഷന്‍ ഫൗണ്ടേഷന്റെ പഠനം. ആനുകൂല്യത്തിനായുള്ള ചെലവ് നിയന്ത്രിക്കാനാകാത്ത രീതിയില്‍ ഉയരുകയാണെന്നും 2030 ആകുമ്പോഴേക്കും വാര്‍ഷിക ചെലവ് 3,450 കോടി പൗണ്ടിലെത്തുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

ഇംഗ്ലണ്ടിലും വെയില്‍സിലും പിഐപി ആനുകൂല്യം ലഭിക്കുന്നവരുടെ എണ്ണം ജൂലൈയില്‍ റെക്കോര്‍ഡായ 41 ലക്ഷത്തിലെത്തി. ഇതിന്റെ പശ്ചാത്തലത്തില്‍, ഏറ്റവും കൂടുതല്‍ സഹായം ആവശ്യമുള്ളവര്‍ക്ക് മാത്രം ആനുകൂല്യം പരിമിതപ്പെടുത്തിയാല്‍ വലിയ തുക ലാഭിക്കാനാകുമെന്നാണ് പഠനത്തിലെ വിലയിരുത്തല്‍.

ആനുകൂല്യം ലഭിക്കുന്ന 2,611 പേരില്‍ നടത്തിയ സര്‍വേയില്‍ 16 ശതമാനം പേര്‍ക്ക് തങ്ങളുടെ വൈകല്യം മൂലം അധിക ചെലവുകളൊന്നും ഉണ്ടാകുന്നില്ലെന്ന് കണ്ടെത്തി. 16 മുതല്‍ 24 വയസ്സുവരെയുള്ളവരില്‍ 21 ശതമാനം പേര്‍ക്ക് വൈകല്യം മൂലം ദൈനംദിന ജീവിതത്തില്‍ കാര്യമായ പരിമിതികളോ അധിക ചെലവുകളോ ഇല്ലെന്നും സര്‍വേ വ്യക്തമാക്കുന്നു.

ദീര്‍ഘകാല ശാരീരികമോ മാനസികമോ ആയ ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ക്ക് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനും സഞ്ചരിക്കുന്നതിനും നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനാണ് സഹായധനം നല്‍കുന്നത്. ആഴ്ചയില്‍ പരമാവധി 194 പൗണ്ട് വരെ ലഭിക്കാവുന്ന ഈ ആനുകൂല്യത്തിന്റെ അര്‍ഹത നിര്‍ണയിക്കുന്ന രീതി കൂടുതല്‍ കൃത്യമാക്കണമെന്ന് റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.

202930 കാലയളവിലെ കണക്കുകള്‍ അടിസ്ഥാനമാക്കി, അധിക ചെലവുകളില്ലാത്തവരെ തിരിച്ചറിയുകയും ഏകദേശം 6.7 ലക്ഷം പേരുടെ ധനസഹായം ഒഴിവാക്കുകയും ചെയ്താല്‍ വര്‍ഷം 440 കോടി പൗണ്ട് വരെ ലാഭിക്കാനാകുമെന്നാണ് റിസല്യൂഷന്‍ ഫൗണ്ടേഷന്റെ വിലയിരുത്തല്‍. എന്നാല്‍ ഈ നിര്‍ദേശം നടപ്പാക്കിയാല്‍ ആനുകൂല്യം യഥാര്‍ഥത്തില്‍ ആവശ്യമുള്ളവര്‍ക്ക് ലഭിക്കുന്ന സഹായത്തെ ഇല്ലാതാക്കുമെന്ന ആശങ്കയും ഉയരുകയാണ്.

Other News in this category



4malayalees Recommends