ഓസ്ട്രേലിയന്‍ പൗരനെ രണ്ടര വര്‍ഷം അനധികൃതമായി കുടിയേറ്റ തടങ്കലില്‍ പാര്‍പ്പിച്ചു; വീഴ്ച സമ്മതിച്ച് ഓംബുഡ്സ്മാന്‍ റിപ്പോര്‍ട്ട്

ഓസ്ട്രേലിയന്‍ പൗരനെ രണ്ടര വര്‍ഷം അനധികൃതമായി കുടിയേറ്റ തടങ്കലില്‍ പാര്‍പ്പിച്ചു; വീഴ്ച സമ്മതിച്ച് ഓംബുഡ്സ്മാന്‍ റിപ്പോര്‍ട്ട്
ഓസ്ട്രേലിയന്‍ പൗരത്വമുള്ള വ്യക്തിയെ രണ്ടര വര്‍ഷത്തോളം അനധികൃതമായി കുടിയേറ്റ തടങ്കലില്‍ പാര്‍പ്പിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഓസ്ട്രേലിയയില്‍ 30 പേരെ നിയമവിരുദ്ധമായി കുടിയേറ്റ തടങ്കലില്‍ പാര്‍പ്പിച്ചിട്ടുണ്ടെന്ന് കോമണ്‍വെല്‍ത്ത് ഓംബുഡ്സ്മാന്റെ റിപ്പോര്‍ട്ട് വെളിപ്പെടുത്തി. ഇതില്‍ ഓസ്ട്രേലിയന്‍ പൗരനായ ഒരാളും ഉള്‍പ്പെടുന്നു.

പൗരത്വ നിയമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചതിനെത്തുടര്‍ന്ന് 945 ദിവസമാണ് ഇയാളെ ആഭ്യന്തരകാര്യ വകുപ്പ് അനധികൃതമായി തടങ്കലില്‍ പാര്‍പ്പിച്ചത്. 1989-ല്‍ ന്യൂസിലന്‍ഡ് സ്വദേശികളായ മാതാപിതാക്കള്‍ക്ക് ഓസ്ട്രേലിയയില്‍ ജനിച്ച ഈ വ്യക്തിയ്ക്ക് ശൈശവത്തില്‍ കുറച്ചുകാലം രാജ്യം വിട്ടുപോയെങ്കിലും 1992-ല്‍ തിരിച്ചെത്തി. നിയമപ്രകാരം പത്താം ജന്മദിനത്തില്‍ സ്വാഭാവികമായി ഓസ്ട്രേലിയന്‍ പൗരത്വം ലഭിക്കേണ്ടതായിരുന്നു. എന്നാല്‍ രേഖകള്‍ സൂക്ഷിക്കുന്നതിലെ വീഴ്ച കാരണം പൗരത്വം അനുവദിക്കപ്പെട്ടില്ല.

ഓസ്ട്രേലിയയില്‍ വളര്‍ന്ന ഇയാള്‍ ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട് ജയിലിലായി. 2018-ല്‍ ജയിലില്‍ കഴിയുന്നതിനിടെ ആഭ്യന്തരകാര്യ വകുപ്പ് നടത്തിയ പൗരത്വ പരിശോധനയില്‍, ശൈശവത്തില്‍ രാജ്യം വിട്ടുപോയതിനാല്‍ ഓസ്ട്രേലിയന്‍ പൗരനല്ലെന്ന് തെറ്റായി കണ്ടെത്തുകയായിരുന്നു.

ജീവിതത്തിന്റെ ആദ്യ പത്ത് വര്‍ഷങ്ങളില്‍ ഓസ്ട്രേലിയയില്‍ സാധാരണ താമസക്കാരനായി കഴിഞ്ഞിട്ടില്ലെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥര്‍ എത്തിയതെന്ന് റിപ്പോര്‍ട്ട് പറയുന്നു. പിന്നീടാണ് പൗരത്വത്തിന് അര്‍ഹതയുള്ളയാളെയാണ് കുടിയേറ്റ തടങ്കലിലേക്ക് മാറ്റിയതായി വ്യക്തമായത്.

Other News in this category



4malayalees Recommends